ഹജ്ജ്: മെഹ്‌റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

കരിപ്പൂര്‍: ഈ വര്‍ഷം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ മെഹ്‌റം ഹജ്ജിന് പോവുന്നതോടെ ഹജ്ജ് നിര്‍വ്വഹിക്കാന്‍ മറ്റു മെഹ്‌റമില്ലാതെ തീര്‍ത്ഥാടനത്തിന് അവസരം നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കായി നീക്കിവച്ച സീറ്റിലേക്ക് കേന്ദ്ര ഹജ്ജ്കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.
ഇതിനായി ഇന്ത്യയില്‍ 200 സീറ്റുകളാണ് കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. കൂടുതല്‍ അപേക്ഷകരുണ്ടായാല്‍ നറുക്കെടുപ്പിലൂടെ അവസരം നല്‍കും. അപേക്ഷിക്കാന്‍ അര്‍ഹതയുളള സ്ത്രീകള്‍ ഹജ്ജ് അപേക്ഷ പൂരിപ്പിച്ച് മതിയായ രേഖകളും മെഹ്‌റത്തിന് ലഭിച്ച 2016ലെ കവര്‍ നമ്പറും രേഖപ്പെടുത്തി ഹജ്ജ് കമ്മറ്റിയുടെ വ്യവസ്ഥകള്‍ പാലിക്കുന്ന സത്യപ്രസ്താവന ഇംഗ്ലീഷില്‍ നല്‍കി മെയ് 23ന് മുമ്പായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. അനുവദനീയമായ പുരുഷനോടൊപ്പമല്ലാതെ (മെഹ്‌റം) സ്ത്രീകള്‍ക്ക് ഹജ്ജിന് പോവാന്‍ അവസരം നല്‍കാറില്ല. ഇത്തരം പുരുഷന്മാര്‍ക്ക് അവസരം ലഭിക്കുകയും സ്ത്രീക്ക് അവസരം ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇവര്‍ക്കാണ് മെഹ്‌റം സീറ്റില്‍ അവസരം നല്‍കുക.
ഈ വര്‍ഷം അപേക്ഷാ സമയത്ത് എന്തുകൊണ്ടാണ് തിരഞ്ഞെടുക്കപ്പെട്ടയാള്‍ക്കൊപ്പം ഹജ്ജിന് അപേക്ഷിക്കാതിരുന്നതെന്ന് കാരണം വ്യക്തമാക്കണം. മെഹ്‌റമായി ഉദ്ദേശിക്കുന്ന തീര്‍ത്ഥാടകനുമായുളള ബന്ധം തെളിയിക്കുന്ന രേഖയും ഹാജരാക്കണം. ഇപ്പോള്‍ ഹജ്ജിന് പോവുന്ന ആളുടെ കൂടെതന്നെ ഹജ്ജിന് അപേക്ഷിക്കാനും വരും വര്‍ഷങ്ങളില്‍ ഹജ്ജിന് പോവാന്‍ കഴിയാത്തതിന്റെ കാരണങ്ങളും വിശദീകരിക്കണം.
അപേക്ഷകയുടെ വയസ്സ് വ്യക്തമാക്കണം. ശരീഅത്ത് അനുശാസിക്കുന്ന തരത്തിലുളള മറ്റൊരു മെഹ്‌റത്തെ കുടംബത്തില്‍ നിന്ന് ലഭിക്കാനുളള സാധ്യതയും മറ്റുളള വിവരങ്ങളുമാണ് ഇംഗ്ലീഷില്‍ സത്യപ്രസ്താവന തയ്യാറാക്കി നല്‍കേണ്ടത്.
Next Story

RELATED STORIES

Share it