ഹമാസിന്റെ പുതിയ നയരേഖ

ഹമാസിന്റെ പുതിയ നയരേഖ
X


ഫലസ്തീന്‍ വിമോചനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക ചെറുത്തുനില്‍പ് പ്രസ്ഥാനം (ഹമാസ്) മെയ് 1ന് പ്രഖ്യാപിച്ച പുതിയ നയരേഖ രാഷ്ട്രീയലോകത്ത് സജീവ ചര്‍ച്ചയാണിപ്പോള്‍. ഖത്തറില്‍ വച്ച് പ്രഖ്യാപിച്ച 'തത്ത്വങ്ങളും പൊതുനയങ്ങളും' ഏഴു പേജില്‍ 42 ഖണ്ഡികകളില്‍ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുന്നു. പ്രസ്ഥാനത്തിന്റെനിര്‍വചനം, ഫലസ്തീന്‍ ഭൂമി, ഫലസ്തീന്‍ ജനത, ഇസ്‌ലാമും ഫലസ്തീനും, ഖുദ്‌സ്, അഭയാര്‍ഥികളും തിരിച്ചുവരവും, സയണിസ്റ്റ് പദ്ധതി, അധിനിവേശത്തോടുള്ള നിലപാടും രാഷ്ട്രീയ ഒത്തുതീര്‍പ്പുകളും, ചെറുത്തുനില്‍പ്പും വിമോചനവും, ഫലസ്തീന്‍ രാഷ്ട്രീയസംവിധാനം, അറബ് മുസ്‌ലിം സമൂഹം, മാനുഷികവും അന്താരാഷ്ട്രീയവും എന്നിങ്ങനെ 12 ശീര്‍ഷകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നയരേഖ 1988 ആഗസ്തില്‍ അവതരിപ്പിച്ച ഹമാസ് കരടുരേഖയ്ക്ക് അനുബന്ധമായാണ് പരിഗണിക്കേണ്ടതെന്നു വ്യക്തമാക്കുന്നു.   ഫലസ്തീന്‍ പ്രശ്‌നം സംബന്ധമായ അടിസ്ഥാന തത്ത്വങ്ങളിലോ അധിനിവേശ വിരുദ്ധ ചെറുത്തുനില്‍പുമായി ബന്ധപ്പെട്ട സമീപനങ്ങളിലോ കരടുരേഖയില്‍ നിന്നു വ്യതിചലനമൊന്നും പുതിയ രേഖയില്‍ ഇല്ല. അതേസമയം,  ഫലസ്തീനിലെയും അറബ് ലോകത്തെയും പുറത്തെയും വര്‍ത്തമാന രാഷ്ട്രീയമാറ്റങ്ങളുടെ യാഥാര്‍ഥ്യബോധത്തില്‍ നിന്നുകൊണ്ട് ചില മാറ്റങ്ങള്‍ പുതിയ രേഖയില്‍ കാണാം. 1967 ജൂണ്‍ 4ന് (അറബ്-ഇസ്രായേല്‍ യുദ്ധത്തിന്) മുമ്പുള്ള അതിര്‍ത്തികളില്‍ സ്വതന്ത്ര ഫലസ്തീന്‍ രാജ്യം എന്ന ആശയത്തെ പിന്തുണയ്ക്കുന്ന നയവും, മുസ്‌ലിം ബ്രദര്‍ഹുഡുമായി പ്രസ്ഥാനത്തിനുള്ള ബന്ധം സംബന്ധിച്ച കരടുരേഖയിലെ പരാമര്‍ശം പരിഷ്‌കരിച്ചതുമാണ് മുഖ്യമായും വിമര്‍ശിക്കപ്പെടുന്നത്. നയരേഖയെ വിലയിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ടുസംഗതികള്‍ ഹമാസ് നേതൃത്വം മുന്നോട്ടുവയ്ക്കുന്നു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ള, രാഷ്ട്രീയബോധത്തിലും ആശയങ്ങളിലുംചെറുത്തുനില്‍പ് രീതികളിലും പുരോഗമന നിലപാടുള്ള ഒരു സജീവ പ്രസ്ഥാനമാണ് ഹമാസെന്നും എന്നാല്‍, പുരോഗമന സമീപനത്തിലും യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതിലും പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്ന മാതൃക അടിസ്ഥാന ലക്ഷ്യത്തിലും തത്ത്വങ്ങളിലും കാഴ്ചപ്പാടിലും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളിലും ഒരു വിട്ടുവീഴ്ചയും വരുത്താതെയാണ് രൂപപ്പെടുന്നതെന്നുമാണ്.1967 ജൂണ്‍ 4ന് മുമ്പുള്ള അതിര്‍ത്തികളില്‍ ഫലസ്തീന്‍ രാജ്യം രൂപീകരിക്കുക എന്ന ആശയത്തെ പിന്തുണയ്ക്കുന്ന പുതിയ സമീപനം ഇസ്രായേലിനെ ഹമാസ് അംഗീകരിക്കുന്ന സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. പ്രസ്ഥാനം നാളിതുവരെ സ്വീകരിച്ചുപോന്ന 1948ന് (ഇസ്രായേല്‍ രൂപീകരണത്തിന്) മുമ്പുള്ള ചരിത്രപരമായ ഫലസ്തീന്‍ ഭൂമിയുടെ മുഴുവന്‍ അവകാശം എന്ന തത്ത്വത്തില്‍ നിന്നുള്ള വ്യതിചലനമാണെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍, ഈ നയം പരാമര്‍ശിക്കുന്ന മുഴുവന്‍ ഖണ്ഡികകളും വായിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ അസ്ഥാനത്താണെന്ന് ബോധ്യപ്പെടുന്നു. നയരേഖയുടെ രണ്ടാം ഖണ്ഡിക ഫലസ്തീന്‍ പ്രദേശത്തെ നിര്‍വചിക്കുന്നുണ്ട്: ''കിഴക്ക് ജോര്‍ദാന്‍ നദി മുതല്‍ പടിഞ്ഞാറ് മധ്യധരണ്യാഴി വരെയും, വടക്ക് റാസ്‌നഖൂറ മുതല്‍ തെക്ക് ഉമ്മുല്‍ റിഷിറാഷ വരെയുമുള്ള ഒറ്റ പ്രദേശമാണ് ഫലസ്തീന്‍. (ഇസ്രായേല്‍ നിലവില്‍ വരും മുമ്പുള്ള ഫലസ്തീന്‍). ഈ പ്രദേശം ഫലസ്തീന്‍ ജനതയുടെ ഭൂമിയും ദേശവുമാണ്. ഈ ഭൂമിയില്‍ നിന്നു പുറത്താക്കപ്പെട്ടതോ അവിടെ ഒരു സയണിസ്റ്റ് സംവിധാനം സ്ഥാപിക്കപ്പെട്ടതോ ഫലസ്തീന്‍ ജനതയുടെ ഭൂമിയില്‍ അവര്‍ക്കുള്ള പൂര്‍ണ അവകാശത്തിന് അല്‍പം പോലും മാറ്റം വരുത്തില്ല. ബലാല്‍സ്ഥാപിക്കപ്പെട്ട സയണിസ്റ്റ് സംവിധാനത്തിന് ആ ഭൂമിയില്‍ ഒരിടത്തും അവകാശവും നിലനില്‍ക്കില്ല.''സയണിസ്റ്റ് സംവിധാനത്തെ സംബന്ധിച്ച നിലപാട് ഖണ്ഡിക 19 വ്യക്തമാക്കുന്നു: ''ഫലസ്തീന്‍ ഭൂമിയില്‍ സയണിസ്റ്റ് സംവിധാനത്തിന്റെ നിലനില്‍പ് ഒരിക്കലും അംഗീകരിക്കില്ല. ഫലസ്തീന്‍ ഭൂമിയില്‍ സയണിസം നടത്തുന്ന അധിനിവേശം, കുടിയേറ്റം, ജൂതവല്‍ക്കരണം, അടയാളങ്ങള്‍ നശിപ്പിക്കല്‍, യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കല്‍ തുടങ്ങിയ എല്ലാ സംഗതികളും നിയമവിരുദ്ധവും അസ്വീകാര്യവുമാണ്. ഇത്തരം കടന്നുകയറ്റങ്ങള്‍ ഫലസ്തീനികളുടെ ഒരവകാശവും ഇല്ലാതാക്കുകയില്ല.''തുടര്‍ന്ന് ഫലസ്തീന്‍ രാജ്യം സംബന്ധമായ പുതിയ നയം 20ാം ഖണ്ഡികയില്‍ പറയുന്നു: ''ഒരു കാരണവശാലും, ഏതു സാഹചര്യത്തിലും, എന്ത് സമ്മര്‍ദങ്ങളുണ്ടായാലും, അധിനിവേശം എത്രകാലം നീണ്ടുപോയാലും ഫലസ്തീന്‍ ഭൂമിയുടെ ഒരംശത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. ഫലസ്തീന്‍ ഭൂമിയുടെ പുഴ മുതല്‍ കടല്‍ വരെയുള്ള പ്രദേശത്തിന്റെ പൂര്‍ണ സ്വാതന്ത്ര്യത്തിനു പകരമായി ഒരു ബദലും ഹമാസിന്‌സ്വീകാര്യമല്ല.'' അതോടൊപ്പം, ഒരിക്കലും സയണിസ്റ്റ് ഘടകത്തെ അംഗീകരിക്കലാണെന്നുവ്യാഖ്യാനിക്കരുതെന്ന കരുതലോടെ, ഫലസ്തീനികളുടെ അവകാശത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് വ്യക്തമാക്കുന്നു: ''1967 ജൂണ്‍ 4ലെ അതിര്‍ത്തികളില്‍ പൂര്‍ണ അധികാരങ്ങളുള്ള സ്വതന്ത്ര ഫലസ്തീന്‍ രാജ്യം ഖുദ്‌സ് തലസ്ഥാനമായി സ്ഥാപിക്കപ്പെടുകയും പുറത്താക്കപ്പെട്ടവരും അഭയാര്‍ഥികളുമായ ഫലസ്തീനികള്‍ സ്വഭവനത്തിലേക്കു തിരിച്ചുവരുകയും ചെയ്യല്‍ ഫലസ്തീന്‍ ജനതയുടെ സംയുക്ത ദേശീയ താല്‍പര്യത്തോടെ ഉന്നയിക്കപ്പെടുന്ന ഒരാവശ്യമായി ഹമാസ് പരിഗണിക്കുന്നു.''വളരെ കരുതലോടെ രൂപപ്പെടുത്തിയ നയമാണിത്. ഇസ്രായേല്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതു പോവട്ടെ ഇസ്രായേല്‍ എന്ന പേരുപോലും രേഖയില്‍ പരാമര്‍ശിക്കുന്നില്ല. അതേസമയം, അറബ് സമൂഹത്തിന്റെ പതിവു ശകാരശൈലിയില്‍ ജൂതസമൂഹത്തെയും പരാമര്‍ശിക്കുന്നില്ല. ഇസ്രായേല്‍ സംബന്ധമായ ഹമാസ് നിലപാടില്‍ പുതിയ രേഖയില്‍ മാറ്റമൊന്നുമില്ലാത്തതില്‍ കുപിതനായ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശകാരവര്‍ഷത്തോടെ ഹമാസ് നയരേഖ പിച്ചിച്ചീന്തി ചവറ്റുകുട്ടയില്‍ ഇടുന്ന വീഡിയോ ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് പുറത്തുവിട്ടിരുന്നു. ഫത്ഹ് പോലുള്ള പ്രസ്ഥാനങ്ങള്‍ കൊണ്ടുനടക്കുന്ന അമേരിക്കന്‍ നിര്‍മിതദ്വിരാഷ്ട്ര ഫോര്‍മുലയ്ക്കുള്ള അംഗീകാരമാണ് ഹമാസിന്റെ ഈ നയമെന്നു കരുതിക്കൂട. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ യാഥാര്‍ഥ്യലോകത്ത് പ്രായോഗികമായ ഒരു അധികാരപ്രദേശം സാധ്യമാവേണ്ടതുണ്ട്. അറബ് ലോകത്തെ പലനിലയ്ക്കും തകര്‍ക്കാന്‍ പാകത്തില്‍ വളര്‍ന്ന്, അധിനിവിഷ്ട ഫലസ്തീനില്‍ ജൂതരാഷ്ട്രം പ്രഖ്യാപിക്കാന്‍ ഒരുമ്പെടുന്ന ഇസ്രായേലിനെ തുടച്ചുനീക്കിയിട്ടു വേണം ഫലസ്തീനികളുടെ അധികാരപ്രദേശംസ്ഥാപിക്കുകയെന്നു ശഠിക്കുന്നതില്‍ വര്‍ത്തമാന അറബ് ലോകത്ത് പ്രസക്തിയില്ല. മാത്രവുമല്ല, 1967 ജൂണ്‍ 4ലെ അതിര്‍ത്തികളില്‍ പൂര്‍ണ സ്വതന്ത്രമായ ഒരു ഫലസ്തീന്‍ രാജ്യമുണ്ടാവുകയും അതില്‍ ഹമാസ് നിര്‍ണായക അധികാരശക്തിയാവുകയും വേണമെന്നത് ശെയ്ഖ് അഹ്മദ് യാസീന്‍ അടക്കമുള്ള ഹമാസ് നേതൃത്വം മുമ്പേ മുന്നോട്ടുവച്ച കാഴ്ചപ്പാടാണ്. ഫലസ്തീന്‍ ജനതയെ സംബന്ധിച്ചിടത്തോളം നിലനില്‍പിന് അനിവാര്യമായ ഒരു നയമാണ് യഥാര്‍ഥത്തില്‍ ഹമാസ് ഇതിലൂടെ മുന്നോട്ടുവച്ചത്.പ്രസ്ഥാനത്തെ നിര്‍വചിക്കുന്നതില്‍ വരുത്തിയമാറ്റമാണ് വിമര്‍ശിക്കപ്പെടുന്ന മറ്റൊരു ഖണ്ഡിക. ഹമാസ് ഫലസ്തീന്‍ ദേശീയ ഇസ്‌ലാമികചെറുത്തുനില്‍പ് വിമോചനപ്രസ്ഥാനമാണ്' എന്ന് പുതിയ നയരേഖ അടിവരയിടുന്നു. 'ഇസ്‌ലാമികം'’ഒഴിവാക്കാത്തതാണ് അറബ് ലോകത്തെ ലിബറല്‍ ഇടതു ബുജികളുടെ വിഷമത്തിനു കാരണം. എന്നാല്‍, കരടു രേഖയില്‍ പറഞ്ഞിരുന്ന 'ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ ഘടകം' എന്നത് എടുത്തുകളഞ്ഞിട്ടുണ്ട്. ഇഖ്‌വാനുമായുള്ള ബന്ധം വിച്ഛേദിക്കുന്ന പദപ്രയോഗങ്ങള്‍ ഇല്ലെങ്കിലും ഹമാസിന് ഫലസ്തീന് പുറത്ത് ഒരു പ്രസ്ഥാനവുമായും ബന്ധമില്ലെന്ന് പുതിയ നയരേഖ പറയുന്നു. നയപ്രഖ്യാപന വേളയില്‍ ഇതുസംബന്ധമായി ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്, ഹമാസ് രൂപീകരണത്തിനും നേതൃത്വങ്ങള്‍ രൂപപ്പെടുത്തുന്നതിലും ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ ആശയങ്ങള്‍ പ്രചോദനമായതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നായിരുന്നു നേതൃത്വം വിശദീകരിച്ചത്.വിപ്ലവാനന്തര അറബ് ലോകത്ത് ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ നേരിട്ട പ്രതിസന്ധിയെ തുടര്‍ന്ന് മൊറോക്കോ, തുണീസ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രസ്ഥാനങ്ങള്‍ ഇഖ്‌വാനുല്‍ മുസ്‌ലിമീനുമായി ബന്ധം നിഷേധിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ തുടര്‍ച്ചയായി ഹമാസ് നയത്തെ വിലയിരുത്തിയേക്കാം. എന്നാല്‍, വിവിധ അറബ് രാജ്യങ്ങളിലെ ഇഖ്‌വാന്‍ ഘടകങ്ങളെപ്പോലെ സ്വതന്ത്ര രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രചാരണ/രാഷ്ട്രീയ പ്രസ്ഥാനമല്ല, സയണിസ്റ്റ് അധിനിവേശത്തെ പ്രതിരോധിക്കുന്ന ജനകീയ ചെറുത്തുനില്‍പ് പ്രസ്ഥാനമാണ് ഹമാസ്. അധിനിവേശത്തിന്റെ കൊലയാളിസംഘങ്ങള്‍ക്കും ചാരന്മാര്‍ക്കും പിടികൊടുക്കാതെ, ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് മാറിനിന്നുകൊണ്ടാണ് നേതൃത്വം ചെറുത്തുനില്‍പ് നയിക്കുന്നത്. സിറിയന്‍ പ്രതിസന്ധിക്കു ശേഷം ഏതെങ്കിലും രാജ്യത്ത് ദീര്‍ഘകാലം വസിക്കാന്‍പോലും സാധിക്കാതെ ഹമാസ് നേതൃത്വം താവളം മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ചെറുത്തുനില്‍പ് മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കുന്ന അനുരഞ്ജനങ്ങള്‍ അനിവാര്യമാണ്.
Next Story

RELATED STORIES

Share it