Gulf

ഹഫ്‌സ വധം: ജാവേദ് കോടതിയില്‍ കുറ്റം സമ്മതിച്ചു

നാസര്‍ പെരുമ്പാവൂര്‍
ജുബൈല്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന അഹമ്മദാബാദ് സ്വദേശി മുഹമ്മദ് ജാവേദ് കോടതിയില്‍ കുറ്റം സമ്മതിച്ചു. ഭാര്യ ഹഫ്‌സയുമായി നിരന്തരം വഴക്കിടാറുണ്ടെന്നും സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് മകളെ അടിച്ചതുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ജാവേദ് പറയുന്നു.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ കൃത്യം നടത്തിയത്. കഴുത്തില്‍ ലാപ്‌ടോപ്പിന്റെ ചാര്‍ജര്‍ വയര്‍ മുറുക്കി മരണം ഉറപ്പാക്കിയതിനു ശേഷം കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് പോയി. ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഫാനില്‍ സ്വയം കെട്ടിത്തൂങ്ങിയതിന്റെ ലക്ഷണങ്ങള്‍ ഒരുക്കി സുഹൃത്തുക്കളെയും ആംബുലന്‍സിനും വിവരമറിയിച്ചു.

ആംബുലന്‍സ് ഡ്രൈവറില്‍ നിന്നും മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സലീം ആലപ്പുഴയുടെ നമ്പര്‍ വാങ്ങി ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതോടെ തന്റെ പദ്ധതി വിജയിച്ചെന്ന് കരുതിയ ജാവേദ് പോലിസിന്റെ ചോദ്യം ചെയ്യലില്‍ ഭാര്യ മാനസിക രോഗിയാണെന്നും ആത്മഹത്യ ചെയ്തതാണെന്നുമുള്ള നിലപാടില്‍ ഉറച്ചു നിന്നു.

എന്നാല്‍ ഉന്നത ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ മാജിദിന് തോന്നിയ ചില സംശയങ്ങളാണ് പ്രതിയെ കുരുക്കിയത്. ക്യാപ്റ്റന്റെ നിരന്തര ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയ ജാവേദ് ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഗുറാത്തിലെ ഉന്നത കുടുംബാംഗമായ ഹഫ്‌സ ഹോമിയോ ഡോക്ടറാണ്.
Next Story

RELATED STORIES

Share it