ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍നിന്നു തന്നെ നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ; അപേക്ഷാഫോറം വിതരണം നാളെ മുതല്‍

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോവാനായുള്ള അപേക്ഷാഫോറം വിതരണവും സ്വീകരണവും നാളെ മുതല്‍ ആരംഭിക്കും. ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഇന്നലെ കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം വിലയിരുത്തി.
കരിപ്പൂര്‍ ഹജ്ജ്ഹൗസ്, സംസ്ഥാനത്തെ മുഴുവന്‍ കലക്ടറേറ്റുകളിലെയും ന്യൂനപക്ഷ സെല്‍, കോഴിക്കോട് മദ്‌റസാ അധ്യാപക ക്ഷേമനിധി ഓഫിസ് എന്നിവിടങ്ങളില്‍നിന്ന് അ പേക്ഷാഫോറം ലഭിക്കും കൂടാതെ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തും അപേക്ഷകളെടുക്കാം. നേരിട്ടും ഓണ്‍ലൈന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. നാളെ മുതല്‍ ഫെബ്രുവരി 14 വരെ ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കും. കുടുംബബന്ധമുള്ള അഞ്ചുപേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാം. അപേക്ഷയുടെ ഒരു സെറ്റ് മാത്രമാണ് ഇത്തവണ നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം രണ്ടു സെറ്റ് നല്‍കേണ്ടിയിരുന്നു. ഹജ്ജ് വേളയില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് ആവശ്യമുള്ളവര്‍ ടിക്ക് ചെയ്താല്‍ മതി.
ഹജ്ജ് അപേക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അപേക്ഷയോടൊപ്പം ലഭിക്കും. വനിതകള്‍ ഉള്‍പ്പെടെ 310 പേരെ ട്രെയിനര്‍മാരായി നിയോഗിച്ചിട്ടുണ്ട്. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഒരു സഹായിക്കും നേരിട്ട് അവസരം ലഭിക്കും. കൂടാതെ അഞ്ചാംവര്‍ഷക്കാര്‍ക്കും നേരിട്ട് അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. കേന്ദ്രത്തില്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഹജ്ജ് അപേക്ഷകളില്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കാന്‍ ഹജ്ജ്ഹൗസില്‍ ദിവസക്കൂലിയില്‍ 40 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനും ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു.
അതേസമയം, ഈ വര്‍ഷത്തെ ഹജ്ജ് വിമാനസര്‍വീസ് കരിപ്പൂരില്‍നിന്ന് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പുമുസ്‌ല്യാര്‍ പറഞ്ഞു. കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഹജ്ജ് സര്‍വീസ് അവസാന നിമിഷം നെടുമ്പാശ്ശേരിയിലേക്ക് മാറ്റേണ്ടിവരുന്നത് ഒഴിവാക്കാന്‍ ബന്ധപ്പെട്ടവരെ സമീപിക്കും. ഇതുസംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് അടുത്ത ദിവസം തന്നെ നിവേദനം നല്‍കും.
സംസ്ഥാന-കേന്ദ്ര മന്ത്രിതലത്തിലും ഇതുസംബന്ധിച്ച ആവശ്യമുന്നയിച്ച് വിമാനം കരിപ്പൂരില്‍നിന്നാക്കാന്‍ ശ്രമിക്കും. കേരളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഏറെയുള്ളത് മലബാര്‍ മേഖലയില്‍നിന്നാണ്. കഴിഞ്ഞ വര്‍ഷം 87 ശതമാനം തീര്‍ത്ഥാടകരും മലബാറില്‍നിന്നുള്ളവരായിരുന്നു. ആയതിനാല്‍ കരിപ്പൂര്‍ വഴിയുള്ള യാത്രയാണ് കൂടുതല്‍ ആശ്വാസമാവുകയെന്നും ചെയര്‍മാന്‍ പറഞ്ഞു.
മുഹമ്മദ്കുഞ്ഞി മൗലവി, ഡോ. ഇ കെ അഹമ്മദ് കുട്ടി, ഷരീഫ് മണിയാട്ടുകുടി, അഹ്മദ് മൂപ്പന്‍, പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, സി എച്ച് അഹ്മദ് ചായിന്റ, മുഹമ്മദ് മോന്‍ ഹാജി, ഹജ്ജ് അസി. സെക്രട്ടറി ഇ സി മുഹമ്മദ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it