thrissur local

ഹനീഫ വധം ഗുരുവായൂര്‍ മണ്ഡലത്തില്‍ മുസ്‌ലിം ലീഗിന് തലവേദനയാവുന്നു

ചാവക്കാട്: ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ സി ഹനീഫ കൊല്ലപ്പെട്ട സംഭവം ഗുരുവായൂരില്‍ ലീഗിന് തലവേദനയാകുന്നു. വധത്തിനു പിന്നിലെ സൂത്രധാരനെന്ന് ഹനീഫയുടെ കുടുംബം ആരോപിക്കുന്ന കോണ്‍ഗ്രസ് ബ്ലോക്ക് മുന്‍ പ്രസിഡന്റ് സി എ ഗോപപ്രതാപനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകില്ലെന്ന ഒരു വിഭാഗം ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ തീരുമാനമാണ് ലീഗിനെ വെട്ടിലാക്കിയിരുക്കുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് ഗോപപ്രതാപനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യം. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം മാത്രം ഗോപപ്രതാപനെ തിരിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഐ ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ഐ ഗ്രൂപ്പ് തയാറായിട്ടില്ല.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ലീഗിനെ സമ്മര്‍ദ്ധത്തിലാക്കി ഗോപപ്രതാപനെ തിരിച്ചെടുപ്പിക്കാനാണ് ഐ ഗ്രൂപ്പ് തന്ത്രം മെനയുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുമ്പ് ഗോപപ്രതാപനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ അത് വന്‍ തിരിച്ചടിക്ക് ഇടവരുത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. കോണ്‍ഗ്രസ് എ-ഐ ഗ്രൂപ്പ് പോര് തുടര്‍ക്കഥയായതോടെ തലവേദനയിലായിരിക്കുന്നത് മുസ്‌ലിം ലീഗ് നേതൃത്വമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിക്കലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കേയാണ് ഒരു വിഭാഗം ഐ ഗ്രൂപ്പുകാര്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണം രംഗത്തു സജീവമാകില്ലെന്നറിയിച്ച് രംഗത്തെത്തിയത്.
ഇതിനു പുറമേ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് ഗോപപ്രതാപന്‍ മുന്‍കൈയെടുത്ത് രൂപം കൊടുത്ത് രൂപീകരിച്ച കെ കരുണാകരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനം കൈകൊണ്ടിരുന്നു. ഹനീഫ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാളെ ചാവക്കാട്ട് പൊതുയോഗം സംഘടിപ്പിക്കാനും കെ കരുണാകരന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ട്. 2006ല്‍ ലീഗിന് കെ പി വല്‍സലന്‍ കൊലപാതകമാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ തലവേദനയായിരുന്നതെങ്കില്‍ ഇത്തവണ എ സി ഹനീഫ വധമാണ് ലീഗിനെ കുടുക്കിലാക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it