ഹജ്ജ്: ക്വാട്ട നിശ്ചയിക്കുന്നത് 2001 ലെ സെന്‍സസ് പ്രകാരം; നാലുവര്‍ഷം അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തത് 8726 പേര്‍ക്ക്

പി പി ഷിയാസ്

തിരുവനന്തപുരം: തുടര്‍ച്ചയായ നാലുവര്‍ഷം അപേക്ഷിച്ചിട്ടും ഹജ്ജ് തീര്‍ത്ഥാടനത്തിനായി അവസരം നിഷേധിക്കപ്പെട്ടത് 8726 പേര്‍ക്ക്. തുടര്‍ച്ചയായി നാലാം വര്‍ഷവും അപേക്ഷിക്കുന്നവരെ റിസര്‍വ് ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി പ്രത്യേകം രജിസ്റ്റര്‍ ചെയ്യുകയാണ് രീതിയെങ്കിലും ഇത്രയും പേര്‍ ഇപ്പോഴും പുറത്താണ്.
ഓരോ വര്‍ഷവും ഹജ്ജിന് അപേക്ഷിക്കുന്ന മലയാൡകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണു രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ധന തുടര്‍ന്നിരുന്നു. ഇതില്‍ ഒരു തവണ അപേക്ഷിച്ചിട്ട് അവസരം ലഭിക്കാത്തവര്‍ വീണ്ടും അപേക്ഷിക്കുന്നതും പതിവാണ്. നാലു തവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്ത 8726 പേരെ നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുക്കാന്‍ ആവശ്യമായ ക്വാട്ട സംസ്ഥാനത്തിന് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിലും കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും മറ്റു ബന്ധപ്പെട്ടവരെയും നേരില്‍ക്കണ്ട് ബോധ്യപ്പെടുത്താന്‍ ഹജ്ജ് കമ്മിറ്റി ഒരു പ്രതിനിധി സംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.
കാറ്റഗറി ബിയില്‍ (തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവര്‍) ആകെ 10,124 പേരാണുള്ളത്. ഇതില്‍ മുമ്പ് അവസരം ലഭിച്ചവരും ഉള്‍പ്പെടുന്നു. അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിന് അപേക്ഷിച്ചത് 65,201 പേരാണ്. ഇതില്‍ 21 കുട്ടികളും ഉള്‍പ്പെടുന്നു. മൊത്തം അപേക്ഷകരില്‍ റിസര്‍വ് കാറ്റഗറി എയില്‍ (70 വയസ്സ് പൂര്‍ത്തിയായവരും സഹായിയും ഉള്‍പ്പടെ) 1851 പേരും റിസര്‍വ് കാറ്റഗറി ബി പ്ലസില്‍ (തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍) 3068 പേരുമാണ്. ജനറല്‍ കാറ്റഗറിയില്‍ (പുതുതായി അപേക്ഷിച്ചവര്‍) പെട്ടവര്‍ 50,158 പേരാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തിന് അനുവദിച്ച ക്വാട്ട 5633 മാത്രമായതിനാല്‍ അപേക്ഷകരില്‍ 90 ശതമാനത്തോളവും പുറത്തുതന്നെയായിരുന്നു. റിസര്‍വ് കാറ്റഗറി എ, ബി പ്ലസ് എന്നിവയില്‍പ്പെട്ടവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം ലഭിക്കുമ്പോള്‍ അനുവദിച്ച ക്വാട്ടയിലേക്ക് ബാക്കിയുള്ളവരെ കണ്ടെത്തുന്നതിന് റിസര്‍വ് കാറ്റഗറി ബിയില്‍ നിന്ന് നറുക്കെടുപ്പു നടത്തുകയായിരുന്നു. 714 പേരെ കണ്ടെത്തുന്നതിനായിരുന്നു നറുക്കെടുപ്പ്. കഴിഞ്ഞവര്‍ഷം 6566 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
കേരളത്തില്‍ ഓരോ വര്‍ഷവും അപേക്ഷകരുടെ എണ്ണം വ ര്‍ധിക്കാറുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗവും ആ വര്‍ഷം ഹജ്ജ് ചെയ്യാനാവാതെ നിരാശരാവുന്ന അവസ്ഥയാണുള്ളത്. സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 31 ഹജ്ജ് കമ്മിറ്റികള്‍ മുഖേനയാണ് ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത്. 2001ലെ മുസ്‌ലിം ജനസംഖ്യയുടെ അനുപാതം കണക്കിലെടുത്താണ് ക ഴിഞ്ഞ വര്‍ഷവും ക്വാട്ട നിശ്ചയിച്ചത്. ഇത് അശാസ്ത്രീയമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നു. കാരണം, കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കേരളത്തിന്റെ ജനസംഖ്യയില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. 2011ല്‍ പുതിയ സെന്‍സസ് പട്ടിക പുറത്തുവന്നെങ്കിലും ഹജ്ജ് ക്വാട്ട നിശ്ചയിക്കാന്‍ പഴയ കണക്കുതന്നെയാണ് അവലംബിച്ചുവരുന്നത്.
ഇന്ത്യയില്‍ ഏറ്റവുമധികം ഹജ്ജ് അപേക്ഷകരുള്ള സംസ്ഥാനമാണ് കേരളം. 2001ലെ സെന്‍സസ് പ്രകാരം 78,63,842 ആണ് കേരളത്തിലെ മുസ്‌ലിം ജനസംഖ്യ. ഈ അടിസ്ഥാനത്തില്‍ 5633 സീറ്റാണ് സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടത്. എന്നാല്‍, 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 88,57,800 ആയി വര്‍ധിച്ചു. എന്നാല്‍, ക്വാട്ട വര്‍ധിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത.
കഴിഞ്ഞ തവണ കേരളത്തി ല്‍ നിന്ന് 65,201 പേരാണ് അപേക്ഷിച്ചതെന്നിരിക്കെ ഇവരില്‍ 8.64 ശതമാനം പേര്‍ക്കു മാത്രമാണ് അവസരം ലഭിച്ചത്. ഈ സ്ഥിതിയാണ് വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്നത്. ജനസംഖ്യാനുപാതികമായി നല്‍കപ്പെട്ട 5349 സീറ്റിനു പുറമെ അസം, ബിഹാര്‍, ത്രിപുര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അപേക്ഷകരില്ലാത്തതിനാല്‍ ഒഴിവുവന്ന ഇനത്തില്‍ 284 അധികസീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 5633 സീറ്റ് ലഭിച്ചത്.
Next Story

RELATED STORIES

Share it