ഹമാസ്-ഫത്ഹ നേതാക്കള്‍ ഖത്തറില്‍ ചര്‍ച്ച നടത്തും

ദോഹ: ഫലസ്തീനിലെ ഫത്ഹ വിഭാഗത്തിന്റെയും ഹമാസ് വിഭാഗത്തിന്റെയും പ്രതിനിധികള്‍ അടുത്തയാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ച നടത്തും. 2014ലെ ഒത്തുതീര്‍പ്പ് കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. ഫത്ഹ നേതാക്കളും ഹമാസ് നേതാക്കളും തമ്മില്‍ ഖത്തറിലും തുര്‍ക്കിയിലും വച്ച് അടുത്തിടെ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായി ഫത്ഹ പ്രതിനിധി ജമാല്‍ മുഹസ്സന്‍ അനദൊലു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അടുത്ത ശനിയാഴ്ചയായിരിക്കും ഔദ്യോഗിക ചര്‍ച്ച.
ചര്‍ച്ചയില്‍ ഫത്ഹയെ പ്രതിനിധീകരിച്ച് അസം അല്‍ അഹ്മദ്, സക്കീര്‍ ബിസിസു എന്നിവരും ഹമാസിനെ പ്രതിനിധീകരിച്ച് മൗസ അബു മര്‍സൂക്കും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. പിന്നാലെ ഫത്ഹ നേതാവും ഫലസ്തീന്‍ പ്രസിഡന്റുമായ മഹ്മൂദ് അബ്ബാസും ഹമാസ് രാഷ്ട്രീയനേതാവ് ഖലീദ് മെഷാലും തമ്മിലും ചര്‍ച്ച നടക്കുമെന്ന് മുഹസ്സന്‍ അറിയിച്ചു.
രണ്ടാമത്തെ ചര്‍ച്ചയുടെ തിയ്യതി പുറത്തുവിട്ടിട്ടില്ല. ചര്‍ച്ചകള്‍ ഫലസ്തീന്‍ ഐക്യസര്‍ക്കാരിന്റെ രൂപീകരണത്തിലേക്ക് നയിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2014 ഏപ്രില്‍ മാസത്തില്‍ ഫത്ഹ-ഹമാസ് പ്രതിനിധികള്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവച്ചിരുന്നു.
Next Story

RELATED STORIES

Share it