ഹജ്ജ് ട്രെയ്‌നര്‍ പരിശീലനം ഇന്ന് സമാപിക്കും

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവരെ സഹായിക്കുന്ന ഹജ്ജ് ട്രെയ്‌നര്‍മാരുടെ പരിശീലന ക്ലാസുകള്‍ മുംബൈയില്‍ ഇന്നു സമാപിക്കും. കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 47 ട്രെയ്‌നര്‍മാരും ഹജ്ജ് അസി. സെക്രട്ടറി ഇ സി മുഹമ്മദ്, കോ-ഓഡിനേറ്റര്‍ പി മുജീബ് എന്നിവരടക്കം 49 പേര്‍ പങ്കെടുന്നുണ്ട്. 200 തീര്‍ത്ഥാടകര്‍ക്ക് ഒരു ട്രെയ്‌നര്‍ എന്ന തോതിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓരോ സംസ്ഥാനങ്ങളോടും ട്രെയ്‌നര്‍മാരെ നിയമിക്കുന്നത്.
ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മുംബൈ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ചേരുന്ന ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്. അടുത്തയാഴ്ച ക്ലാസുകള്‍ ആരംഭിക്കാനാണു തീരുമാനം. സംസ്ഥാന ഹജ്ജ് കമ്മിറ്റി 260 ട്രെയ്‌നര്‍മാരെയാണ് ഇത്തവണ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിയമിച്ചിട്ടുള്ളത്. ഇവരില്‍ 21 വനിതകളും ഉള്‍പ്പെടും. രണ്ടു മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍, 14 ജില്ലാ ട്രെയ്‌നര്‍മാര്‍ ഇവര്‍ക്കു കീഴില്‍ പ്രാദേശിക ട്രെയ്‌നര്‍മാരും സേവനം ചെയ്യും.

ആദ്യഗഡു: 23 വരെ അടയ്ക്കാം
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് പോവാന്‍ അവസരം ലഭിച്ചവര്‍ ആദ്യഗഡു പണം അടയ്‌ക്കേണ്ട തിയ്യതി 23 വരെ നീട്ടി. 15നുള്ളില്‍ അടയ്ക്കാനായിരുന്നു നേരത്തേയുള്ള നിര്‍ദേശം. വിമാനക്കൂലി ഇനത്തില്‍ 81,000 രൂപയാണ് ഹജ്ജിന്റെ ആദ്യഗഡു പണമായി നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്രഹജ്ജ്കമ്മിറ്റിയുടെ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ 32175020010 എന്ന അക്കൗണ്ട് നമ്പറിലോ,യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 318702010406009 എന്ന അക്കൗണ്ടിലോ ആണ് ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് പണം അടയ്‌ക്കേണ്ടത്. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ-ഇന്‍സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യണ്.—പണം അടച്ചതിന്റെ ഒറിജിനല്‍ പേ-ഇന്‍സ്ലിപ്പ്,മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹജ്ജ് കമ്മിറ്റിയില്‍ നേരിട്ട് ഹാജരാക്കണം. ഇവ 29ന് മുമ്പായി സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നല്‍കണം.
Next Story

RELATED STORIES

Share it