Flash News

ഹജ്ജ് നയം, സുപ്രിംകോടതി കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്ര ഹജ്ജ്‌നയം ചോദ്യംചെയ്തു കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞു. 10 ദിവസത്തിനകം മറുപടി സത്യവാങ്മൂലമായി നല്‍കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസില്‍ വാദംകേള്‍ക്കുന്നതിനായി ജനുവരി 30ലേക്കു മാറ്റി. പുതിയ ഹജ്ജ് നയത്തില്‍ സംസ്ഥാനങ്ങള്‍ക്കു ഹജ്ജ് ക്വാട്ട വീതിച്ചു നല്‍കിയതില്‍ വിവേചനം കാണിച്ചെന്നാണു സംസ്ഥാന ഹജ്ജ് കമ്മിറ്റി കോടതിയില്‍ വാദിച്ചത്. 6,900 അപേക്ഷകരുള്ള ബിഹാറിനു 12,000 സീറ്റുകളാണു നല്‍കിയിരിക്കുന്നതെന്നു നാലുവര്‍ഷം ഹജ്ജിന് അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, 95,000 ഹജ്ജ് അപേക്ഷകരുള്ള കേരളത്തിനു വെറും 6,000 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറില്‍ നിന്നു ഹജ്ജിന് അപേക്ഷിക്കുന്ന എല്ലാ അപേക്ഷകര്‍ക്കും ഹജ്ജിന് പോവാന്‍ അവസരം ലഭിക്കുമ്പോള്‍ കേരളത്തിലെ അപേക്ഷകര്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്. നിലവിലെ ഹജ്ജ് ക്വാട്ട സംവിധാനം വിവേചനപരമാണെന്നും അതിനാല്‍, ഹജ്ജ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് അഖിലേന്ത്യാ തലത്തില്‍ നടത്തണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു ക്വാട്ട അനുവദിക്കണം. അല്ലാതെ, സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വിഹിതംവയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 31 ഹജ്ജ് കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമാണു കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇതു സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയതെന്നു കേന്ദ്ര  സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. 2018ലെ ഹജ്ജ് നയത്തെക്കുറിച്ചു കേരള ഹജ്ജ് കമ്മിറ്റിയുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അഭിപ്രായം ആരാഞ്ഞ സമയത്ത് അവര്‍ ഈ നയത്തെ എതിര്‍ത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it