ഹനാന് വാഹനാപകടത്തില്‍ പരിക്ക്‌

കൊച്ചി: റോഡരികില്‍ മീന്‍ വില്‍പന നടത്തി ശ്രദ്ധേയയായ വിദ്യാര്‍ഥിനി ഹനാന് വാഹനാപകടത്തില്‍ പരിക്ക്. ഹനാന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാനെ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ന്യൂറോ തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്ന ഹനാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ ഹാറൂണ്‍ മാനാടത്ത് പിള്ളയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അപകടത്തില്‍ ഹനാന്റെ സ്‌പൈനല്‍ കോഡിനും പരിക്കേറ്റിട്ടുണ്ട്. കൈകളിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും നിസ്സാര പരിക്കുകള്‍ ഉള്ളതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ ഹനാനൊപ്പമുള്ളത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് കാറില്‍ വരുന്നതിനിടെ കൊടുങ്ങല്ലൂര്‍ കോതപറമ്പിനും ചന്തപ്പുരയ്ക്കുമിടയില്‍ ദേശീയപാതയില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. റോഡിന് കുറുകെ ചാടിയ കാല്‍നട യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതിത്തൂണില്‍ ഇടിക്കുകയായിരുന്നുവെന്നു ഹനാന്‍ പറഞ്ഞു. കാര്‍ ഡ്രൈവര്‍ ജിതേഷ് കുമാറിനു നേരിയ തോതില്‍ പരിക്കേറ്റു. നാദാപുരത്തും കോഴിക്കോടും സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. തന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് പ്രധാനമന്ത്രിക്കെതിരേ പോസ്റ്റിട്ട സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പോലിസ് കമ്മീഷണറെ കാണാന്‍ പോവും വഴിയാണ് അപകടമുണ്ടായതെന്നു ഹനാന്‍ പറഞ്ഞു.അതേസമയം അപകടത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഹനാന്റെ ചികില്‍സാ ചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഹനാന്റെ അപകട വിവരമറിഞ്ഞു മന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ചികില്‍സയെപ്പറ്റി ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികില്‍സാ ചെലവ് ഏറ്റെടുക്കുമെന്നു മന്ത്രി അറിയിച്ചത്.

Next Story

RELATED STORIES

Share it