malappuram local

ഹജ്ജ് വോളന്റിയര്‍മാരെ നേരിട്ട് കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് വിമുഖത

കരിപ്പൂര്‍: ഹജ്ജ് തീര്‍ത്ഥാടകരുടെ സഹായികളായി വോളണ്ടിയര്‍മാരെ (ഖാദിമുല്‍ ഹുജ്ജാജ്)അയക്കാന്‍ ഹജ്ജ് ക്വാട്ട ഏറ്റവും കൂടുതല്‍ ലഭിച്ച ഉത്തര്‍ പ്രദേശ്, അസ്സം സംസ്ഥാനങ്ങള്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി നേരിട്ട് വോളണ്ടിയര്‍മാരെ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കി. ഹജ്ജ് വേളയില്‍ 200 തീര്‍ത്ഥാടകന് ഒരു വോളണ്ടിയര്‍ എന്ന തോതിലാണ് ഖാദിമുല്‍ ഹുജ്ജാജിനെ തിരഞ്ഞെടുക്കുക.ഇതിനായി രാജ്യത്തെ മുഴുവന്‍ ഹജ്ജ് കമ്മറ്റികള്‍ക്കും കേന്ദ്ര ഹജ്ജ് കമ്മറ്റി നിര്‍ദേശം നല്‍കിയിരന്നു.എന്നാല്‍ ഉത്തര്‍പ്രദേശ്, അസ്സം സംസ്ഥാനങ്ങള്‍ ഇതിന് കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിക്കുകയായിരുന്നു.
ഹജ്ജ് വോളണ്ടിയര്‍മാരെ നിയമിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി പ്രത്യേക നിര്‍ദേശങ്ങളും ഉത്തരവുകളും പുറത്തിറക്കിയിട്ടുണ്ട്.സര്‍ക്കാര്‍ ജീവനക്കാരായിരിക്കണം. 25നും 50നും ഇടയില്‍ പ്രായമുളളവരായിരിക്കണം,അറബി ഭാഷയില്‍ പരിജ്ഞാനം വേണം,നേരത്തെ ഹജ്ജ് ചെയ്തവരായിരിക്കണം,പുരുഷന്മാരായിരിക്കണം,തുടങ്ങിയവ പ്രധാനമാണ്.ഇത്തരത്തിലുളളവരെ കണ്ടെത്താന്‍ കഴിയില്ലെന്നാണ് ഇരു സംസ്ഥാന ഹജ്ജ് കമ്മറ്റികളുടേയും നിലപാട്.ഉത്തര്‍ പ്രദേശ് കഴിഞ്ഞ നാലു വര്‍ഷമായി ഈ സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം അസ്സമില്‍ നിന്നും വോളണ്ടിയര്‍മാരെ അയക്കാന്‍ കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്ന് 55 വോളണ്ടിയര്‍മാരേയും അസ്സമില്‍ നിന്ന് 12 പേരേയും നേരിട്ട് കണ്ടെത്താനാണ് കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ ശ്രമം.ഇതിനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.വോളണ്ടിയര്‍മാര്‍ അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തന്നെയായിരിക്കണമെന്ന് നിര്‍ബന്ധമാണ്.ഹജ്ജ് ക്വാട്ടയില്‍ രണ്ടാം സ്ഥാനത്തുളള കേരളത്തില്‍ നിന്ന് ഇത്തവണ 50 വോളണ്ടിയര്‍മാരെ അയക്കാനാണ് സാധ്യത.ഇതിനുള്ള നടപടിക്രമങ്ങള്‍ നടന്നവരികയാണ്.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അയക്കുന്ന വോളണ്ടിയര്‍മാര്‍ മാതൃക സേവനങ്ങള്‍ കാഴ്ചവയ്ക്കുന്നവരാണ്.
Next Story

RELATED STORIES

Share it