Flash News

ഹജ്ജ് യാത്രയ്ക്ക് ചെലവേറും



കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോകാന്‍ അവസരം ലഭിച്ചവര്‍ രണ്ടാം ഗഡു തുക ജൂണ്‍ 19നു മുമ്പായി അടയ്ക്കണം. ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ 1,54,150 രൂപയും അസീസിയ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ 1,20,750 രൂപയുമാണ് അടയ്‌ക്കേണ്ടത്. ആദ്യ ഗഡു പണം 81,000 രൂപയ്ക്കു പുറമേയാണ് രണ്ടാം ഗഡു താമസ കാറ്റഗറിക്ക് അനുസൃതമായി അടയ്‌ക്കേണ്ടത്. ഹജ്ജ് അപേക്ഷാ ഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ ഇതിലേക്കായി 8,000 രൂപ കൂടി അധികം അടയ്ക്കണം. മുഴുവന്‍ വിമാനക്കൂലിയും അടയ്‌ക്കേണ്ടവര്‍ 10,750 രൂപയും അധികം അടയ്ക്കണം. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 11,850 രൂപയാണ് അടയ്‌ക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് പരിശീലകരുമായി ബന്ധപ്പെടണം.  അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോകാന്‍ ഇത്തവണ ചെലവ് വര്‍ധിക്കും. ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18,000 രൂപയും അസീസിയ്യ കാറ്റഗറിക്കാര്‍ക്ക് 19,150 രൂപയുമാണ് അധികം വരുക. ഹജ്ജ് വിമാനക്കൂലി വര്‍ധന, വിമാന സബ്‌സിഡി വെട്ടിച്ചുരുക്കല്‍, മിന, മദീന, മുസ്ദലിഫ എന്നിവിടങ്ങളിലെ താമസവാടക തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ഹജ്ജിനു ചെലവ് വര്‍ധിക്കാന്‍ കാരണം. ഹജ്ജിനു രണ്ടു കാറ്റഗറിയിലാണ് മക്കയില്‍ താമസസൗകര്യം നല്‍കുന്നത്. ഇതില്‍ ഗ്രീന്‍ കാറ്റഗറിക്കാര്‍ക്ക് മക്കയുടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ താമസസൗകര്യം ലഭിക്കും. ഇവര്‍ ഈ വര്‍ഷം ഹജ്ജിനു പോവാനായി ചെലവഴിക്കേണ്ടിവരുക 2,35,150 രൂപയാണ്. കഴിഞ്ഞ വ ര്‍ഷം 2,17,150 രൂപയായിരുന്നു. മക്കയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ താമസസൗകര്യം ലഭിക്കുന്ന അസീസിയ്യ കാറ്റഗറിക്കാര്‍ ഇത്തവണ 2,01,750 രൂപയാണ് അടയ്‌ക്കേണ്ടത്. കഴിഞ്ഞ വര്‍ഷമിത് 1,83,300 രൂപയായിരുന്നു. ഹജ്ജ് തീര്‍ത്ഥാടകര്‍ ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്നു പുറപ്പെടുന്നതിനു വിമാന നിരക്ക് നല്‍കേണ്ടിവരുന്നത് 72,812 രൂപയാണ്. കഴിഞ്ഞ വര്‍ഷം 60,185 രൂപ മാത്രമായിരുന്നു. 12,625 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. സബ്‌സിഡിയായി കഴിഞ്ഞ വര്‍ഷം 15,300 രൂപ ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ സബ്‌സിഡി 10,750 രൂപയായി ചുരുങ്ങി. മദീനയിലെ താമസനിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാ ള്‍ 200 റിയാല്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 500 സൗദി റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഈ വര്‍ഷം 700 റിയാലായി വര്‍ധിച്ചു. മിന, മുസ്ദലിഫ താമസനിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 250 റിയാലിന്റെ മാറ്റമുണ്ട്. കഴിഞ്ഞ വര്‍ഷം 4240 ആയിരുന്നെങ്കില്‍ ഇത്തവണ 4490 ആയി വര്‍ധിച്ചു. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളുടെ നിരക്കിലും ഈ വര്‍ഷം മാറ്റുമുണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് ഇത്തവണ 1150 രൂപയാണ് അധികം അടയ്‌ക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 10,700 ആയിരുന്നത് ഈ വര്‍ഷം 11,850 രൂപയായി മാറി.
Next Story

RELATED STORIES

Share it