Flash News

ഹജ്ജ് നയം: കേരളത്തിന്റെ ആവശ്യം തള്ളി; സീറ്റുകള്‍ കുറയും



കരിപ്പൂര്‍: പുതിയ ഹജ്ജ് നയത്തില്‍ കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്തില്ല. ഹജ്ജ് അപേക്ഷകര്‍ക്ക് അനുസരിച്ച് ക്വാട്ട വീതം വയ്ക്കല്‍, ഒറ്റത്തവണ അപേക്ഷ സ്വീകരിക്കല്‍ തുടങ്ങിയവയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി പുതിയ ഹജ്ജ് നയത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നത്. ഹജ്ജ് ക്വാട്ട മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വീതംവച്ച് നല്‍കാനാണ് പുതിയ നയത്തിലും ശുപാര്‍ശ. ഇത് കൂടുതല്‍ അപേക്ഷകരുള്ള കേരളത്തിന് തരിച്ചടിയാണ്. ഹജ്ജിന് ഓരോ വര്‍ഷവും 300 രൂപ നല്‍കി അപേക്ഷ നല്‍കുന്നത് നിര്‍ത്തി ഒറ്റത്തവണ അപേക്ഷ നല്‍കുന്ന രീതിയാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിച്ചില്ല. ഹജ്ജ് സബ്‌സിഡി നിര്‍ത്തുന്നതിനോട് കേരളത്തിന് വിയോജിപ്പില്ലെങ്കിലും തുടര്‍ച്ചയായ അപേക്ഷകര്‍ക്ക് അവസരം നല്‍കില്ലെന്നുള്ളതിനോട് കടുത്ത വിയോജിപ്പാണുള്ളത്. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, തുടര്‍ച്ചയായി അഞ്ചാം വര്‍ഷക്കാര്‍ക്കും നേരിട്ട് ഹജ്ജിന് അനുമതി ലഭിച്ചിരുന്നത് പൂര്‍ണമായും എടുത്തുകളയണമെന്നാണ് പുതിയ ഹജ്ജ് നയ ശുപാര്‍ശ.  ഈ രണ്ടു കാറ്റഗറിയിലും കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം കൈവരുന്നത് കേരളത്തില്‍ നിന്നാണ്. ഇക്കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായി 9090 പേര്‍ക്കും, 70 വയസ്സിന് മുകളിലുള്ളവരുടെ കാറ്റഗറിയില്‍ 1740 പേര്‍ക്കുമാണ് അവസരം കൈവന്നത്. അടുത്ത വര്‍ഷം കേരളത്തില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായി അപേക്ഷ സമര്‍പ്പിക്കാനിരിക്കുന്നത് 14,391 പേരാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് അപേക്ഷിക്കുന്നത് കേരളത്തില്‍ നിന്നാണ്. എന്നാല്‍, മുസ്്‌ലിം ജനസംഖ്യാനുപാതത്തില്‍ ഹജ്ജ് ക്വാട്ട വീതിക്കുന്നതിനാല്‍ 6000 സീറ്റുകള്‍ മാത്രമാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷകര്‍ തന്നെ 96,000 പേരാണ്. തുടര്‍ച്ചയായി അപേക്ഷിക്കുന്നവര്‍ക്ക് നേരിട്ട് അവസരം കൈവരുമെന്നതിനാല്‍ ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവുണ്ടാകുന്നതാണ് പുതിയ ഹജ്ജ് നയം വഴി ഇല്ലാതാവുക. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 25 ശതമാനം നല്‍കിയിരുന്ന ഹജ്ജ് ക്വാട്ട 30 ശതമാനമാക്കി വര്‍ധിപ്പിക്കുന്നതും അപേക്ഷകര്‍ കൂടുതലുള്ള കേരളത്തിന് തിരിച്ചടിയാവും. പുതിയ ഹജ്ജ് നയത്തില്‍ സംശയങ്ങളും അവ്യക്തതകളുമേറെയാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കേരളത്തില്‍ കൊച്ചിയാണ് പറഞ്ഞിരിക്കുന്നത്. മലബാറില്‍ നിന്നാണ് ഹജ്ജിന് കൂടുതല്‍ പേര്‍ എന്നതിനാല്‍ യാത്രയ്ക്ക് എളുപ്പം കരിപ്പൂരാണ്. കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അനുവദിച്ച 9 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും കൊച്ചി ഒഴികെ ഹജ്ജ് ഹൗസ് നിലവിലുണ്ട്.  45 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മെഹറം നിര്‍ബന്ധമില്ലെന്നാണ് മറ്റൊരു ശുപാര്‍ശ. ഹജ്ജ് സബ്‌സിഡി അടുത്ത വര്‍ഷം മുതല്‍ റദ്ദാക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it