Editorial

ഹജ്ജ് നയ പുനരവലോകന സമിതിയുടെ ശ്രദ്ധയ്ക്ക്

ഹജ്ജ് നയ പുനരവലോകന സമിതിയുടെ ശ്രദ്ധയ്ക്ക്
X

കെ പി അബൂബക്കര്‍, മുത്തനൂര്‍

ഹജ്ജിന് സബ്‌സിഡി നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ച ചൂടുപിടിച്ചുകൊണ്ടിരിക്കെ, മാനുഷികനീതിക്ക് നിരക്കാത്ത പുതിയ ചില നടപടികളുമായി ഹജ്ജ്‌നയ പുനരവലോകന സമിതി രംഗപ്രവേശം ചെയ്തതായി കാണുന്നു. തുടര്‍ച്ചയായി അഞ്ചു തവണ അപേക്ഷിക്കുന്നവര്‍ക്കും 70 വയസ്സ് കഴിഞ്ഞവര്‍ക്കും മുന്‍ഗണന വേണ്ടെന്നുവയ്ക്കാനും സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരുടെ ഹജ്ജ് ക്വാട്ട 30 ശതമാനമാക്കി വര്‍ധിപ്പിക്കാനുമാണ് സമിതി ഇപ്പോള്‍ തയ്യാറെടുക്കുന്നത്.  എന്നാല്‍, ഹജ്ജ്‌രംഗത്തു നടക്കുന്ന പകല്‍ക്കൊള്ള കാണാതെപോവുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കണം. സബ്‌സിഡി വിവാദത്തിനിടയില്‍ ഹജ്ജിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പകല്‍ക്കൊള്ള കാണാതെ പോവുന്നു. ഒരാള്‍ക്ക് രണ്ടു ലക്ഷത്തിലധികം രൂപ ഹജ്ജിന് വേണ്ടി ചെലവു വരും. ഹറമിന് അടുത്ത് താമസിക്കുന്ന കാറ്റഗറിയാണ് എടുക്കുന്നതെങ്കില്‍ തുക പിന്നെയും വര്‍ധിക്കും. സര്‍ക്കാര്‍ സംവിധാനത്തിലൂടെ പോകുന്നവര്‍ക്കും സ്വകാര്യ ഗ്രൂപ്പുകളെ ആശ്രയിക്കുന്നവര്‍ക്കും ചെലവില്‍ ഉണ്ടാവുന്ന അന്തരം ഇതോടെ കുറഞ്ഞുവരുകയാണ്. സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേന പോവുന്നവര്‍ക്ക് സ്വകാര്യ സംഘങ്ങളില്‍ പോവുന്നവരേക്കാള്‍ ഒരുപാട് അസൗകര്യങ്ങളുണ്ട്. ഭക്ഷണം സ്വയം പാകം ചെയ്യേണ്ടതും അമീറുമാരുടെ പരിമിതിയുമെല്ലാം സര്‍ക്കാര്‍ വഴി പോകുന്നവര്‍ക്കുള്ള ബുദ്ധിമുട്ടുകളാണ്. സ്വകാര്യ സംഘങ്ങള്‍ക്ക് ചുരുങ്ങിയത് അമ്പതിന് ഒന്ന് എന്ന തോതില്‍ അമീറുമാരുണ്ടാവും. മാത്രമല്ല, ഇവര്‍ക്ക് താമസമൊരുക്കുന്നത് ഹറമുകള്‍ക്ക് ഏറ്റവും അടുത്തുള്ള സ്റ്റാര്‍ ഹോട്ടലുകളിലുമായിരിക്കും. സര്‍ക്കാര്‍ സംഘങ്ങളിലെ അസീസിയ കാറ്റഗറിക്കാര്‍ക്ക് ഹറമിലേക്കെത്താന്‍ ഏറെ സാഹസപ്പെടണം; തിരക്ക് കൂടുമ്പോള്‍ പ്രത്യേകിച്ചും. സ്വകാര്യ സംഘങ്ങളും സര്‍ക്കാര്‍ സംഘങ്ങളും തമ്മിലുള്ള സൗകര്യങ്ങളില്‍ വലിയ അന്തരമുണ്ടെങ്കിലും ചെലവിന്റെ കാര്യത്തില്‍ ചെറിയ അന്തരമേ കാണുന്നുള്ളൂ. ഇത്രയൊക്കെ സൗകര്യം ഒരുക്കിയിട്ടും ഓരോ സ്വകാര്യ ഗ്രൂപ്പും വന്‍ ലാഭമുണ്ടാക്കുന്നുവെന്നതും ഇതോട് ചേര്‍ത്തുവായിക്കണം. ചുരുക്കത്തില്‍, വ്യക്തമായ ആസൂത്രണത്തിന്റെ കുറവ് ഈ മേഖലയിലുണ്ട്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഒന്നേമുക്കാല്‍ ലക്ഷത്തോളം ഹാജിമാര്‍ പോയി. യാത്രാ സര്‍വീസിന് ആഗോളതലത്തില്‍ ഒരു ടെന്‍ഡര്‍ വിളിക്കുകയാണെങ്കില്‍ യാത്രാ ചെലവ് വളരെ കുറയും. ഇപ്പോള്‍ വന്‍തുകയാണ് വിമാന ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നത്. ഹജ്ജ് വിസയെടുത്ത് ജിദ്ദയിലേക്ക് പോവുന്ന ഒരാള്‍ക്ക് മടക്ക ടിക്കറ്റ് ഉള്‍പ്പെടെ 25,000നും 30,000നും അടുത്ത് ചെലവ് വരുമ്പോള്‍ ഹജ്ജ് കമ്മിറ്റി മുഖേന പോവുന്നവരില്‍ നിന്ന് 65,000 രൂപ വരെ ഈടാക്കുന്നു. ഇത്തരം പകല്‍ക്കൊള്ളകളെല്ലാം അവസാനിപ്പിക്കണം. വിമാനത്തിന്റെ മടക്കയാത്രകള്‍ കാലിയായിട്ടാണെന്നു പറഞ്ഞ് ഈ പകല്‍ക്കൊള്ള ന്യായീകരിക്കാന്‍ അധികൃതര്‍ ശ്രമിച്ചേക്കാം. ഈ വാദം പല കാരണങ്ങളാല്‍ നിരര്‍ഥകമാണ്. ഒന്നാമത്, എയര്‍ ഇന്ത്യയുടെ നിരക്കുപ്രകാരം ഹജ്ജ് യാത്രക്കാരല്ലാത്തവരില്‍ നിന്ന് ഗള്‍ഫ് സെക്ടറിലേക്ക് വാങ്ങുന്ന യാത്രാ ചെലവ് മറ്റു സെക്ടറുമായി തട്ടിച്ച് പരിശോധിക്കുമ്പോള്‍ വളരെ കൂടുതലാണെന്ന് കാണാന്‍ കഴിയും. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും തിരിച്ചുമുള്ള ചാര്‍ജ് 50,000 രൂപയുടെ അടുത്താണ്. അതേസമയം, ഇതിന്റെ മൂന്നിലൊന്ന് യാത്രാദൈര്‍ഘ്യമുള്ള ഹജ്ജ് യാത്രയ്ക്ക് ന്യൂയോര്‍ക്കിനേക്കാള്‍ കൂടുതല്‍ വാങ്ങുന്നു. മടക്കയാത്ര കാലിയാവാത്തവിധം ഹജ്ജ് സര്‍വീസ് ക്രമപ്പെടുത്താനാവും. നാട്ടില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചും പ്രവാസികളെ ലക്ഷ്യം വച്ച് വിമാന യാത്രാപട്ടിക നേരത്തേ പ്രഖ്യാപിക്കുകയും നിരക്കില്‍ ഇളവ് അനുവദിക്കുകയും ചെയ്താല്‍ യാത്രക്കാരുണ്ടാവുമെന്ന് തീര്‍ച്ച. ഇത്തരം പ്രായോഗിക മാര്‍ഗങ്ങള്‍ കണ്ടെത്തി, ഹാജിമാരെ പിഴിയുന്ന നടപടി അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.
Next Story

RELATED STORIES

Share it