Thrissur

ഹനീഫ വധം ഗോപപ്രതാപനെതിരേ മാതാവിന്റെ മൊഴി


ചാവക്കാട്: കോണ്‍ഗ്രസ് നേതാവ് എ സി ഹനീഫയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മാതാവിന്റെ സാക്ഷി മൊഴി രേഖപ്പെടുത്തി. ഹനീഫയുടെ മാതാവ് ഐഷാബിയില്‍ നിന്നാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി ഡി മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മൊഴിയെടുത്തത്. കൊലപാതകം നടന്നതിന്റെ തലേന്ന് (ആഗസ്ത് ആറിന്) രാത്രി ഏഴുമണിയോടെ കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന സി എ ഗോപപ്രതാപന്‍ വീട്ടില്‍ വന്ന് ഹനീഫയുണ്ടോയെന്ന് അന്വേഷിച്ചതായും ആ സമയം താന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂവെന്നും ഐഷാബി പറഞ്ഞു. നീ ഗോപനെ എതിര്‍ക്കാനായിട്ടുണ്ടോടാ എന്ന് ഉറക്കെ പറഞ്ഞ് കൊണ്ടാണ് പ്രതികള്‍ ഹനീഫയെ കുത്തിയതെന്നും തടയാന്‍ ശ്രമിച്ച തന്നെയും അയല്‍വാസിയെയും അവര്‍ തള്ളിമാറ്റുകയും കത്തിവീശുകയും ചെയ്തതായും ഐഷാബി മൊഴി നല്‍കി. കൊലപാതകം നടന്ന് കൃത്യം ഒരു മാസം തികഞ്ഞപ്പോഴാണ് ദൃക്‌സാക്ഷികളിലൊരാളായ ഹനീഫയുടെ മാതാവില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്. ഈ ആരേപണങ്ങള്‍ ഉന്നയിച്ച്് ഐഷാബി നേരത്തെ ഡി.ജി.പി.ക്ക് പരാതി നല്‍കിയിരുന്നു. ആഗസ്ത് ഏഴിന് രാത്രി പത്തോടേയാണ് മണത്തല ബേബി റോഡ് പഴയ 14ാം വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി എ സി ഹനീഫയെ മാതാവിന്റെ മുന്നിലിട്ട് ആറംഗ സംഘം കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ ഒന്നാം പ്രതി മണത്തല ബേബിറോഡ് പഴയ 14ാം വാര്‍ഡില്‍ കണ്ണങ്കേരന്‍ ഷമീര്‍, രണ്ടാം പ്രതി കുണ്ടുപറമ്പില്‍ ഷാഫി, മൂന്നാം പ്രതി പുത്തന്‍കടപ്പുറം തൊണ്ടന്‍പിരി വീട്ടില്‍ അന്‍സാര്‍, നാലാം പ്രതി കുന്നത്ത് അഫ്‌സല്‍, അഞ്ചാം പ്രതി കൊപ്പര ഫസലു, പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ച പുത്തന്‍കടപ്പുറം പുതുവീട്ടില്‍ ഷംസീര്‍, പാവറട്ടി പുതുമനശ്ശേരി അമ്പലത്ത് വീട്ടില്‍ റിംഷാദ്, നാലകത്ത് പടവിങ്കല്‍ സിദ്ധീഖ്, നാലകത്ത് മഞ്ഞിലില്‍ ആബിദ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it