ഹജ്ജ്; നെടുമ്പാശ്ശേരി ക്യാംപ് ഒരുങ്ങി

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലേക്ക് യാത്രയാവുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് ഒരുങ്ങി. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിനോട് ചേര്‍ന്നുള്ള സിയാല്‍ അക്കാദമിയിലാണ് ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് താല്‍ക്കാലികമായി ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴിയാണ് പുണ്യഭൂമിയിലേക്ക് യാത്രയാവുന്നത്.
തുടര്‍ച്ചയായി നാലാം വര്‍ഷമാണ് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ തീര്‍ത്ഥാടകര്‍ക്കായി ഹജ്ജ് ക്യാംപിന് സൗകര്യം ഒരുക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷവും എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലാണ് ക്യാംപ് സംഘടിപ്പിച്ചിരുന്നത്.
ഇത്തവണ ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം തൊട്ടടുത്ത സിയാല്‍ അക്കാദമിയിലേക്ക് മാറ്റുകയായിരുന്നു. സിയാല്‍ അക്കാദമി ഹാങ്കറിനോട് ചേര്‍ന്നുതന്നെ ആയതിനാല്‍ ഹജ്ജ് ക്യാംപിന് വേണ്ടി മുമ്പ് നിര്‍മിച്ചിരുന്ന കാന്റീന്‍, ബാത്ത്‌റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഈ വര്‍ഷവും ഉപയോഗപ്പെടുത്താനാവും. ഇതിനായി ഹാങ്കറിനും അക്കാദമിക്കും ഇടയിലുള്ള മതില്‍ പൊളിച്ച് ഗെയിറ്റ് സ്ഥാപിച്ചിട്ടുണ്ട്.
ഹാജിമാര്‍ക്കു വേണ്ടി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായ സൗകര്യങ്ങളാണ് ഈ വര്‍ഷം സിയാല്‍ അക്കാദമിയില്‍ ഒരുക്കിയിരിക്കുന്നത്. 66 ലക്ഷം രൂപ ചെലവില്‍ സിയാലാണ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത്. ഇരുനൂറോളം വോളന്റിയര്‍മാരെയാണ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 1300 മുതല്‍ 1400 വരെ തീര്‍ത്ഥാടകര്‍ക്ക് ക്യാംപില്‍ ഒരേസമയം താമസിക്കാനുള്ള സൗകര്യമുണ്ട്. നമസ്‌കാര ഹാളില്‍ 1200 പുരുഷന്‍മാര്‍ക്കും 800 സ്ത്രീകള്‍ക്കും ഒരേസമയം നമസ്‌കരിക്കാനും കഴിയും. കോണ്‍ഫറന്‍സ് ഹാളില്‍ ഒരേസമയം 2000ഓളം പേര്‍ക്ക് ഇരിക്കാനും സൗകര്യമുണ്ട്. 150 പുരുഷന്‍മാര്‍ക്കും 100 സ്ത്രീകള്‍ക്കും കാന്റീനില്‍ ഒരേസമയം ഭക്ഷണം കഴിക്കാന്‍ കഴിയും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിന്റെ പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയിരുന്നു. ഈ മാസം 31ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it