ഹന്ദ്വാര പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

ശ്രീനഗര്‍: സൈനികന്‍ തന്നെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് ഹന്ദ്വാരയിലെ പെണ്‍കുട്ടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയെന്നു കശ്മീര്‍ പോലിസ്. പെണ്‍കുട്ടിയെയും പിതാവിനെയും കഴിഞ്ഞദിവസം വൈകീട്ടാണ് പോലിസ് ഹന്ദ്വാരയിലെ കോടതിയിലെത്തിച്ചത്. മാനഭംഗം നടന്നുവെന്നു പറയുന്ന കഴിഞ്ഞ ചൊവ്വാഴ്ച നടന്നതെന്തെന്നു പെണ്‍കുട്ടി ജഡ്ജി മുമ്പാകെ വിശദീകരിച്ചു.
സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വരുമ്പോള്‍ ഹന്ദ്വാരയിലെ പൊതുശൗചാലയത്തില്‍ മൂത്രശങ്ക തീര്‍ക്കാന്‍ കയറിയ തന്നെ രണ്ട് ആണ്‍കുട്ടികള്‍ ആക്രമിച്ചുവെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്നു പോലിസ് പ്രസ്താവനയില്‍ അറിയിച്ചു. ആണ്‍കുട്ടികള്‍ കലഹിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. തന്റെ ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിച്ച ആണ്‍കുട്ടികളില്‍ ഒരാള്‍ സ്‌കൂള്‍ യൂനിഫോമിലായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയെന്ന് പോലിസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ മാതാവിന്റെ ഹരജിയില്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് കുട്ടിയെയും പിതാവിനെയും പോലിസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. സൈനികനെ കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ മാനഭംഗം നടന്നിട്ടില്ലെന്ന് പോലിസ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മൊഴിയെടുക്കുകയായിരുന്നുവെന്ന് മാതാവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. പെണ്‍കുട്ടി മാനഭംഗത്തിനിരയായ സംഭവം കശ്മീരില്‍ വ്യാപക പ്രക്ഷോഭത്തിന് തിരികൊളുത്തിയിരുന്നു. തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യു അഞ്ചാംദിവസമായ ഇന്നലെയും തുടര്‍ന്നു. ശ്രീനഗറില്‍ സഞ്ചാര നിയന്ത്രണത്തില്‍ ഇളവ് നല്‍കി. അതിനിടെ, ഉദ്ദംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ആസ്ഥാനത്തെത്തിയ സൈനിക മേധാവി ദല്‍ബീര്‍ സിങ് സംസ്ഥാനത്തെ സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്തി.
Next Story

RELATED STORIES

Share it