Kollam Local

ഹന്‍സിക കപ്പല്‍ പൊളിക്കുന്നത് അനിശ്ചിതത്വത്തില്‍



കൊല്ലം: തീരദേശത്ത് നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മണല്‍തിട്ടയില്‍ ഉറച്ചുകിടക്കുന്ന ഹന്‍സിക എന്ന മണ്ണുമാന്തിക്കപ്പല്‍ പൊളിച്ചുമാറ്റുന്ന നടപടി അനിശ്ചിതത്വത്തില്‍. കപ്പല്‍ പൊളിച്ചുനീക്കാന്‍ അനുമതി വന്നിട്ടും ജില്ലാ കലക്ടര്‍ അധ്യക്ഷനായ ദുരന്തനിവാരണ അതോറിറ്റിയുടെ മെല്ലെപ്പോക്ക് നയം മൂലം ബുദ്ധിമുട്ടുന്നത് തീരദേശ വാസികളാണ്. 2013 നവംബറിലാണ് മുംബൈ ആസ്ഥാനമായ മേഘ ഡ്രഡ്ജിങ് കമ്പനിയുടെ കപ്പലായ ഹന്‍സിക കൊച്ചിയില്‍ നിന്ന് കൊല്ലം തീരത്തെത്തുന്നത്. തങ്കശ്ശേരിയിലെ തുറമുഖത്ത് അറ്റകുറ്റപ്പണിക്കായാണ് കപ്പല്‍ എത്തിച്ചത്. 25 ദിവസത്തേക്കായിരുന്നു കരാര്‍. എന്നാല്‍ വാര്‍ഫ് ചാര്‍ജ് അടക്കം 40 ലക്ഷത്തോളം രൂപ കുടിശ്ശികയായപ്പോള്‍ അറ്റകുറ്റപ്പണികള്‍ നിലച്ചു. കുടിശിക നല്‍കാതെ തീരംവിടാന്‍ പോര്‍ട്ട് അധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് തീരത്ത് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ നങ്കൂരമിട്ടു. രണ്ടര വര്‍ഷം കപ്പല്‍ ഇങ്ങനെ കിടന്നു. പിന്നീട് നങ്കൂരം ഇറകിമാറിയതോടെ കപ്പല്‍ കടലില്‍ ഒഴുകിനടന്നു. വേലിയേറ്റ സമയത്ത് പല തീരങ്ങളില്‍ കപ്പല്‍ അടുത്തു. ഒടുവിലാണ് കാക്കത്തോപ്പ് തീരത്ത് മണ്‍തിട്ടയില്‍ കപ്പല്‍ ഉറച്ചുകിടക്കുന്നത്.2016 ജൂണിലാണ് ഹന്‍സിക എന്ന മണ്ണുമാന്തിക്കപ്പല്‍ കൊല്ലം കാക്കത്തോപ്പ് തീരത്ത് മണല്‍തിട്ടയിലുറച്ചത്. കപ്പല്‍ തിട്ടയിലുറച്ചതോടെ പ്രദേശമാകെ കടലാക്രമണം രൂക്ഷമായി. നിരവധി വീടുകള്‍ തകര്‍ന്നു. കൊല്ലം -പരവൂര്‍ തീരദേശ റോഡ് ഇപ്പോഴും കടലാക്രമണ ഭീഷണിയിലാണ്.നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് കപ്പല്‍ തീരത്ത് നിന്ന് മാറ്റാനായി നിരവധി ജനകീയ സമരങ്ങള്‍ നടന്നെങ്കിലും തുറമുഖ വകുപ്പും കപ്പലുടമയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അതെല്ലാം അനിശ്ചിതത്വത്തിലായി. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് പുറംകടലിലേക്ക് നീക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് കപ്പല്‍ പൊളിച്ചുമാറ്റാന്‍ നടപടികള്‍ ആരംഭിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊളിച്ചുനീക്കല്‍ തടയാന്‍ ശ്രമം നടക്കുമ്പോഴും തങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികള്‍ജില്ലാ കലക്ടര്‍ അധ്യക്ഷനായ ദുരന്തനിവാരണ സമിതിയുടെ അന്തിമ ശുപാര്‍ശ ലഭിച്ചാല്‍ മാത്രമേ കപ്പല്‍ പൊളിച്ചുനീക്കാന്‍ സാധിക്കുകയുള്ളൂ. നടപടി വൈകുന്നതുമൂലം തങ്ങളുടെ ജീവനും സ്വത്തിനുമാണ് ഭീഷണി നേരിടുന്നതെന്ന് ജനങ്ങള്‍ പറയുന്നു.
Next Story

RELATED STORIES

Share it