ഹജ്ജ്: തീര്‍ത്ഥാടകരുടെ ആദ്യ സംഘം മടങ്ങിയെത്തി

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മം നിര്‍വഹിച്ച ശേഷം തീര്‍ത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.37നാണ് 410 തീര്‍ത്ഥാടകരുമായി സൗദി എയര്‍ലൈന്‍സിന്റെ എസ്‌വി 5975 നമ്പര്‍ വിമാനം നെടുമ്പാശ്ശേരിയില്‍ എത്തിയത്.
ആദ്യ വിമാനത്തിലെത്തിയ തീര്‍ത്ഥാടകരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസമ്മില്‍ ഹാജി, എല്‍ സുലൈഖ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ഒന്നര മണിയോടെയാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ ടെര്‍മിനലിനു പുറത്തെത്തിയത്. ആദ്യ വിമാനത്തിലെത്തിയ ഹാജിമാരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ തൃപ്തികരമായിരുന്നുവെന്ന് കോഴിക്കോട് മുക്കം സ്വദേശി സി കെ ഉമര്‍, ഭാര്യ സുരയ്യ എന്നിവര്‍ പറഞ്ഞു. മക്കയിലും മദീനയിലും ഹജ്ജ് വോളന്റിയര്‍മാരുടെ സേവനവും മികച്ചതായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടു വിമാനങ്ങളാണ് ഹാജിമാരുമായി ഇന്നലെ എത്തിയത്. വൈകീട്ട് 6 മണിക്ക് എത്തിയ എസ്‌വി 5993 നമ്പര്‍ വിമാനത്തിലും 410 ഹാജിമാരാണ് ഉണ്ടായിരുന്നത്. ഇന്ന് ഒരു വിമാനം മാത്രമാണ് ഉണ്ടാവുക. ഇന്ന് രാത്രി 11.10ന് എത്തുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ 410 ഹാജിമാര്‍ കൂടി നെടുമ്പാശ്ശേരിയിലെത്തും.

Next Story

RELATED STORIES

Share it