Literature

ഹഫ്‌സ ഇപ്പോള്‍ ആത്മകഥ എഴുതുകയാണ്

ഉബൈദ് തൃക്കളയൂര്‍

പരമകാരുണികനും കരുണാനിധിയുമായ പടച്ചവന്‍ കനിഞ്ഞരുളിയ കല്‍പ്പനയനുസരിച്ച്, ഇനിയും മരിച്ചിട്ടില്ലാത്ത എല്ലാ പടപ്പുകളും വായിച്ചറിയുവാന്‍ ആത്മകഥ എഴുതിത്തുടങ്ങുകയാണ് ഒരു പടപ്പ്. പദ്യകാരനും കഥാകൃത്തുമായ ഒരു മര്‍ത്ത്യന്‍; അലാവുദ്ദീന്‍ എന്നു പേരിട്ട, പെറ്റുമ്മയാല്‍ 'അല്ലൂട്ടി' എന്നു നീട്ടിവിളിക്കപ്പെട്ട ഒരാണ്‍കുട്ടി.
അവധാരണം എന്ന പ്രാരംഭമാണിത്. അവധാരണം എന്നാല്‍ 'ഫേം അണ്ടര്‍സ്റ്റാന്റിങ്' എന്നാണര്‍ഥം. ആത്മകഥയാണല്ലോ എഴുതിത്തുടങ്ങുന്നത്. ആത്മാവിന്റെ കഥയാണ് ആത്മകഥ. അലാവുദ്ദീന്റെ ആത്മകഥ. ആത്മാവെന്നാല്‍? ഇനിയും മരിച്ചിട്ടില്ലാത്ത വീട്ടുകാരും നാട്ടുകാരും അലാവുദ്ദീന്റെ രൂപം കണ്ടിട്ടുണ്ട്. പക്ഷേ, ഉള്ളടക്കം കണ്ടിട്ടില്ല. അലാവുദ്ദീന്റെ സ്വരം കേട്ടിട്ടുണ്ട്. ഉള്ളടക്കത്തിന്റെ ഉരിയാട്ടം കേട്ടിട്ടില്ല. അലാവുദ്ദീന്റെ വികാരവിചാരങ്ങളെച്ചൊല്ലി പലരും പരിതപിച്ചിട്ടുണ്ട്. എന്നാലത് ആത്മാവിന്റെ ഉള്ളടക്കം എന്തെന്നറിഞ്ഞുകൊണ്ടായിരുന്നില്ല.
ഇനിയും മരിച്ചിട്ടില്ലാത്ത നിങ്ങള്‍ക്ക്, മരിച്ചവരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ഒരുപാട് പേരുണ്ട്, പടച്ചവനായ ദൈവം കനിഞ്ഞരുളിയ കല്‍പ്പന അനുസരിച്ച് ആത്മകഥ സ്വന്തം കൈകൊണെ്ടഴുതുകയോ കൂട്ടുകാരനോ കൂട്ടുകാരിക്കോ പറഞ്ഞുകൊടുത്ത് എഴുതിക്കുകയോ ചെയ്യുന്നവരായി. ഈ സ്വര്‍ഗത്തില്‍ ഒരുവിധ ബുദ്ധിമുട്ടുമില്ല...''
സ്വര്‍ഗത്തിലിരുന്ന് ഹഫ്‌സ ആത്മകഥ എഴുതുകയാണ്. ആദ്യപേജുകളാണ് ഇപ്പോള്‍ നമ്മിലേക്ക് ഇറങ്ങിവന്നത്.
സംഭവിച്ചുപോയ സര്‍വ വീഴ്ചകളും തെറ്റുകളും അല്ലാഹു തനിക്ക് പൊറുത്തുതന്നിരിക്കുന്നുവെന്നും തന്നെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ആ വിശ്വാസം നല്‍കിയ സംതൃപ്തിയാണ് തന്റെ നട്ടെല്ലിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന കാന്‍സര്‍രോഗത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ പോലും എഴുന്നേറ്റിരുന്ന് ആത്മകഥാപരമായ നോമ്പുലെന്‍സും തുടര്‍ന്ന് ജിന്നുകളുടെ മാസ്മരികലോകത്തിലൂടെ സഞ്ചരിക്കുന്ന ഉദ്വേഗജനകമായ സാമൂഹികവിമര്‍ശനപരമായ നോവല്‍ ഒരു അതിസുന്ദരിയുടെ കഥയും എഴുതാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിനു നല്‍കിയത്.
ഈ വര്‍ഷം ജനുവരി 10നാണ് ഹഫ്‌സ തന്റെ കഥയെഴുത്തുമായി പരലോകത്തേക്കു യാത്രയായത്. ശരീരത്തിന്റെ ചലനാത്മകതയ്ക്കു വിഘ്‌നം വന്നെങ്കിലും മനസ്സിന്റെ സജീവത മരണം വരെ നിലനിര്‍ത്തുന്നതില്‍ അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചു. ശയ്യാവലംബിയായപ്പോഴും ഇസ്‌ലാമികാശയങ്ങളില്‍ ഊന്നിയ രചനകള്‍ നിര്‍വഹിക്കുന്നതില്‍ വ്യാപൃതനായിരുന്നു അദ്ദേഹം. അല്ലാഹുവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം ദൃഢവും പ്രതീക്ഷാനിര്‍ഭരവുമായിരുന്നു. അതില്‍ പ്രചോദിതനായി ചിന്താസരണികളിലും രചനകളിലും മുഴുകവെ ശരീരത്തിന്റെ അകക്കാമ്പില്‍ കാന്‍സര്‍ നല്‍കുന്ന ഞണ്ടിറുക്കത്തിന്റെ അസഹനീയ വേദനകളൊന്നും അദ്ദേഹത്തില്‍ ഏശിയില്ല. വേദന അദ്ദേഹമറിഞ്ഞില്ല എന്നു പറയുന്നതായിരിക്കും ഉചിതം. അതുകൊണ്ടായിരിക്കാം രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഒരിക്കല്‍ ഡോ. അബ്ദുല്ല മണിമ വീട്ടുകാരോട് 'ഇനി മോര്‍ഫിന്‍ കൊടുക്കേണ്ടതില്ല. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല' എന്നു നിര്‍ദേശം നല്‍കിയത്.
ആ നാളുകളില്‍ ഹാഷിംക്കയെ കാണാന്‍ ഞാന്‍ വീട്ടിലേക്കു ചെന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞു: ''ഐ.പി.എച്ചിലെ കെ.ടി. ഹുസയ്ന്‍ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ എന്നോട് പറഞ്ഞിരുന്നു. എനിക്കതിനു കഴിയില്ലെന്നു പറഞ്ഞു ഞാന്‍ ഒഴിഞ്ഞുമാറി. ഞാനതിനെക്കുറിച്ച് ആലോചിച്ചു. ഇപ്പോഴെനിക്കു തോന്നുന്നു, ആ പുസ്തകം ഞാന്‍ തന്നെയാണ് എഴുതേണ്ടതെന്ന്. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് എഴുതാന്‍ ഏറ്റവും അര്‍ഹന്‍ ഞാനാണ്. കാരണം, അല്ലാഹു ഏറ്റവും കൂടുതല്‍ കാരുണ്യം കാണിച്ചത് എന്നോടാണ്. ഞാന്‍ അല്ലാഹുവിനെ വിട്ട് കുതറിയോടാന്‍ ശ്രമിക്കുമ്പോഴെല്ലാം മോനേ ഹാഷിമേ, നീ ഇവിടെ വാ എന്നു പറഞ്ഞ് അല്ലാഹു എന്നെ അവനിലേക്കു വലിച്ചടുപ്പിക്കുകയായിരുന്നു. അതുകൊണ്ട് ഈ പുസ്തകമാണ് ഇപ്പോഴെന്റെ മനസ്സില്‍. ഇതെഴുതിത്തീര്‍ക്കുന്നതിനു മുമ്പ് പടച്ചോന്‍ 'എടാ ഹാഷിമേ, മതിയെഴുതിയത്, നീയിങ്ങ് പോര്' എന്നു പറഞ്ഞാല്‍ ഞാനങ്ങോട്ട് പോവും.''
ഹഫ്‌സ എനിക്ക് ഹാഷിംക്കയാണ്. മുഴുവന്‍ പേര് മുഹമ്മദ് ഹാഷിം. എന്റെ ജ്യേഷ്ഠസഹോദരന്റെ സ്ഥാനത്തുള്ള പ്രിയസുഹൃത്ത്. 'മാ' എന്ന പേരിനു ദ്വയാര്‍ഥമുണ്ട്. സമുദായത്തിലെ മതമേലാളന്മാര്‍ ചെയ്തുകൂട്ടുന്ന അനീതികളും അരുതായ്മകളും ഹഫ്‌സയുടെ ഭാഷയില്‍ സമുദായത്തിലെ വ്രണങ്ങളും പുണ്ണുകളുമാണ്. അവയോടെല്ലാം നിരന്തരം കലഹിച്ചുകൊണ്ടിരിക്കുകയായിരുന്നു ഹഫ്‌സ. 1979ലെ എം.പി. പോള്‍ അവാര്‍ഡ് നേടിയ 'മാ'യില്‍ തുടങ്ങി ഹഫ്‌സയുടെ മുഴുരചനകളിലും ആ കലഹം നമുക്കു കാണാം. അരുത് എന്ന ഉറക്കെപ്പറച്ചിലാണ് 'മാ.' അതോടൊപ്പം ഒരു ഉമ്മയുടെയും മകന്റെയും ആത്മബന്ധവും അവരുടെ തറവാടിന്റെ തകര്‍ച്ചയും വരച്ചുകാണിക്കുന്നു ആ നോവല്‍.
ഒരു അതിസുന്ദരിയുടെ കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്: ''ആകയാല്‍ പാത്തൂട്ടി ഉറക്കിയുണര്‍ത്തുന്നവനായ, മരിപ്പിച്ചു ജീവിപ്പിക്കുന്നവനായ അല്ലാഹുവിനെ സ്തുതിച്ചു. അല്‍ഹംദുലില്ലാഹ്, അല്ലദീ അഹ്‌യാനാ ബഅ്ദ മാ അമാത്തനാ വഇലൈഹിന്നുശൂര്‍.'' നോവലിന്റെ അവസാന വരികള്‍ ഇങ്ങനെ: ''വിഡ്ഢി പറഞ്ഞ കെട്ടുകഥയല്ലാതെ മറ്റെന്താണ് ജീവിതം എന്നു ചോദിച്ചത് ഒരു മനുഷ്യനാണ്, ഷേക്‌സ്പിയര്‍. കളിയും കേളിയുമല്ലാതെ മറ്റെന്താണീ ജീവിതം എന്നു ചോദിക്കുന്നതു മനുഷ്യനല്ല, മനുഷ്യനെയും ജിന്നിനെയും സൃഷ്ടിച്ച അല്ലാഹുവാണ്. ആരാണിപ്പോള്‍ സംസാരിക്കുന്നത്? പാത്തൂട്ടി എന്ന മനുഷ്യസ്ത്രീയാണോ അതോ ജിന്‍സാന്‍ എന്ന ജിന്നുപുരുഷനോ?'' ആരംഭവും അവസാനവും ഇസ്‌ലാമിക ആശയങ്ങളുടെ അകമ്പടിയോടെ ഹഫ്‌സയുടെ നോവല്‍ പൂര്‍ത്തിയാവുന്നു.
കഴിഞ്ഞ വര്‍ഷം റമദാന്‍ 26നാണ് ഒരു അതിസുന്ദരിയുടെ കഥ പ്രകാശിതമാവുന്നത് (2014 ജൂലൈ 23). മൂഴിക്കല്‍ ചെറുവറ്റയിലെ ഹാഷിംക്കയുടെ വീട്ടിനകത്ത് ലളിതസുന്ദരമായ ഒരു ചടങ്ങ്. പ്രഫ. അഹ്മദ്കുട്ടി ശിവപുരത്തിനു പുസ്തകം നല്‍കിക്കൊണ്ട് കഥാകൃത്ത് പി.കെ. പാറക്കടവ് പ്രകാശനകര്‍മം നിര്‍വഹിച്ചു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി അമ്പതോളം പേരടങ്ങുന്ന ഒരു സദസ്സ്. ഹാഷിംക്ക ഏറെ നാളായി കൊതിച്ച, അദ്ദേഹത്തിന് ഏറ്റവും സന്തോഷം നല്‍കിയ വേളയായിരുന്നു ആ സായംസന്ധ്യ. 'മുഴുഹൃദയത്തോടെ ഉബൈദിനു നല്‍കുന്ന ഉപഹാരം' എന്നെഴുതി കൈയൊപ്പു വച്ചാണ് ഹാഷിംക്ക ഒരു അതിസുന്ദരിയുടെ കഥ എനിക്ക് സമ്മാനിച്ചത്.
എല്ലാ നോമ്പുകാലത്തും മിക്ക ദിവസങ്ങളിലും 4 മണിയാവുമ്പോള്‍ എന്റെ വീട്ടിലെ ലാന്‍ഡ്‌ഫോണ്‍ ബെല്ലടിക്കും. അതുകേട്ടാല്‍ വീട്ടുകാരി മുംതാസ് പറയും: ''ഹാഷിംക്കയായിരിക്കും.'' അരമണിക്കൂറോളം ഹാഷിംക്ക സംസാരിക്കും. നോവല്‍രചനയില്‍ കടന്നുവരുന്ന ഖുര്‍ആന്‍-നബിവചനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളായിരിക്കും ചര്‍ച്ചചെയ്യുന്നത്. രണ്ടുവര്‍ഷം മുമ്പത്തെ ഒരു റമദാനിലെ അത്താഴസമയത്ത് ഹാഷിംക്ക വിളിച്ചു. 'അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍, തുഹിബ്ബുല്‍ അഫ്‌വ വഅ്ഫുഅന്നീ' എന്ന നോമ്പ് രണ്ടാം പത്തിലെ പ്രാര്‍ഥനയുടെ അര്‍ഥമായിരുന്നു ചര്‍ച്ചാവിഷയം.
''അഫ്‌വ് എന്ന അറബിപദത്തിന്റെ അര്‍ഥമെന്ത്?''
''മാപ്പ് നല്‍കല്‍ എന്നാണ് സാധാരണയായി മനസ്സിലാക്കപ്പെടുന്നത്'' എന്നു ഞാന്‍.
ഹാഷിംക്ക തിരുത്തി: ''അങ്ങനെയല്ല. ഇന്റര്‍നെറ്റില്‍ തപ്പിയപ്പോള്‍ കുറേക്കൂടി അനുയോജ്യമായ ഒരര്‍ഥം ഒരു വിദേശ പണ്ഡിതന്റേതായി എനിക്ക് കിട്ടി. 'മായ്ച്ചുകളയുക' എന്നാണ് ആ അര്‍ഥം. നമ്മുടെ തെറ്റുകള്‍ക്ക് മാപ്പു തരുക എന്നതല്ല; അങ്ങനെ ഒരു പാപം നാം ചെയ്തിട്ടില്ലാത്തതുപോലെ കര്‍മ റെക്കോര്‍ഡില്‍നിന്ന് അത് മായ്ച്ചുകളയുക എന്ന്. കുട്ടികള്‍ സ്ലേറ്റില്‍ എഴുതി മായ്ച്ചുകളയുന്നതുപോലെ. ഇപ്പോള്‍ മനസ്സിലായോ? അങ്ങനെയാക്കിത്തരണേ എന്നാണ് നാം പ്രാര്‍ഥിക്കുന്നത്.'' പ്രാര്‍ഥനയിലെ ഒരു പദം നിര്‍ധാരണം ചെയ്ത് മനസ്സിലാക്കാനും അത് മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാനുമുള്ള ഔല്‍സുക്യം!
ഈ വര്‍ഷം റമദാന് ലാന്‍ഡ്‌ഫോണിലേക്ക് ആ വിളിയില്ല. ക്ഷേമാന്വേഷണങ്ങളുടെ മുഖവുരയില്ലാത്ത ചോദ്യങ്ങളില്ല. അറിവുകളുടെ പങ്കുവയ്ക്കലില്ല. ഹ...ഹ...ഹ... എന്ന പൊട്ടിച്ചിരിയില്ല. റമദാനിനു മുമ്പേ അദ്ദേഹത്തെ അല്ലാഹു വിളിച്ചു, 'എടാ ഹാഷിമേ, നീ ഇങ്ങോട്ട് പോര്' എന്ന്.
1987 ജൂണിലാണ് ഞാന്‍ ആദ്യമായി ഹഫ്‌സയെ കാണുന്നത്. ആ വര്‍ഷത്തെ നോമ്പ് കഴിഞ്ഞ് മദ്‌റസകള്‍ തുറക്കുന്ന സമയം. 1986ല്‍ കണ്ണൂരില്‍ ബി.എഡ്. ചെയ്തുകഴിഞ്ഞ് നാട്ടില്‍ പോവാതെ അവിടെത്തന്നെ മദ്‌റസാധ്യാപനവും ഹോം ട്യൂഷനുകളുമൊക്കെയായി കൂടുകയായിരുന്നു ഞാന്‍. 1987 മെയ് മാസത്തില്‍ വന്ന റമദാന്‍ നോമ്പും പെരുന്നാളുമൊക്കെ കഴിഞ്ഞ് താമസസ്ഥലത്തേക്കു വരുകയാണ്. കണ്ണൂര്‍ ദീനുല്‍ ഇസ്‌ലാം സഭ ഓര്‍ഫനേജിനു മുന്നിലുള്ള യത്തീംഖാനപ്പള്ളി എന്നറിയപ്പെടുന്ന ഒരു കൊച്ചുപള്ളിയിലായിരുന്നു ഞങ്ങള്‍ മൂന്ന് ഉസ്താദുമാര്‍ താമസിച്ചിരുന്നത്.
റമദാന്‍ അവധിക്കാലത്ത് നാട്ടിലെ പ്രഭാത് ലൈബ്രറിയില്‍നിന്നു ജ്യേഷ്ഠന്‍ കൊണ്ടുവന്ന പുസ്തകമായിരുന്നു 'മാ'. മുന്‍വര്‍ഷം ശാന്തപുരം ഇസ്‌ലാമിയാ കോളജില്‍ പഠിക്കുമ്പോള്‍ വായിക്കാന്‍ കൊതിച്ച് എനിക്കു കിട്ടാതെപോയ പുസ്തകം. 'മാ' വായന തുടങ്ങി വിസ്മയപ്പെട്ട് മുന്നേറുമ്പോഴാണ് കണ്ണൂര്‍ മദ്‌റസയിലേക്കു വരാന്‍ സമയമായത്. പുസ്തകം ബാഗില്‍ വച്ച് പുറപ്പെട്ടു. താമസസ്ഥലമായ പള്ളിയുടെ മുറ്റത്തെത്തി. പള്ളിമുറ്റത്തെ അരമതിലില്‍ ഒരാളിരുന്നു പുകവലിക്കുന്നു. സലാം പറഞ്ഞുനോക്കി. അദ്ദേഹം സലാം മടക്കി.
''നിങ്ങളാരാ?''
''ഞാന്‍ ഹാഷിം. മുഹമ്മദ് ഹാഷിം.''
''എവിടെയാ നാട്?''
''ഇവിടെത്തന്നെ, കണ്ണൂര്‍ സിറ്റി.''
''ജോലി?''
''ഞാന്‍ എഴുത്തുകാരനാണ്. നോവല്‍, കഥ ഒക്കെ എഴുതും.''
എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. 'മാ' എന്ന നോവലിന്റെ അകംചട്ടയില്‍ കുറിച്ച എഴുത്തുകാരന്റെ ഫോട്ടോയും ലഘുവിവരണവും എന്റെ മനസ്സിലേക്കോടിയെത്തി: ഹഫ്‌സ (മുഹമ്മദ് ഹാഷിം), കണ്ണൂര്‍ സിറ്റി, ഭാര്യ ഹഫ്‌സത്ത്, മക്കള്‍ ഹര്‍ഷദ്, മിദ്‌ലാജ്, സഹീര്‍.
''നിങ്ങളാണോ 'മാ' എഴുതിയത്?''
ആ മുഖം പ്രസന്നമാവുന്നതു ഞാന്‍ കണ്ടു. എന്തെന്നില്ലാത്ത ഒരു സന്തോഷം അവിടെ അലതല്ലുന്നുണ്ടായിരുന്നു.
''അതെ, ഞാന്‍ തന്നെ.'' അദ്ദേഹം ചെറുതായൊന്ന് പുഞ്ചിരിച്ചുവോ?
ഞാന്‍ പുസ്തകമെടുത്ത് അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം നോക്കി അതു തിരിച്ചുതന്നു.
ഉച്ചയായപ്പോള്‍ യത്തീംകുട്ടികള്‍ നമസ്‌കരിക്കാന്‍ വന്നു. നമസ്‌കാരം നടക്കുമ്പോള്‍ ഹാഷിംക്ക പുറത്ത് അരമതിലില്‍ ഇരുന്ന് ബീഡി വലിച്ചു.
വൈകുന്നേരം ഞാന്‍ ചോദിച്ചു: ''നിങ്ങളെന്താ നിസ്‌കരിക്കാന്‍ വരാതിരുന്നത്?''
''എനിക്ക് നിസ്‌കരിക്കാന്‍ പറ്റില്ല.''
''അതെന്താ?''
''അതോ...? നീ വരുമ്പോള്‍ ഞാന്‍ പുകവലിക്കുന്നത് കണ്ടിരുന്നില്ലേ? അത് ബീഡിയല്ല, കഞ്ചാവാ. ലഹരി ബാധിച്ചവനായി എങ്ങനെയാ നിസ്‌കരിക്ക്യ?'' കാപട്യമില്ലാതെ അദ്ദേഹം പറഞ്ഞു.
''എന്നാലിത് ഒഴിവാക്കിക്കൂടേ?''
''ഒഴിവാക്കണം, വരട്ടെ.'' (ഇവനെന്തറിയാം എന്ന ഭാവത്തില്‍ ഒരു പുഞ്ചിരി).
ലഹരി ഉപയോഗിക്കുന്നവരെ നാം കുഷ്ഠരോഗി കണക്കെ അകറ്റിനിര്‍ത്തേണ്ടതുണേ്ടാ? അനുതാപത്തോടെ സമീപിച്ചാല്‍ ഇദ്ദേഹത്തെ ലഹരിയുപയോഗത്തില്‍നിന്നു മുക്തനാക്കാന്‍ പറ്റിയെങ്കിലോ? എനിക്ക് വെറുതെ ഒരു തോന്നല്‍.
ഞങ്ങള്‍ അടുക്കുകയായിരുന്നു. തന്റെ നല്ലൊരു വായനക്കാരന്‍ എന്നൊരാനുകൂല്യം അദ്ദേഹം എനിക്ക് വകവച്ചുതന്നിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് എന്തും തുറന്നുസംസാരിക്കാമെന്നായി. ലഹരി ഉപയോഗത്തിലെ ഇടവേളകള്‍ക്കു ദൈര്‍ഘ്യം കൂടാന്‍ തുടങ്ങി. നമസ്‌കരിക്കാറില്ലെങ്കിലും ഹാഷിംക്ക ആ പള്ളിയിലെ സ്ഥിരം സന്ദര്‍ശകനായി. ഉറക്കവും വിശ്രമവും പള്ളിക്കകത്തായി. പക്ഷേ, ഒരു പ്രത്യേകതയുണ്ടായിരുന്നു- ലഹരിബാധിതനായി അദ്ദേഹം പള്ളിക്കകത്തു കയറാറില്ല. പള്ളിമുറ്റത്തെ അരമതിലിലിരിക്കും. ലഹരി ഇറങ്ങിക്കഴിഞ്ഞു മാത്രമേ അകത്തേക്കു കയറൂ.
യത്തീംഖാന പള്ളിയില്‍ താമസിക്കാന്‍ തുടങ്ങിയതു മുതല്‍ ഹാഷിംക്കയില്‍ ഞാന്‍ കണ്ട ഒരു പ്രത്യേകത, അദ്ദേഹം നിത്യവും പുലര്‍ച്ചെ 3 മണിക്ക് ഉണര്‍ന്നെണീക്കും. എണീറ്റ ഉടനെ കുളിക്കും. തുടര്‍ന്ന് ഒട്ടും ദീര്‍ഘമല്ലാത്ത ഒരു നമസ്‌കാരവും പ്രാര്‍ഥനയും. അദ്ദേഹം സുബ്ഹി നമസ്‌കരിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് ഈ പതിവിനാണ് ഞാന്‍ ആദ്യം ദൃക്‌സാക്ഷിയായത്. മഴക്കാലത്തിനോ കൊടുംതണുപ്പുകാലത്തിനോ പോലും ഈ പതിവുശീലത്തിനു വിഘ്‌നമുണ്ടാക്കാന്‍ കഴിയാറില്ല. അസുഖം വന്നു കിടപ്പിലാവുന്നതുവരെ ഈ ശീലം തുടര്‍ന്നിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. നാളുകള്‍ക്കകം അദ്ദേഹം സുബ്ഹി നമസ്‌കരിക്കാന്‍ തുടങ്ങി. പിന്നീട് കുറച്ചു വര്‍ഷം എടുത്താണ് അഞ്ചു നേരവും നമസ്‌കരിക്കാന്‍ തുടങ്ങിയത്.
ആയിടയ്ക്ക് എനിക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കാഞ്ഞിരോട് ഗവ. ഹൈസ്‌കൂളില്‍ പാര്‍ട്ട്‌ടൈം അറബി അധ്യാപകനായി ജോലികിട്ടി. ആഴ്ചയില്‍ മൂന്നു ദിവസം. മിക്ക ദിവസങ്ങളിലും സ്‌കൂള്‍ വിട്ട് തിരിച്ചെത്തുമ്പോള്‍ ഹാഷിംക്ക പള്ളിയിലുണ്ടാവും. ഞങ്ങള്‍ നടക്കാനിറങ്ങും. അദ്ദേഹത്തിനു സ്വന്തം നാട്ടില്‍ കൂട്ടുകാരായി ആരുമില്ലെന്ന് അപ്പോഴാണ് മനസ്സിലായത്. കുട്ടിക്കാലത്തെ കളിക്കൂട്ടുകാര്‍ പോലും അദ്ദേഹത്തിനു മുഖം കൊടുക്കാതെ വഴിമാറി നടക്കുകയാണ്. ''ഉസ്താദേ, നിങ്ങള്‍ ഇയാളെ ഒപ്പം നടക്കണ്ട, മോശമാ''- ദീനുല്‍ ഇസ്‌ലാം സഭാ മദ്‌റസയിലെ ഉസ്താദായ എന്നെ നാട്ടുകാരില്‍ പലരും ഉപദേശിച്ചു.
വീട് നഷ്ടപ്പെട്ടതിനാല്‍ നാട്ടിലെ പരിചയക്കാരുടെ തറവാടുകളിലായിരുന്നു സുഹ്‌റത്താത്ത അന്തിയുറങ്ങാറ്. ഉറക്കം മാത്രം. ഭക്ഷണം സ്വന്തം പണം കൊടുത്ത് ഹോട്ടലില്‍നിന്നു വാങ്ങിക്കഴിക്കും.
അല്ലെങ്കില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍നിന്നു പണം കൊടുത്ത് ആഹാരം കഴിക്കും.
ആരുടെയും ഔദാര്യം പറ്റാതെ പ്രൗഢവും കുലീനവുമായ ജീവിതമായിരുന്നു അവര്‍ നയിച്ചിരുന്നത്. മുന്തിയ വസ്ത്രങ്ങള്‍ക്കോ ആഭരണങ്ങള്‍ക്കോ ആഡംബരപൂര്‍ണമായ ജീവിതത്തിനോ ഒരു കുറവുമുണ്ടായിരുന്നില്ല.
ചെറുപ്പത്തിലേ ഭര്‍ത്താവ് നഷ്ടപ്പെട്ട്, തന്റെ 14ാം വയസ്സു മുതല്‍ പുനര്‍വിവാഹം വേണെ്ടന്നുവച്ച് മകനു വേണ്ടി മാത്രം ജീവിച്ച ആ ഉമ്മയ്ക്ക് ഇല്ലാതെപോയത് സ്വന്തമായൊരു വീടും മകനോടൊപ്പമുള്ള ഒരു ജീവിതവുമായിരുന്നു.
ജോറോമ്മ (സൊഹ്‌റ ഉമ്മ) എന്നായിരുന്നു നാട്ടുകാര്‍ അവരെ സ്‌നേഹാദരപൂര്‍വം വിളിച്ചിരുന്നത്. കണ്ണൂര്‍ സിറ്റിയിലും പരിസരപ്രദേശങ്ങളിലും ഉന്നതമായ സ്ഥാനമാനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ഒരു ദിവസം തൂക്കുപാത്രവുമായി ചായ വാങ്ങാന്‍ ഹോട്ടലിലേക്കു പോകുന്ന സുഹ്‌റത്താത്തയെ ചൂണ്ടി ഹാഷിംക്ക പറഞ്ഞു: ''എന്റെ ഉമ്മയാണത്.''
ഞങ്ങള്‍ അവരുടെ അടുക്കലെത്തി. ഞാന്‍ സലാം പറഞ്ഞു.
''മോനേ, ഇവനു പുതിയ കൂട്ടുകാരനുണ്ടായ വിവരമൊക്കെ ഞാന്‍ കേട്ടിറ്റ്ണ്ട്. മോനേ, ഇവന്റൊപ്പം നടക്കണ്ട. നീ കേടുവരും.''
ഞാന്‍ ചിരിച്ചു.
''ഞാന്‍ പറഞ്ഞൂന്നേയുള്ളൂ... നീ ശ്രദ്ധിച്ചോ.''
''ഉമ്മാ, നിങ്ങളിപ്പൊ ഏടെയാ താമസം?'' ഹാഷിംക്ക ഉമ്മയോട് കുശലം പറയാന്‍ ശ്രമിച്ചു.
''ഞാനേടെ നിന്നാലും നിനക്കെന്താ?'' സുഹ്‌റത്താത്ത ഹാഷിംക്കയോട് കയര്‍ത്തു: ''ഓ... എന്റെ ക്ഷേമമന്വേഷിക്കാന്‍ വന്നിരിക്കുന്നു.''
ആ പ്രതിഷേധസ്വരത്തിലും ഒരു ഉമ്മയുടെ വാത്സല്യത്തിന്റെ കുത്തൊഴുക്കുണ്ടായിരുന്നു. അതനുഭവിക്കാന്‍ തന്നെയാണ് ഹാഷിംക്ക ഉമ്മയോട് അങ്ങനെ ചോദിച്ചതും.
സമൂഹത്തില്‍ നടമാടുന്ന തിന്മകള്‍, മതനേതാക്കളും പ്രത്യക്ഷത്തില്‍ മഹാന്മാരായി അറിയപ്പെടുന്നവരും ചെയ്തുകൂട്ടുന്ന അക്രമങ്ങള്‍, വൃത്തികേടുകള്‍ എല്ലാം കണ്ടും അനുഭവിച്ചും വളര്‍ന്ന 'ആച്ചിമോന്‍' കോളജ് പഠനത്തോടെ യുക്തിവാദത്തിലേക്കും നിരീശ്വരവാദത്തിലേക്കും അടുക്കുകയായിരുന്നു.
വിവാഹം. കുടുംബം. സബ് പോസ്റ്റ് മാസ്റ്ററായി ജോലി. കൂടെ എഴുത്തും. അമ്മാവന്റെ മോളെ വിവാഹം ചെയ്തത് ഇഷ്ടപ്പെടാത്തതിനാല്‍ ഉമ്മയുടെ പിണക്കം: ''നീ ലോകത്ത് ആരെ കെട്ടിയാലും വേണ്ടില്ല. ഓന്റെ മോളെ മാത്രം കെട്ടരുത്.'' ഉമ്മയുടെ വിലക്ക് അവഗണിച്ചതിന്റെ പ്രതിഷേധം. ഉമ്മ പിണങ്ങിപ്പോയി. ഉമ്മയോടൊപ്പം താമസിക്കണമെങ്കില്‍ ഭാര്യയെ ഒഴിവാക്കണം. അദ്ദേഹത്തിന് രണ്ടു പേരെയും വേണം. ആരെയും ഒഴിവാക്കാന്‍ വയ്യ. എന്തു ചെയ്യും?
സ്വസ്ഥത നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. പതിയെപ്പതിയെ പുകവലിയില്‍ തുടങ്ങിയ ലഹരി കഞ്ചാവിലും മദ്യത്തിലും എത്താന്‍ പിന്നെ താമസമുണ്ടായില്ല. ലഹരിയുമായുള്ള ബന്ധം ദൃഢമായതോടെ സ്വാഭാവികമായും കുടുംബം ശിഥിലമാവുകയായിരുന്നു. ഭാര്യയോടുള്ള സ്‌നേഹവും ഉമ്മയോടുള്ള സ്‌നേഹവും തമ്മില്‍ മനസ്സില്‍ സംഘര്‍ഷം. സ്‌നേഹാധിക്യം കാരണം ഭാര്യയെ മൊഴിചൊല്ലാന്‍ സാധിക്കുന്നില്ല. ഉമ്മയുടെ സ്‌നേഹവും സാമീപ്യവും വേണമെങ്കില്‍ ഭാര്യയെ ഒഴിവാക്കാതെ രക്ഷയില്ല. എന്തു ചെയ്യും?
അവസാനം, മൊഴിചൊല്ലാതെത്തന്നെ ഭാര്യയെ ഒഴിവാക്കാന്‍ ഒരു മാര്‍ഗം കണ്ടുപിടിച്ചു. മുസ്‌ലിം ദമ്പതിമാരില്‍ ഒരാള്‍ ഇസ്‌ലാമില്‍നിന്നു പുറത്തുപോയാല്‍ വിവാഹം നിലനില്‍ക്കുകയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. വടകര താഴത്തങ്ങാടി ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റിനൊരു കത്തെഴുതി: ''ഞാന്‍ ഇസ്‌ലാംമതം ഉപേക്ഷിച്ചിരിക്കുന്നു!'' പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. മഹല്ലില്‍ വലിയ ചര്‍ച്ചയായി. വിവാഹം വേര്‍പെട്ടു. മനസ്സിലുള്ള യുക്തിവാദചിന്തയും നിരീശ്വരത്വവുമൊക്കെ ഇങ്ങനെയൊരു കുതന്ത്രം പ്രയോഗിക്കാന്‍ ധൈര്യം പകര്‍ന്നു.
അടുത്തയാഴ്ച മഹല്ല് പ്രസിഡന്റിനെയും ഖാദിയെയും ചെന്നു കണ്ട്, തനിക്കു വീണ്ടും ഇസ്‌ലാം സ്വീകരിക്കണമെന്നറിയിച്ചു. ഖത്തീബിന്റെ സാന്നിധ്യത്തില്‍ കലിമ ചൊല്ലി ഇസ്‌ലാമില്‍ പ്രവേശിച്ചു. ലഹരിയുപയോഗങ്ങള്‍ നിര്‍ത്തി. നന്നാവാന്‍ ശ്രമം നടത്തി. പക്ഷേ, മകളെയും കൊച്ചുകുട്ടികളെയും ഹാഷിമിന്റെ കൂടെ അയക്കാനും വീണ്ടുമൊരു പരീക്ഷണത്തിനും ഭാര്യവീട്ടുകാര്‍ തയ്യാറല്ലായിരുന്നു. മക്കളെയും ഭാര്യയെയും വിട്ടുനിന്ന അബദ്ധമോര്‍ത്ത് വിരഹവേദനയാല്‍ മനസ്സ് നീറിപ്പുകഞ്ഞു.
പല പ്രാവശ്യം പല നിലയ്ക്ക് കുടുംബജീവിതം പുനസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ഭാര്യവീട്ടുകാര്‍ അടുപ്പിച്ചില്ല. അതോടെ വീണ്ടും ലഹരിയുടെ അടിമത്തത്തിലേക്ക് വഴുതിവീഴുകയായിരുന്നു. കാര്യങ്ങള്‍ ഇപ്രകാരം കുഴഞ്ഞുമറിയുന്നതിനു മുമ്പാണ് 'മാ' നോവല്‍ പ്രസിദ്ധീകരിക്കുന്നതും മാതൃഭൂമിയില്‍ കഥകളെഴുതുന്നതും മറ്റും. ചില മുസ്‌ലിംകളുടെ ചെയ്തികളും നിലപാടുകളും കാരണമായി ഇസ്‌ലാമിനെത്തന്നെ വിമര്‍ശിക്കാന്‍ വേണ്ടി 'മാ' എന്ന നോവലെഴുതുമ്പോള്‍ അദ്ദേഹം ഓര്‍ത്തിരിക്കില്ല; ഇതേ 'മാ' തന്നെ ഒരു തിരിച്ചറിവിലേക്കു നയിക്കാന്‍ ഹേതുവായി വര്‍ത്തിക്കുമെന്ന്! ''അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതു നടപ്പാക്കുന്നു!
രണ്ടു വര്‍ഷത്തോളം ഞങ്ങള്‍ കണ്ണൂര്‍ സിറ്റിയിലും താണയിലുമായി താമസിച്ചു. ഞാന്‍ കണ്ണൂര്‍ വിടാന്‍ തീരുമാനിച്ചു. നാട്ടില്‍ ഗൈഡന്‍സ് കോളജ് ആയിരുന്നു ലക്ഷ്യം.
''ഞാനും വന്നോട്ടേ നിന്റെ കൂടെ അരീക്കോട്ടേക്ക്?''- ഹാഷിംക്ക.
എന്റെ ജ്യേഷ്ഠന്‍ മുഹമ്മദ് ഗനി പറഞ്ഞു: ''അസൗകര്യങ്ങളില്‍ തൃപ്തനാവാമെങ്കില്‍ സ്വാഗതം.'' എന്റെ ബാഗ്, മണ്ണെണ്ണസ്റ്റൗ തുടങ്ങിയ സാധനങ്ങളുമായി കുടിയൊഴിക്കലിന് ഒരു കൈസഹായവുമായി ജ്യേഷ്ഠന്‍ തലേദിവസം തന്നെ കണ്ണൂര്‍ സിറ്റിയില്‍ എത്തിയിരുന്നു.
രണ്ടു വര്‍ഷത്തോളം ഹാഷിംക്കാക്ക് ജീവിതത്തിലെ ഒരു വഴിത്തിരിവിനായി കൂട്ടേകിയ, സഹായവും സ്‌നേഹവും ചൊരിഞ്ഞുകൊടുത്ത വാഴയില്‍ മുനീര്‍, വി.വി. ശഫീഖ്, ഔസാദ്, പി.വി. മുനീര്‍, ടി.സി. റഊഫ്, എം.പി. ഗസ്സാലി, കെ.ബി. ഗസ്സാലി, എം. ശഹീര്‍, പി. മുബശ്ശിര്‍, എം. ബഷീര്‍, എം. നാസര്‍, ആസാദ് തയ്യില്‍, ടി. റഷീദ്, വി. കബീര്‍, സി. ഇംതിയാസ്, നസീര്‍ ടി., ഫിറോസ് ഇടുക്കിലകത്ത്, ബി.പി. അഫ്‌സല്‍, ബി.പി. നസീര്‍, കെ.പി. ബഷീര്‍, റാഫി വളപട്ടണം, ഇ.കെ.പി. മുഹമ്മദ് ശാഫി തുടങ്ങിയ നിരവധി നല്ല സുഹൃത്തുക്കളോട് ഞങ്ങള്‍ യാത്രപറഞ്ഞു.
ഒരു തക്കാളിപ്പെട്ടി നിറയെ പുസ്തകവുമായി ഹാഷിംക്ക ഞങ്ങളോടൊപ്പം കണ്ണൂര്‍ വിട്ടു. അപ്പോഴും ഒരു ഗദ്ഗദമായി സുഹ്‌റത്താത്ത കണ്ണൂര്‍ സിറ്റിയിലെ വിവിധ തറവാടുകളില്‍ മാറിമാറി താമസിക്കുന്നുണ്ടായിരുന്നു, മകന്‍ മറ്റൊരു വിവാഹം കഴിച്ച് തന്നോടൊപ്പം താമസിക്കുന്നതും കാത്ത്.
ഹഫ്‌സത്തായെ പുനര്‍വിവാഹം ചെയ്യാനുള്ള ശ്രമങ്ങള്‍ കണ്ണൂരില്‍ വച്ചുതന്നെ നടത്തിയിരുന്നു. 'കുഞ്ഞള' സിറാജിനെ രണ്ടു പ്രാവശ്യം കണെ്ടങ്കിലും അനുകൂലമായ പ്രതികരണം കിട്ടിയില്ല. എങ്കിലും ശ്രമങ്ങള്‍ തുടര്‍ന്നു. അല്‍ഹംദുലില്ലാഹ്... അവസാനം വിജയം കണ്ടു. അവര്‍ കുട്ടികളെയും കൂട്ടി ഞങ്ങളുടെ തൊട്ടടുത്ത പ്രദേശമായ കുനിയില്‍ വാടകവീട്ടില്‍ താമസമാക്കി. മലയാളം-ഇംഗ്ലീഷ് അതിഥിയധ്യാപകനായി ട്യൂഷന്‍ സെന്ററുകളിലും അറബിക് കോളജിലും ജോലിനോക്കി.
വാടകവീടുകള്‍ പലതു മാറി. ചേന്ദമംഗല്ലൂരില്‍ താമസിക്കുമ്പോള്‍ ശെയ്ഖ് മുഹമ്മദ് കാരക്കുന്നുമായുള്ള സൗഹൃദം മകന്‍ മിദ്‌ലാജിന് ഇസ്‌ലാഹിയാ കോളജില്‍ പഠിക്കാന്‍ അവസരം നേടിക്കൊടുത്തു. അതിനിടെ മൂഴിക്കല്‍ ചെറുവറ്റയില്‍ ചെറിയൊരു സ്ഥലം വാങ്ങി വീട് വച്ചു. കണ്ണൂര്‍കാരനായ മുഹമ്മദ് ഹാഷിം അങ്ങനെ കോഴിക്കോട്ടുകാരനായി.
പ്രശ്‌നങ്ങള്‍ക്കിടയിലും എഴുത്ത് തുടര്‍ന്നു. വിവേകം ദൈ്വവാരികയുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായി. 'മാ'ക്കു ശേഷം ആദ്യം എഴുതിയ ഒരു സ്വപ്‌നോപജീവിയുടെ ആത്മകഥ വിവേകത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. കുറേ നല്ല കഥകളും കവിതകളും വിവേകത്തിലൂടെ വെളിച്ചം കണ്ടു. തുടര്‍ന്ന് എഴുതിയ ക്രമഭംഗം എന്ന നോവലും വിവേകം പ്രസിദ്ധീകരിച്ചു. സ്ത്രീക്കനല്‍ എന്ന നോവല്‍ പ്രബോധനം വാരികയാണ് പ്രസിദ്ധീകരിച്ചത്. സാരസ്വതം എന്ന നോവല്‍ ഹിന്ദുസ്ഥാന്‍ പബ്ലിക്കേഷന്‍സ് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഹഫ്‌സയുടെ തിരിച്ചുവരവായിരുന്നു അത്. പഴയ ഹഫ്‌സയായല്ല, തെളിഞ്ഞ ചിന്തയുമായി തിരിച്ചറിവു നേടിയ ഹഫ്‌സയായി.
ഒരു സ്വപ്‌നോപജീവിയുടെ ആത്മകഥയ്ക്കു മുമ്പാണ് ദാന്തന്‍ എഴുതി സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കുന്നത്. എയ്ഡ്‌സ്, ഒരു ചിത്തരോഗിയുടെ തത്ത്വാന്വേഷണ പരീക്ഷണങ്ങള്‍’എന്നീ നോവലുകള്‍ ദാന്തനു ശേഷം എഴുതിയിരുന്നു. ആദ്യ എഴുത്തുതന്നെ ഫൈനല്‍ കോപ്പിയായാണ് ഹഫ്‌സ എഴുതാറ്. വേറെ കൈയെഴുത്തുകോപ്പി സൂക്ഷിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതിനാല്‍, കൈയെഴുത്തുപ്രതികള്‍ നഷ്ടപ്പെട്ടതോടെ ആ രണ്ടു നോവലുകളും അനുവാചകലോകത്തിനു നഷ്ടമായി. പുനത്തില്‍ കുഞ്ഞബ്ദുല്ല മരുന്ന് എഴുതുന്നതിനു മൂന്നുവര്‍ഷം മുമ്പ് ഹഫ്‌സ എഴുതിയ മരുന്നും ഇങ്ങനെ നഷ്ടപ്പെട്ട കൃതിയാണെന്ന് ഒരിക്കല്‍ വിവേകത്തിനു വേണ്ടി നടത്തിയ ഒരു അഭിമുഖസംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
നോമ്പുലെന്‍സ് എന്ന പേരില്‍ മൂന്നുവര്‍ഷം മുമ്പ് നോമ്പുകാലത്ത് എഴുത്ത് തുടര്‍ന്ന ആത്മകഥ യഥാര്‍ഥത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ എഴുതിത്തുടങ്ങിയിരുന്നു. അതിനിടെ മുഹമ്മദുല്‍ ഗസ്സാലിയുടെ മുസ്‌ലിം സ്വഭാവം, സയ്യിദ് ഖുതുബിന്റെ വഴിയടയാളങ്ങള്‍, ആമിനാ വദൂദിന്റെ ഖുര്‍ആന്‍: ഒരു പെണ്‍വായന എന്നീ കൃതികളുടെ വിവര്‍ത്തനങ്ങളില്‍ മുഴുകിയതിനാല്‍ ആത്മകഥയെഴുത്ത് തല്‍ക്കാലം നിര്‍ത്തിവച്ചതായിരുന്നു.
ഉമ്മയെ പിണക്കേണ്ടിവന്നതിലുള്ള വ്യഥ ഒരു നെരിപ്പോടായി ഹാഷിംക്കയില്‍ എന്നും നീറ്റലുണ്ടാക്കിയിരുന്നു. ഹഫ്‌സത്തിനെ നഷ്ടപ്പെടാതെ ഉമ്മയെ തിരിച്ചുകിട്ടിയെങ്കില്‍ എന്ന ഹൃദയവേദന ഒരു പ്രാര്‍ഥനയായി അല്ലാഹു സ്വീകരിച്ചു.
2002ല്‍, 'ജോറോമ്മ ആശുപത്രിക്കിടക്കയില്‍, ബന്ധുക്കളെ തേടുന്നു' എന്ന പരസ്യമുള്ള പത്രം ഹഫ്‌സത്താത്തയുടെ ബന്ധു സൈബു പത്രത്തില്‍ കാണുന്നു. ഉപ്പൂമ്മ കാന്‍സര്‍ ബാധിച്ച് ചെറുകുന്ന് ആശുപത്രിയില്‍ അഡ്മിറ്റായ വിവരം സൈബുവിലൂടെ ഹാഷിംക്കയുടെ മൂത്ത മകന്‍ ഹര്‍ഷദിനു ലഭിക്കുന്നു. പിതാവിന്റെ പോലും അനുവാദത്തിനു കാത്തുനില്‍ക്കാതെ ഹര്‍ഷദ് ഉപ്പൂമ്മയെ കോഴിക്കോട് നിര്‍മല ആശുപത്രിയില്‍ എത്തിക്കുന്നു. തുടര്‍ന്ന് ഉമ്മയുടെയും മകന്റെയും വികാരനിര്‍ഭരമായ പുനസ്സമാഗമം. ഹഫ്‌സത്താത്തയ്ക്കും ഹാഷിംക്കാക്കും ഒരുമിച്ച് ആ ഉമ്മയെ സ്‌നേഹം കൊണ്ട് പൊതിയാന്‍ അവസരം കൈവരുന്നു.
''ഞാനറിഞ്ഞില്ല മോളേ..., ഞാനറിഞ്ഞില്ല.., നീ ഇത്ര സ്‌നേഹമുള്ളവളാണെന്നു ഞാനറിഞ്ഞില്ല. ഈ സ്‌നേഹത്തെയാണല്ലോ ഇത്ര കാലം ഞാന്‍ അകറ്റിനിര്‍ത്തിയത്. മോളേ.., എനിക്ക് തെറ്റു പറ്റി, പെരുത്താക്കണേ മോളേ..., പെരുത്താക്കണേ. (പൊറുക്കണമെന്നര്‍ഥം).'' രോഗക്കിടക്കയില്‍നിന്ന് തന്റെ കഴുത്തിലൂടെ കൈയിട്ട് തന്നിലേക്കടുപ്പിച്ച് ഉമ്മ പല പ്രാവശ്യം ഇതുതന്നെ പറയുമായിരുന്നുവെന്ന് ഹഫ്‌സത്താത്ത പറഞ്ഞു.  കൈയിലുണ്ടായിരുന്ന 12 പവന്‍ സ്വര്‍ണാഭരണം അഴിച്ച് ഉമ്മ നിറഞ്ഞ മനസ്സോടെ മരുമകളെ ഏല്‍പ്പിച്ചു. ''മോളേ, ഇവ ഇനി നിനക്കുള്ളതാണ്. നിനക്കു ശേഷം നിന്റെ മക്കള്‍ക്ക്.'' അവയില്‍ പച്ചക്കല്ലുകള്‍ പതിച്ച പാലക്കല്‍മാല പൊട്ടിയപ്പോള്‍ വളകളായി രൂപഭേദം വരുത്തി ഹഫ്‌സത്താത്ത ഇന്നും കൈയിലണിയുന്നുണ്ട്. ആ ഉമ്മയുടെ വര്‍ഷങ്ങള്‍ നീണ്ട മകനോടുള്ള സ്‌നേഹപ്പിണക്കത്തിന് വിരാമം കണ്ടു.
''ഉമ്മാ, നിങ്ങള്‍ മരിക്കുകയാണെങ്കില്‍ ഖബറടക്കാന്‍ കണ്ണൂരിലേക്കു തന്നെ കൊണ്ടുപോകണോ?'' ഹാഷിംക്ക ചോദിച്ചു.
''നീയെവിടെയാണോ, അവിടെ കിടന്നാല്‍ മതിയെനിക്ക്.''
ഒടുവില്‍ ആ മകന്റെ തോളില്‍ കിടന്ന് അവര്‍ മരണം പുല്‍കി. ചെറുവറ്റ ജുമാമസ്ജിദിന്റെ ഒരേ ഖബര്‍സ്ഥാനില്‍ അവര്‍ ബര്‍സഖീ ജീവിതത്തിലേക്ക്. ''നാളെ താന്‍ എന്താണ് നേടിയെടുക്കുകയെന്ന് ഒരാളും അറിയുന്നില്ല. ഏതു നാട്ടില്‍ വച്ചു മരിക്കുമെന്നും ഒരാളും അറിയുകയില്ല.''
1998. ഞാന്‍ ബേപ്പൂര്‍ ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായി തൊഴിലെടുക്കുന്ന കാലം. ഹാഷിംക്ക കുടുംബത്തോടൊപ്പം ചേന്ദമംഗല്ലൂരില്‍ എ.ഐ. നിഅ്മത്തുല്ലയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ആയിടെ ഹാഷിംക്ക എഴുതി:
''പ്രിയപ്പെട്ട ഉബൈദുദ്ദാ,
അറിയുമോ? തൃക്കളയൂരില്‍ ഭൂജാതനായ ഉബൈദിനു ദൈവം മനശ്ശാന്തി നല്‍കട്ടെ എന്ന പ്രാര്‍ഥന, പണ്ട് യത്തീംമക്കളുടെ പള്ളിയില്‍ ഉണ്ടായ, 'സംഭവിച്ച' കണ്ടുമുട്ടല്‍ മുതല്‍ ഇന്ന് നിഅ്മത്തുദ്ദായുടെ വീട്ടിലിരുന്ന് ആത്മകഥ എഴുതിക്കൊണ്ടിരിക്കുമ്പോഴും തുടരുന്ന ദുആ ആകുന്നു. സുബ്ഹി ബാങ്ക് വിളിച്ചുകഴിഞ്ഞു. മുട്ടവിളക്കിലുള്ള മണ്ണെണ്ണയില്‍ നിന്നാണോ വെളിച്ചം വരുന്നത്? വിളക്കൂതിക്കെടുത്തിയാല്‍ വെളിച്ചം എങ്ങോട്ടു പോകുന്നു? ഊതിക്കെടുത്തുന്നില്ല. മനുഷ്യരിലും ജിന്നുകളിലുമുള്ള ദുര്‍മന്ത്രവാദികളുടെ ഉപദ്രവത്തില്‍നിന്ന് ആത്മകഥയെഴുതുന്ന അലാവുദ്ദീനെ കാത്തുസൂക്ഷിക്കേണമേ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു.
കട്ടന്‍ചായ മൂടിയിരിക്കുന്നത് 'അന്‍മോല്‍ ഗീത്' എന്ന കാസറ്റു കൊണ്ടാണ്. ഷംഷാദ് ബീഗം പണ്ട് സിനിമ കാണുന്നവര്‍ക്കു വേണ്ടി കേള്‍ക്കാന്‍ പാടിയ പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കാസറ്റ് പ്ലെയര്‍ എന്നും മറ്റും പേരുള്ള ഏതെങ്കിലും യന്ത്രത്തിന്റെ സഹായം തേടിയാല്‍ മതി. മുസ്ഹഫ് എന്നാല്‍ ഗ്രന്ഥമാക്കപ്പെട്ടത് എന്നാണര്‍ഥമെന്ന് ഇസ്‌ലാം വിജ്ഞാനകോശത്തില്‍ കാണുന്നു. ഖുര്‍ആന്‍ എന്താണെന്ന് അലാവുദ്ദീന്‍ പറഞ്ഞുതുടങ്ങുന്ന സന്ദര്‍ഭം. ഖുര്‍ആനിലേക്കു പ്രവേശിക്കാന്‍ അലാവുദ്ദീന്‍ വുദു എന്ന പ്രതീകാത്മക അംഗസ്‌നാനം ചെയ്യും. അലാവുദ്ദീന്‍ ആത്മകഥ 110 പേജെഴുതിക്കഴിഞ്ഞു. എഴുതിയേടത്തോളം ഇനിയും മരിച്ചിട്ടില്ലാത്ത ഉബൈദ് തൃക്കളയൂര്‍ വായിക്കുമോ എന്നു ദൈവം ചോദിക്കുന്നു. മരണാനന്തരം ദൈവാജ്ഞയനുസരിച്ച് സ്വര്‍ഗത്തിലിരുന്നാണ് അലാവുദ്ദീന്‍ എഴുതുന്നത് എന്നു മനസ്സിലാക്കിയാല്‍ ദൈവം മലയാളത്തില്‍ തന്നെയാണ് ചോദിക്കുന്നതെന്നും, പറയേണ്ടതെല്ലാം പറയുന്നതും എന്നും, അറബിഭാഷയില്‍ ഒട്ടും വ്യുല്‍പ്പത്തിയില്ലാത്തതുകൊണ്ടല്ല അലാവുദ്ദീന്റെ മനസ്സില്‍ ആദ്യം ഉബൈദ് ഇതു വായിക്കണമെന്ന ആഗ്രഹം ഉണ്ടായതെന്നും മറ്റും മറ്റും. കത്ത് ചുരുക്കുന്നു.''
സംസാരത്തിനിടെ ഒരിക്കല്‍ തന്റെ തിരിച്ചുവരവിനെപ്പറ്റി ഹഫ്‌സ ഇങ്ങനെ പ്രതികരിച്ചു: ''തിരിച്ചുവരവുണ്ടാകണമെങ്കില്‍ ആദ്യം തിരിച്ചറിവുണ്ടാവണം. പഴയ മാലിന്യങ്ങളില്‍നിന്ന് ആദ്യം മനസ്സിനെ കാലിയാക്കുക; പുതിയ അറിവുകള്‍ മനസ്സില്‍ നിറയ്ക്കുക. ഇതാണ് തിരിച്ചറിവ്.''
ഓപറേഷന്‍ കഴിഞ്ഞു വടിയുടെ സഹായത്തോടെ പതുക്കെ എഴുന്നേറ്റു നടക്കുന്ന കാലം. എന്റെ മകള്‍ ആയിശ ദില്‍ശാദയുടെ വിവാഹത്തിനു ക്ഷണിക്കാന്‍ ഞാന്‍ ഹാഷിംക്കയുടെ വീട്ടില്‍ ചെന്നു. ''ഇന്‍ശാഅല്ലാഹ്, ഞങ്ങള്‍ രണ്ടു പേരും എന്തായാലും വരും. സുഖമില്ലെങ്കിലും എങ്ങനെയെങ്കിലും ഞാനവിടെ എത്തും.''
ഒരിക്കല്‍ കൂടി തൃക്കളയൂരിലേക്കു വരാനുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യം ആ പ്രതികരണത്തില്‍ വ്യക്തമായിരുന്നു. 2013 മെയ് 19നു മകളുടെ നിക്കാഹിനു സാക്ഷിയാവാന്‍ ഹാഷിംക്കയും ഹഫ്‌സത്താത്തയും വളരെ നേരത്തേ എത്തിച്ചേര്‍ന്നു. അവസാനമായി ഹാഷിംക്ക എന്റെ വീട്ടില്‍ വരുന്നത് അന്നാണ്. മകള്‍ക്ക് ഒരു സ്വര്‍ണാഭരണം സമ്മാനിക്കാനും അദ്ദേഹം മറന്നില്ല.
മുമ്പേ പരാമര്‍ശിച്ച കണ്ണൂരിലെ ഞങ്ങളുടെ നല്ല ചങ്ങാതിക്കൂട്ടത്തിനു പുറമേ മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ താമസമാക്കിയതിനു ശേഷം അദ്ദേഹത്തിനു ലഭിച്ച ഒരുപാട് ബന്ധങ്ങളും സൗഹൃദങ്ങളും, വിശിഷ്യാ വിവേകം ഓഫിസുമായി ബന്ധപ്പെട്ടതോടെ ഉണ്ടായിത്തീര്‍ന്ന താനൂര്‍ കുഞ്ഞു, ബഷീറലി, ടി.കെ. ആറ്റക്കോയ, എന്‍.എം. ഹുസയ്ന്‍, ടി.കെ. മുത്തുക്കോയ, വാസിര്‍ കൊടുങ്ങല്ലൂര്‍, എം.എ. അബ്ദുല്ലക്കുട്ടി, റഷീദ് മക്കട, ശരീഫ് നരിപ്പറ്റ, ശരീഫുദ്ദീന്‍ പി.കെ., നൂറുല്‍ അമീന്‍, ഒ. ശരീഫുദ്ദീന്‍, കെ.പി. ഇബ്രാഹീം, കബീര്‍ പൊറ്റശ്ശേരി, വി.എ. റസാഖ്, എം.കെ. ശംസുദ്ധീന്‍, പി.വി. മുജീബുര്‍റഹ്മാന്‍, വട്ടോളി ഇസ്മയില്‍, ഡോ. ഔസാഫ് അഹ്‌സന്‍, പി. അബ്ദുല്‍ ഖാദര്‍, കെ.ടി. മഹ്ബൂബ്, മുനവ്വിര്‍ കൊടിയത്തൂര്‍, സി. ജബ്ബാര്‍, കെ.എം. അഷ്‌റഫ് പറവൂര്‍, ടി.സി. മഹ്ബൂബ്, സി. ഉമ്മര്‍, സലാം ഹാജി, റിയാസ്, പി. അബ്ദുല്‍ഖാദര്‍, എ.കെ. അബ്ദുല്‍മജീദ്, അന്‍വര്‍ പാലേരി, കുഞ്ഞുമുഹമ്മദ് പുലവത്ത്, ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്, റഹ്മാന്‍ മുന്നൂര് തുടങ്ങിയ നിരവധി നല്ല സുഹൃത്തുക്കളുമായുള്ള അടുപ്പമാണ് ഹഫ്‌സയുടെ മനസ്സിലെ മാലിന്യങ്ങള്‍ അകറ്റി പുതിയ അറിവുകള്‍  നിറയ്ക്കാന്‍ സഹായകമായത്.
തന്റെ ഇക്കാലഘട്ടത്തിലെ നോവലെഴുത്തുകള്‍ മുതല്‍ എല്ലാ സര്‍ഗാത്മകസംരംഭങ്ങളും തനിക്ക് ദൈവം നല്‍കിയ തിരിച്ചറിവിനുള്ള നന്ദിയാണെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ഈ തിരിച്ചറിവാണ് മതത്തെയും പൗരോഹിത്യത്തെയും തന്റെ എഴുത്തിലൂട
Next Story

RELATED STORIES

Share it