World

ഹനിയ്യ: യുഎസ് നടപടിക്കെതിരേ ഫലസ്തീന്‍ സംഘടനകള്‍

ഗസ: ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ യുഎസിന്റെ നടപടിക്കെതിരേ ഫലസ്തീന്‍ സംഘടനകള്‍. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അടക്കമുള്ള സംഘടനകള്‍ ഇതിനെതിരേ രംഗത്തെത്തി. ബുധനാഴ്ചയാണു ഹനിയ്യയെ യുഎസ് ആഗോള ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന നടപടിയാണു യുഎസിന്റേതെന്നും ഇതു കൊണ്ടു തങ്ങള്‍ ഭയപ്പെട്ട് പിന്‍മാറില്ലെന്നും ഇസ്രായേലിന്റെ അധിനിവേശത്തെ ചെറുക്കാന്‍ ഫലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടെന്നും ഹമാസ് പ്രതികരിച്ചു.യുഎസിന് ഇസ്രായേലിനോടുള്ള പ്രതിബദ്ധത തെളിയിക്കുന്ന നീക്കമാണിത്. ഫലസ്തീന്‍ ജനതയോട് ഇസ്രായേല്‍ കാണിക്കുന്ന ക്രൂരതകള്‍ മറച്ചുവയ്ക്കുന്നതാണു യുഎസ് ചെയ്യുന്നതെന്നും ഹമാസ് കുറ്റപ്പെടുത്തി.യുഎസിന്റെ പുതിയ നീക്കം ചുമതലകള്‍ നിറവേറ്റുന്നതില്‍ നിന്നു തങ്ങളെ പിന്നോട്ടടിപ്പിക്കില്ല. ഫലസ്തീന്‍ ജനത അവരെ പ്രതിരോധിക്കുക തന്നെ ചെയ്യും. നമ്മുടെ ഭൂമിയും പുണ്യഭൂമിയും അവരില്‍ നിന്നും മോചിപ്പിക്കുക തന്നെ ചെയ്യും’ പ്രസ്താവനയില്‍ ഹമാസ് പറഞ്ഞു. 2017 മെയ് മുതലാണു ഹനിയ്യ ഹമാസിന്റെ തലവനായി ചുമതലയേറ്റത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹനിയ്യയുമായി യുഎസുമായി ബന്ധമുള്ള വ്യക്തികള്‍ക്കോ, കമ്പനികള്‍ക്കോ ബിസിനസ് നടത്തുകയോ യുഎസ് അധിഷ് ഠിത ആസ്തികള്‍ ഉണ്ടാവുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it