ഹജ്ജ് മിഷന്റെ നീക്കത്തിനു പൂര്‍ണ പിന്തുണ: മുത്വവ്വിഫ് ചെയര്‍മാന്‍

നിഷാദ് അമീന്‍

ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന മുഴുവന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കും മക്കയില്‍ ഒരു കെട്ടിടത്തി ല്‍ തന്നെ താമസസൗകര്യം ഒരുക്കാനുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്റെയും സുപ്രിംകോടതി സമിതിയുടെയും ശ്രമങ്ങള്‍ക്കു പൂര്‍ണപിന്തുണ നല്‍കുമെന്ന് സൗത്ത് ഏഷ്യന്‍ മുത്വവ്വിഫ് ചെയര്‍മാന്‍ റഫ്അത്ത് ബദര്‍ വ്യക്തമാക്കി. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്കിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മുത്വവ്വിഫ് ചെയര്‍മാനും മറ്റ് അംഗങ്ങള്‍ക്കും ഇന്ത്യയില്‍ നിന്നെത്തിയ സുപ്രിംകോടതി സമിതി അംഗങ്ങള്‍ക്കും ഒരുക്കിയ അത്താഴവിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഒരു ലക്ഷം ഹാജിമാരാണ് എത്തുന്നത്. മുഴുവന്‍ ഹാജിമാര്‍ക്കും ഒരു കെട്ടിടത്തില്‍ താമസ സൗകര്യമൊരുക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് റഫ്അത്ത് ബദര്‍ അഭിപ്രായപ്പെട്ടു. ഹാജിമാര്‍ക്കും അവര്‍ക്കു സേവനങ്ങള്‍ ന ല്‍കുന്നവര്‍ക്കും ഇതു സഹായകമായിരിക്കും. ഇന്ത്യന്‍ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ ഒരേ സ്ഥലത്തു തന്നെ നിയമിക്കാനും ഇതിലൂടെ സാധിക്കും. മുത്വവ്വിഫിമാര്‍ക്കും ഇതു പ്രയോജനകരമാണെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
നിര്‍മാണത്തിലിരിക്കുന്ന 20 നില കെട്ടിടമാണ് ഇതിനായി പരിഗണനയിലുള്ളത്. മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരെ താമസിപ്പിച്ചാലും പ്രസ്തുത കെട്ടിടത്തില്‍ സ്ഥലം ബാക്കിയായിരിക്കും. മക്കയിലെ പ്രമുഖ കമ്പനിയായ അല്‍ ദാസിര്‍ ഗ്രൂപ്പിന്റെ കീഴിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. കെട്ടിട ഉടമയുമായി ഇതു സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹാജിമാര്‍ക്കു താമസിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കുന്നതിന് സുപ്രിംകോടതി നിര്‍ദേശാനുസരണം രൂപീകൃതമായ സമിതിയിലെ അംഗങ്ങളും ജിദ്ദയിലുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും മക്കയിലെത്തി കെട്ടിട ഉടമകളുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.
അത്താഴവിരുന്നില്‍ പങ്കെടുത്ത മുത്വവ്വിഫുമാരെയും ഇന്ത്യയില്‍ നിന്നെത്തിയവരെയും മറ്റ് അതിഥികളെയും കോണ്‍സല്‍ ജനറല്‍ സ്വാഗതം ചെയ്തു. ഇന്ത്യന്‍ ഹജ്ജ് മിഷന് സൗദി ഹജ്ജ് മന്ത്രാലയം നല്‍കിവരുന്ന സേവനങ്ങള്‍ക്ക് അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യയും സൗദിയും തമ്മിലുള്ള ഊഷ്മള ബന്ധം ശക്തമായി നിലനിര്‍ത്താന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഹജ്ജ് വേളയില്‍ മികച്ച സേവനം നടത്തിയ അഞ്ച് മക്തബുകളെ ചടങ്ങില്‍ ആദരിച്ചു.
സുപ്രിംകോടതി സമിതി ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസയ്ന്‍, സമിതി അംഗങ്ങളായ ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് അബ്ദുല്‍ റാഷിദ് അന്‍സാരി, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ഷമീം, സുപ്രിംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്ക്, കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ അതാവുര്‍ റഹ്മാന്‍, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം തുടങ്ങിയവരും വിരുന്നില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it