Flash News

ഹനാന്‍:ദുരിത ജീവിതം സത്യം; മീന്‍ വില്‍പനയും സത്യം: അഷ്‌റഫ്

കൊച്ചി: കോളജ് യൂനിഫോമില്‍ മീന്‍ വില്‍പന നടത്തി വാര്‍ത്തയായ ഹനാന്റെ ജീവിതവും മീന്‍വില്‍പനയും യാഥാര്‍ഥ്യമാണെന്ന് ഹനാന് മാടവനയില്‍ വാടക വീട് ഏര്‍പ്പാടാക്കി കൊടുത്ത അഷ്‌റഫ് തേജസിനോട് പറഞ്ഞു. ജീവിത പ്രാരബ്ധങ്ങളില്‍ തളര്‍ന്നുപോവാതെ ഒരറ്റം എത്തിപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഹനാന്‍. കഴിഞ്ഞ എട്ടു മാസമായി ഹനാനെ അറിയാം. ഹനാന്റെ മാനസികമായി തകര്‍ന്ന അമ്മയെയും കണ്ടിട്ടുണ്ട്. പരിചയമുള്ള ഒരു സ്ത്രീയാണ് മാസങ്ങള്‍ക്ക് മുമ്പ് ഹനാന് മാടവനയില്‍ ഒരു വാടകവീട് ഏര്‍പ്പാടാക്കി കൊടുക്കാന്‍ പറഞ്ഞത്. എന്നാല്‍, വീട് ഏര്‍പ്പാടാക്കിയപ്പോഴേക്കും ഹനാന്‍ ആലുവയില്‍ വീട് എടുത്തിരുന്നു. അയല്‍വാസികളുമായുണ്ടായ അസ്വാരസ്യത്തെ തുടര്‍ന്ന് അമ്മയെ തൃശൂര്‍ ബന്ധുവീട്ടില്‍ കൊണ്ടുപോയി നിര്‍ത്താനും ഒറ്റയ്ക്ക് താമസിക്കാനും ഹനാന്‍ തീരുമാനിച്ചു. അതിനു ശേഷമാണ് മാടവനയിലെ അക്ഷയ കേന്ദ്രത്തിനു മുകളില്‍ രണ്ടു മാസം മുമ്പ് 3500 രൂപ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയത്. അതിനു ശേഷം കളമശ്ശേരിയില്‍ മൂന്നാഴ്ചയോളം ഹനാന്‍ മീന്‍വില്‍പനയ്ക്ക് പോയിരുന്നു. അവിടെ കച്ചവടം നിര്‍ത്തി കഴിഞ്ഞ തിങ്കളാഴ്ചയാണ് തമ്മനം ജങ്ഷനില്‍ മീന്‍വില്‍പന ആരംഭിച്ചത്. അതിനു വേണ്ടി പുതിയ സൈക്കിളും വാങ്ങി. ഹനാന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സോഷ്യല്‍ മീഡിയയില്‍ കല്ലെറിഞ്ഞവരും ചീത്ത വിളിച്ചവരും മാപ്പു പറഞ്ഞാല്‍ തീരുന്നതല്ല മനസ്സിനേറ്റ മുറിവെന്നും അഷ്‌റഫ് പറഞ്ഞു.
തമ്മനം ജങ്ഷനില്‍ കോളജ് യൂനിഫോമില്‍ ഹനാന്‍ മീന്‍ വിറ്റത് പഠനത്തിനും ഉപജീവനത്തിനും വഴിതേടി തന്നെയാണ്. ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റയ്ക്കു പൊരുതി കരകയറാനുള്ള ശ്രമത്തിലായിരുന്നു ഹനാന്‍. ജീവിതത്തില്‍ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യയിലേക്കും മറ്റും വഴിതിരിയുന്നവര്‍ക്ക് മാതൃകയാണ് ഹനാന്റെ ജീവിതപോരാട്ടം. പുലര്‍ച്ചെ മൂന്നുമണിക്ക് ഹനാന്റെ ഒരുദിവസം തുടങ്ങുന്നു. ഒരു മണിക്കൂര്‍ പഠനം. തുടര്‍ന്ന്, മാടവനയില്‍ നിന്നു കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെനിന്നു മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. മീന്‍ അവിടെ ഇറക്കിവച്ചു താമസസ്ഥലത്തേക്ക് മടങ്ങും. കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെ തൊടുപുഴയിലെ കോളജിലേക്ക്. മൂന്നരയ്ക്ക് കോളജ് വിട്ടാല്‍ തമ്മനത്തേക്ക്. രാവിലെ എടുത്തുവച്ച മീന്‍കച്ചവടം തുടങ്ങും. നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമായ ഹനാന്റെ കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. സഹോദരന്‍ പ്ലസ്ടുവിന് പഠിക്കുന്നു. 10 മുതല്‍ പ്ലസ്ടു വരെയുള്ള കാലം ട്യൂഷന്‍ എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന്‍ പഠനത്തിനു പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.
Next Story

RELATED STORIES

Share it