ഹന്ദ്വാര സംഭവം: ഒരാള്‍ അറസ്റ്റില്‍; 3 സൈനിക ബങ്കറുകള്‍ നീക്കി

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയെ പിടിച്ചുകുലുക്കിയ ഹന്ദ്വാര മാനഭംഗക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹിലാല്‍ അഹ്മദ് ബാണ്ടെ എന്ന യുവാവാണ് അറസ്റ്റിലായത്. തിങ്കളാഴ്ച അര്‍ധരാത്രി അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.
സംഭവത്തില്‍ ഒരാള്‍കൂടി പിടിയിലാവാനുണ്ടെന്നു പോലിസ് അറിയിച്ചു. പെണ്‍കുട്ടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ നല്‍കിയ മൊഴിയില്‍ പരാമര്‍ശിച്ച രണ്ടു പേരില്‍ ഒരാളാണ് ബാണ്ടെ. സൈനികന്‍ പീഡിപ്പിച്ചെന്ന ആരോപണം താഴ്‌വരയെ കലാപ ഭൂമിയാക്കുകയും സൈനിക വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന്, കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ് പെണ്‍കുട്ടി ആരോപണം തിരുത്തിയത്. സ്‌കൂളില്‍ നിന്നു വരുമ്പോള്‍ തന്നെ പിന്തുടര്‍ന്ന രണ്ടു വിദ്യാര്‍ഥികള്‍ അപമര്യാദയായി പെരുമാറിയെന്നാണ് പെണ്‍കുട്ടി മൊഴി മാറ്റിയത്. പട്ടണത്തിലെ ടോയ്‌ലറ്റില്‍നിന്നിറങ്ങവെ അപമര്യാദയായി പെരുമാറിയ രണ്ടുപേര്‍ ബാഗ് തട്ടിയെടുത്ത് ഓടിയെന്നും ഇവരില്‍ ഒരാള്‍ സ്‌കൂള്‍ യൂനിഫോം ധാരിയായിരുന്നുവെന്നും പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിരുന്നു.
ദിവസങ്ങളോളം അന്യായമായി കസ്റ്റഡിയില്‍ തുടര്‍ന്നതിന്റെ സമ്മര്‍ദ്ദം മൂലമാവാം മകള്‍ ഇത്തരത്തില്‍ മൊഴി മാറ്റിയതെന്ന് പെണ്‍കുട്ടിയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെ അന്യായമായി പോലിസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നാരോപിച്ച് മാതാവ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയത്. അതിനിടെ ഹന്ദ്വാരയിലെ പ്രധാന ചന്തയിലുള്ള മൂന്നു സൈനിക ബങ്കറുകള്‍ നഗരസഭാ അധികൃതര്‍ നീക്കി. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഹന്ദ്വാരയിലെ കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണത്തില്‍ നാലു മണിക്കൂര്‍ ഇളവ് നല്‍കി. എന്നാല്‍, കുപ്‌വാരയിലും ട്രെഗമിലും നിയന്ത്രണം തുടരുകയാണ്.
Next Story

RELATED STORIES

Share it