Kollam Local

ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപ് ഇന്നു മുതല്‍

കൊല്ലം: ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപുകള്‍ ഇന്ന് ആരംഭിക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാംപ് വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. അഞ്ച് കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി മൂല്യനിര്‍ണയം നടക്കുന്നത്. ഇംഗ്ലീഷ് തേവള്ളി മോഡല്‍ ബോയ്‌സ് എച്ച്എസ്എസ്സിലും സോഷ്യല്‍ സയന്‍സ് വള്ളിക്കീഴ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഹിന്ദി തട്ടാമല ഗവ.എച്ച്എസ്എസ്സിലും ജീവശാസ്ത്രം കരുനാഗപ്പള്ളി ഗേള്‍സ് എച്ച്എസ്സിലും ഗണിതം കരുനാഗപ്പള്ളി ഗവ.മോഡല്‍ എച്ച്എസ്എസ്സിലുമാണ് മൂല്യനിര്‍ണയം നടത്തുന്നത്. ആകെ 1030അസിസ്റ്റന്റുമാരും 103 ചീഫുമാരുമാണ് മൂല്യനിര്‍ണയ ക്യാംപിലുള്ളത്.
ഉത്തരക്കടലാസ് കെട്ടുകള്‍ തരംതിരിക്കല്‍ മുതല്‍ ഡേറ്റ എന്‍ട്രി വരെ എല്ലാ ജോലികളും അധ്യാപകര്‍ നേരിട്ടാണു ചെയ്യുന്നത്. പലവട്ടം പരിശീലനവും കഴിഞ്ഞു. ഉത്തരങ്ങളുടെ കീ എല്ലാ അധ്യാപകര്‍ക്കും നല്‍കി. ക്യാംപ് ഓഫിസര്‍മാരുമായും സംശയങ്ങള്‍ ചര്‍ച്ചചെയ്യാം. വിവിധ ക്യാംപുകളുടെ നേരിട്ടുള്ള മേല്‍നോട്ടം ഡിഇഒമാര്‍ക്കു വിഭജിച്ചു നല്‍കിയിട്ടുണ്ട്. അധ്യാപകരില്‍ ആരെങ്കിലും എത്തിയില്ലെങ്കില്‍ മൂല്യനിര്‍ണയം മുടങ്ങരുതെന്ന ഉദ്ദേശ്യത്തോടെയാണു കൂടുതല്‍ റിസര്‍വ് അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. മൂല്യനിര്‍ണയ ക്യാംപുകള്‍ 16ന് അവസാനിക്കും. ഇടയ്ക്കു ഞായറാഴ്ചയും വിഷുവിനും അവധി ആയിരിക്കും.
ഇന്ന് ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തിനും അഞ്ച് ക്യാംപുകളാണ് ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. അഞ്ചല്‍ വെസ്റ്റ് എച്ച്എസ്എസ്, കൊല്ലം ക്രിസ്തുരാജ് എച്ച്എസ്എസ്, ചവറ ഗവ.എച്ച്എസ്എസ്, കുണ്ടറ കാഞ്ഞിരകോട് സെന്റ് ആന്റണീസ് എച്ച്എസ്എസ്, കരിക്കോട് ടികെഎം എച്ച്എസ്എസ് എന്നിവയാണ് ഇത്തവണ ജില്ലയില്‍ അനുവദിച്ചിരിക്കുന്ന മൂല്യനിര്‍ണയ ക്യാംപുകള്‍. ടികെഎമ്മില്‍ ഫിസിക്‌സ്, കെമസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുടെ മൂല്യനിര്‍ണയമായിരിക്കും നടക്കും. കാഞ്ഞിരകോട് സെന്റ് ആന്റണീസില്‍ പൊളിറ്റിക്‌സ്, സുവോളജി, മലയാളം, ബോട്ടണി, ഹിസ്റ്ററി, ഇംഗ്ലീഷ്, ഹിന്ദി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളും ചവറ ഗവ.എച്ച്എസ്എസ്സില്‍ കംപ്യൂട്ടര്‍ സയന്‍സും ഹിന്ദിയും ക്രിസ്തുരാജ് എച്ച്എസ്എസ്സില്‍ സോഷ്യോളജി, എക്കണോമിക്‌സ്, ഇംഗ്ലീഷ്, അക്കൗണ്ടന്‍സി, അറബിക്, ജ്യോഗ്രഫി, ബിസിനസ് സ്റ്റഡീസ്, കൊമേഴ്‌സ് വിഭാഗത്തിലെ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സംസ്‌കൃതം എന്നീ വിഷയങ്ങളും അഞ്ചല്‍ വെസ്റ്റ് എച്ച്എസ്എസ്സില്‍ പൊളിറ്റിക്‌സ്, എക്കണോമിക്‌സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളുടെ ഉത്തരകടലാസുകളുമാണ് മൂല്യനിര്‍ണയം ചെയ്യുന്നത്.
പരീക്ഷയുടെ ഉത്തരങ്ങള്‍ ഇന്നലെ തന്നെ ഹയര്‍സെക്കന്‍ഡറിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇത് പരിശോധിച്ച് വിലയിരുത്താനാകും. കുട്ടികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഹയര്‍സെക്കന്‍ഡറി ഇത്തവണ ആദ്യമായി പരീക്ഷിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it