Gulf

ഹമദിലെ കണ്ടിന്യൂയിങ് കെയര്‍ ഗ്രൂപ്പിന് അന്താരാഷ്ട്ര അംഗീകാരം

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കണ്ടിന്യൂയിംഗ് കെയര്‍ ഗ്രൂപ്പിന് (സിസിജി) ജോയിന്‍ കമ്മീഷന്‍ ഇന്റര്‍നാഷനലിന്റെ ഗ്ലോബല്‍ അക്രഡിറ്റേഷന്‍. ദീര്‍ഘകാല പരിചരണത്തിനാണ് സൂക്ഷ്മമായ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലുള്ള അംഗീകാരം ലഭിച്ചതെന്ന് ഹമദ് വൃത്തങ്ങള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഹമദില്‍ പ്രവര്‍ത്തിക്കുന്ന സിസി ഗ്രൂപ്പിന്റെ മികച്ച പ്രവര്‍ത്തനത്തിനും രാജ്യത്തു ലഭ്യമാക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സേവനത്തിനുമുള്ള അംഗീകാരമാണ് ഈ അക്രഡിറ്റേഷന്‍. അക്രഡിറ്റേഷന്‍ ലഭിച്ച സേവനങ്ങളില്‍ ഇനായ സ്‌പെഷ്യലൈസ്ഡ് കെയര്‍ സെന്റര്‍, ഇനായ കണ്ടിന്യൂയിങ് കെയര്‍ സെന്റര്‍ (മുആതിര്‍ 1, 2), റുമൈല ഹോസ്പിറ്റല്‍ ദി റീഹാബിലിറ്റേഷന്‍ സര്‍വീസ് ആന്‍ഡ് സൈക്യാട്രി വിഭാഗം, ഹമദ് ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് എന്നിവ ഉള്‍പ്പെടുന്നു. ഹമദ് നല്‍കുന്ന പ്രത്യേക പരിചരണ, ചികില്‍സാ സേവനങ്ങള്‍ സംബന്ധിച്ച് നാഴികക്കല്ലാകുന്ന അംഗീകാരമാണിതെന്ന് സിസി ഗ്രൂപ്പ് ചീഫ് മുഹമ്മദ് അല്‍ റൈസി പറഞ്ഞു.
വിവിധ വിഭാഗങ്ങള്‍ ഒരു മാസമായി നടത്തി വന്ന കഠിനാധ്വാനത്തിലൂടെയാണ് അക്രഡിറ്റേഷന്‍ നടപിടകള്‍ പൂര്‍ത്തിയാക്കാനായത്. സംഘാംഗങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. അക്രഡിറ്റേഷന്‍ നടപടികളുടെ ഭാഗമായുള്ള അന്തിമ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം അധികൃതര്‍ക്ക് ലഭിച്ചു. ജെസിഐ പ്രതിനിധികള്‍ ഇവിടെ സന്ദര്‍ശിച്ച ശേഷം നടത്തിയ സര്‍വേ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ എല്ലാ ആശുപത്രികളും നേരത്തെ ജെസിഐ അക്രഡിറ്റേഷന്‍ നേടിയിട്ടുണ്ട്. ഓരോ മൂന്നു വര്‍ഷത്തിലും അംഗീകാരം പുതുക്കേണ്ടതുണ്ട്.
ലോകത്ത് 90 രാജ്യങ്ങളിലായി 800 ജെസിഐ അക്രഡിറ്റഡ് ആരോഗ്യ സേവന സ്ഥാപനങ്ങളാണുള്ളത്.
Next Story

RELATED STORIES

Share it