ഹയര്‍ സെക്കന്‍ഡറിയില്‍വീണ്ടും അവധിക്കാലം

നാദാപുരം: പ്രളയത്തെ തുടര്‍ന്ന് ദീര്‍ഘനാള്‍ അവധി നല്‍കിയതിനു പിന്നാലെ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറികളില്‍ ഇന്നുമുതല്‍ വീണ്ടും അവധി നല്‍കേണ്ട അവസ്ഥ. ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനു വേണ്ടിയാണ് ഹയര്‍ സെക്കന്‍ഡറിയിലെ മുഴുവന്‍ അധ്യാപകരെയും നിയമിച്ചിട്ടുള്ളത്. ഇതുമൂലം ഇന്നുമുതല്‍ ഒരാഴ്ചക്കാലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അടച്ചിടേണ്ടിവരും. സംസ്ഥാനത്ത് നിപാ പനി ബാധിച്ചതിനാല്‍ നിരവധി ദിവസം മലബാറിലെ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. ഇതേത്തുടര്‍ന്ന് ജൂലൈയില്‍ നടക്കേണ്ട ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്തിലേക്കു മാറ്റി. എന്നാല്‍, പിന്നീട് കനത്ത മഴ കാരണം ചില ജില്ലകളില്‍ അവധി നല്‍കിയതിനാല്‍ വീണ്ടും പരീക്ഷ മാറ്റി. ആഗസ്ത് 9നു നടക്കേണ്ട പരീക്ഷ പ്രളയത്തെ തുടര്‍ന്ന് ഇതുവരെ നടത്താന്‍ പറ്റിയിട്ടില്ല. ഈ പരീക്ഷയുടെ ഒഴികെയുള്ള ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്താനാണ് മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെയും ചുമതലപ്പെടുത്തിയത്. ദിവസങ്ങളോളം അവധിയായി പ്രവൃത്തിദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുഴുവന്‍ അധ്യാപകരെയും ഒന്നിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ സ്‌കൂളുകള്‍ക്ക് പ്രയാസമുണ്ട്.മുന്‍ വര്‍ഷങ്ങളിലെപ്പോലെ രണ്ടു ഘട്ടമാക്കി നടത്തിയാല്‍ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി നടക്കുമെന്നാണ് അധ്യാപകര്‍ പറയുന്നത്. അതേസമയം, വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത രീതിയിലാണ് മൂല്യനിര്‍ണയത്തിന് അധ്യാപകരെ നിശ്ചയിച്ചെതന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

Next Story

RELATED STORIES

Share it