ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം; സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റത്തിന് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നേരത്തെ ഇറക്കിയ സര്‍ക്കുലറിനെതിരേ പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശപ്രകാരം മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചതാണ് പുതിയ സര്‍ക്കുലര്‍. നവംബര്‍ 28നു പുറത്തിറക്കിയ സര്‍ക്കുലര്‍ റദ്ദാക്കിയതായി ഡയറക്ടര്‍ കെ എന്‍ സതീഷ് അറിയിച്ചു.
ഈ മാസം 26 മുതല്‍ 29നു വൈകീട്ട് അഞ്ചുമണി വരെ ഓ ണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ എന്‍ഐസി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രോസസ് ചെയ്ത് പ്രിന്‍സിപ്പല്‍മാരുടെ അംഗീകാരത്തോടെ ജനുവരി അഞ്ചിന് പൊതു സ്ഥലംമാറ്റത്തിന്റെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. എട്ടിനു വൈകീട്ട് അഞ്ചുമണി വരെ പരാതി പരിഹരിക്കാന്‍ അവസരമുണ്ടാവും. അധ്യാപകരുടെ പേരും ജനനതിയ്യതിയും സ്വന്തം ജില്ലയും സര്‍വീസ് കാലാവധിയും സീനിയോറിറ്റിയുമടക്കമുള്ള ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കും. തെറ്റുതിരുത്താന്‍ മൂന്നുദിവസത്തെ സമയവും അനുവദിക്കും. ഇതിനെ അടിസ്ഥാനമാക്കിയാവും സ്ഥലംമാറ്റം. അധ്യാപകരുടെ സീനിയോറിറ്റി തര്‍ക്കങ്ങള്‍ പ്രത്യേകമായി പരിഗണിക്കും. പരാതി പരിഹരിച്ചുള്ള അന്തിമപട്ടിക ജനുവരി 11നു പ്രസിദ്ധീകരിക്കും. പുതിയ സ്ഥലംമാറ്റ പട്ടിക തയ്യാറാക്കാനായി ജില്ലകളില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരുടെ തസ്തിക ഓപണ്‍ ഒഴിവുകളായി പരിഗണിച്ച് മുഴുവന്‍ ഒഴിവുകളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തേ സ്ഥലംമാറ്റത്തിന് ജില്ലകളിലേക്കു മാത്രമേ ഓപ്ഷന്‍ നല്‍കാന്‍ അവസരമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ സ്‌കൂളുകളിലേക്ക് നേരിട്ട് ഓപ്ഷന്‍ നല്‍കാം. മാതൃജില്ലയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ നിലവിലെ സ്‌കൂളില്‍നിന്ന് പുറത്തുപോവുന്ന അധ്യാപകര്‍ക്ക് മാതൃജില്ലയിലെ സ്‌കൂളുകളില്‍ക്കൂടി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാവും.
സ്വന്തം ജില്ലക്കാരില്ലെങ്കില്‍ അയല്‍ജില്ലയിലേക്ക് അപേക്ഷ നല്‍കിയവരെയും പരിഗണിക്കും. സഹതാപാര്‍ഹ സ്ഥലംമാറ്റത്തിന് അവസരം നല്‍കും. ഇതിനുള്ള രേഖകള്‍ അധ്യാപകര്‍ ഡയരക്ടറേറ്റില്‍ ഹാജരാക്കണം. കഴിഞ്ഞ സപ്തംബര്‍ 21നു സ്ഥലംമാറ്റപ്പെട്ടവര്‍ക്കും പുതുതായി സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. സ്ഥലംമാറ്റത്തിന്റെ മാനദണ്ഡങ്ങളടക്കമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.അധ്യാപകരുടെ സ്ഥലംമാറ്റ പട്ടികയില്‍ ക്രമക്കേടുകളുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടലുണ്ടായത്.
പട്ടികജാതി- പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍, അംഗവൈകല്യം സംഭവിച്ചവര്‍, മിശ്രവിവാഹിതര്‍/നിയമപരമായി കുട്ടികളെ ദത്തെടുത്തിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, വിമുക്തഭടന്മാര്‍, സൈനികരുടെ ആശ്രിതര്‍, സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യ/മകന്‍/മകള്‍, ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ രക്ഷിതാക്ക ള്‍, മൂകരും ബധിരരുമായ കുട്ടികളുടെ രക്ഷിതാക്കള്‍,വിധവകള്‍/ വിഭാര്യമാര്‍, മൂകരും ബധിരരുമായ ഉദ്യോഗസ്ഥര്‍, പ്രവാസി കേരളീയരുടെ ഭാര്യ/ഭര്‍ത്താവ്, അര്‍ധസൈനിക വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന സൈനികരുടെ ആശ്രിതര്‍, അന്ധരായ ഉദ്യോഗസ്ഥര്‍, സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവുകള്‍ ലഭിച്ചിട്ടുള്ള അധ്യാപകര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ ജീവനക്കാരായ ഭാര്യക്കും ഭര്‍ത്താവിനും കഴിയുന്നിടത്തോളം ഒരേ ജില്ലയില്‍തന്നെ നിയമനം നല്‍കും.
Next Story

RELATED STORIES

Share it