ഹജ്ജ് ട്രെയ്‌നര്‍മാരുടെ യോഗം ഇന്ന്; ട്രെയ്‌നിങ് ക്ലാസുകള്‍ക്ക് നാളെ തുടക്കമാവും

കരിപ്പൂര്‍: ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോവാന്‍ അവസരം ലഭിച്ചവര്‍ക്കുള്ള ഈ വര്‍ഷത്തെ ഹജ്ജ് ട്രെയ്‌നിങ് ക്ലാസുകള്‍ക്ക് നാളെ മുതല്‍ തുടക്കമാവും. ക്ലാസ് നടത്തിപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹജ്ജ് ട്രെയ്‌നര്‍മാരുടെ യോഗം ഇന്ന് നടക്കും. രണ്ട് മാസ്റ്റര്‍ ട്രെയ്‌നര്‍മാരും 14 ജില്ലാ ട്രെയ്‌നര്‍മാരും ഉള്‍പ്പടെ 260 പേരാണ് ട്രെയ്‌നര്‍മാരായി തിരഞ്ഞടുക്കപ്പെട്ടത്. ഇവരില്‍ 47 പേര്‍ കഴിഞ്ഞ ദിവസം കേന്ദ്ര ഹജ്ജ്കമ്മിറ്റിയുടെ ട്രെയ്‌നിങ് ക്ലാസില്‍ നിന്ന് പരിശീലനം സിദ്ധിച്ചവരാണ്.
രാവിലെ 9.30ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കുന്ന ട്രെയ്‌നര്‍മാരുടെ യോഗത്തില്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ സംബന്ധിക്കും. സംസ്ഥാനത്ത് 14 ജില്ലകളിലായി 25 ഇടങ്ങളിലായാണ് അവസരം ലഭിച്ച ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ട്രെയ്‌നിങ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ആദ്യ ക്ലാസിന് നാളെ മലപ്പുറത്ത് തുടക്കമാവും. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നാലിടത്തും കണ്ണൂരില്‍ മൂന്നിടത്തും മറ്റു ജില്ലകളില്‍ ഓരോ സ്ഥലത്തുമാണ് ക്ലാസ് നടക്കുക.
മെയ് മൂന്നിന് ആദ്യഘട്ട ക്ലാസുകള്‍ സമാപിക്കും. പരിശീലനം സിദ്ധിച്ച ട്രെയ്‌നര്‍മാരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍. ഹജ്ജിനു പോവാനുളള തയ്യാറെടുപ്പുകളാണ് ട്രെയ്‌നിങ് ക്ലാസുകളില്‍ വിശദീകരിക്കുക. ഈ മാസം 23ന് മുമ്പായി ആദ്യഗഡു പണം 81,000 രൂപ അടയ്ക്കണമെന്നാണ് നിര്‍ദേശം. തീര്‍ത്ഥാടകര്‍ക്കുളള രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ജൂലൈയില്‍ ആരംഭിക്കും.
Next Story

RELATED STORIES

Share it