Flash News

ഹജ്ജ് : മിതമായ നിരക്കില്‍ വിമാന സര്‍വീസ് നടത്തിയാല്‍ സബ്‌സിഡി വേണ്ടെന്നു വയ്ക്കും



നെടുമ്പാശ്ശേരി: ഹജ്ജ് സര്‍വീസിനായി ന്യായമായ നിരക്കില്‍  വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തയ്യാറായാല്‍ ഹജ്ജ് സബ്‌സിഡി വേണ്ടെന്ന് വയ്ക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുമെന്ന്  സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍  തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി.നെടുമ്പാശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ടെന്‍ഡര്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക്  നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലഘട്ടത്തിനു അനുസൃതമായി മുന്‍ വര്‍ഷങ്ങളിലെപ്പോലെതന്നെ ഈ വര്‍ഷവും  മികച്ച സേവനം ഹാജിമാര്‍ക്ക് ലഭ്യമാക്കാന്‍  സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കഴിഞ്ഞു.   കേരളത്തില്‍ എല്ലാ കാര്യങ്ങളും വളരെ  ഭംഗിയായിത്തന്നെയാണു നടന്നത്. എന്നാല്‍, മക്കയില്‍ കേരളത്തില്‍നിന്നുള്ള ചില ഹാജിമാരുടെ താമസസൗകര്യത്തില്‍ കുറച്ച് അസൗകര്യങ്ങളുണ്ടായി. നേരത്തേ താമസ സൗകര്യത്തിനു ലഭിച്ചിരുന്ന ചില കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതിനെ തുടര്‍ന്നാണ് ഇതു സംഭവിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലെ ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥന്റെ നിരുത്തരവാദിത്ത സമീപനം കൊണ്ടാണ് ഇതു സംഭവിച്ചത്. ഇതുസംബന്ധിച്ച് സൗദി രാജാവിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി പരാതി നല്‍കിയതായും മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ജനസംഖ്യാനുപാതികമായുള്ള ഹജ്ജ് ക്വാട്ട വിഹിതം അവസാനിപ്പിച്ച്   അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച്  ഹജ്ജ് ക്വാട്ട അനുവദിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജിന് പോയവരില്‍ 21 ശതമാനത്തിലേറെ പേര്‍  കേരളത്തില്‍ നിന്നുള്ളവരാണ്. അടുത്ത വര്‍ഷമെങ്കിലും കരിപ്പൂരില്‍നിന്ന് ഹാജിമാര്‍ക്ക് വിശുദ്ധ ഹജ്ജ് കര്‍മത്തിനു യാത്ര തിരിക്കാന്‍ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹജ്ജ് ക്യാമ്പിന് ഇക്കുറിയും വിപുലമായ സൗകര്യമൊരുക്കിത്തന്ന കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) എംഡിയോടും ഉദ്യോഗസ്ഥരോടും പ്രത്യേകം നന്ദി അറിയിക്കുന്നതായും ചെയര്‍മാന്‍ പറഞ്ഞു. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍  മുസമ്മില്‍ ഹാജി, ശരീഫ് മണിയാട്ട്കുടി, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, ഹൈദ്രോസ് ഹാജി വാര്‍ത്താസമ്മേളനത്തി ല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it