ഹനുമന്തപ്പയുടെ ജീവനു വേണ്ടി പ്രാര്‍ഥനയോടെ രാജ്യം

ന്യൂഡല്‍ഹി: സിയാച്ചിനില്‍ ആറു ദിവസം മഞ്ഞിനടിയില്‍ കുടുങ്ങിക്കിടന്നു ജീവനോടെ രക്ഷപ്പെട്ട കര്‍ണാടക സ്വദേശി ലാന്‍സ് നായിക് ഹനുമന്തപ്പയ്ക്കായി പ്രാര്‍ഥനയോടെ രാജ്യം. ഡല്‍ഹിയിലെ ആര്‍ആര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഹനുമന്തപ്പയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗുമെത്തി.
25 അടി താഴെ കുടുങ്ങിക്കിടന്നിരുന്ന ഹനുമന്തപ്പ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മൈനസ് 45 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. തുടര്‍ന്ന് അടിയന്ത#െര ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുവരുകയായിരുന്നു. 24 മുതല്‍ 48 മണിക്കൂറിനുള്ളിലേ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് അടുത്ത് 19,600 അടി ഉയരത്തില്‍ മഞ്ഞുമൂടിക്കിടക്കുന്ന സൈനിക പോസ്റ്റ് ദിവസങ്ങള്‍ക്കു മുമ്പാണ് മഞ്ഞിടിച്ചിലില്‍ അകപ്പെട്ടത്.
പോസ്റ്റിലുണ്ടായിരുന്ന സൈനികരെല്ലാം മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, സൈനികര്‍ സുരക്ഷിതരാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഈ ബോര്‍ഡുകള്‍ മാറ്റി. സൈന്യം അത്യാധുനിക സംവിധാനങ്ങളുമായെത്തി മഞ്ഞു നീക്കാന്‍ ആരംഭിച്ചു.
ഒമ്പതുപേരാണ് പോസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തി.
അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മദ്രാസ് റെജിമെന്റില്‍നിന്നുള്ള എട്ടുപേരെ കൂടാതെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. ഹനുമന്തപ്പയുടേത് അദ്ഭുതകരമായ രക്ഷപ്പെടലാണെന്നും അദ്ദേഹത്തിന്റെ ജീവനായി പ്രാര്‍ഥിക്കുകയാണെന്നും നോര്‍തേണ്‍ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ എച്ച് എസ് ഹൂഡ പറഞ്ഞു. പോസ്റ്റുണ്ടായിരുന്ന സ്ഥലത്ത് വിവിധ ഭാഗങ്ങളിലായി സൈന്യം 30 അടി മഞ്ഞ് തുരന്നുമാറ്റിയിട്ടുണ്ട്.
Next Story

RELATED STORIES

Share it