ഹജ്ജ് ക്യാംപ്: ഹജ്ജ് കമ്മിറ്റിയും സിയാലും കൂടിക്കാഴ്ച നടത്തി; പ്രാരംഭ നടപടികള്‍ക്കു തുടക്കമായി

കൊണ്ടോട്ടി: ഈ വര്‍ഷം ഹജ്ജിനു പോവുന്നവര്‍ക്ക് നൊടുമ്പാശ്ശേരി എയര്‍ക്രാഫ്റ്റ് മെയിന്റന്‍സ് ഹാങ്കറില്‍ ഹജ്ജ് ക്യാംപ് ഒരുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) തമ്മില്‍ ധാരണയായി. ക്യാംപിന്റെ പ്രാരംഭ നടപടികളെക്കുറിച്ച് ഇന്നലെ ഹജ്ജ് കമ്മിറ്റി സിയാലുമായി ചര്‍ച്ച നടത്തി.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാകലക്ടറുമായ എസ് വെങ്കിടേശപതി, ഹജ്ജ് അസി. സെക്രട്ടറി ഇ സി മുഹമ്മദ്, നെടുമ്പാശ്ശേരി വിമാനത്താവള ഡയറക്ടര്‍ എ സി കെ നായര്‍, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷബീര്‍ എന്നിവര്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ഹജ്ജ് ക്യാംപ്, വിമാന സര്‍വീസുകള്‍ എന്നിവയുടെ സുഖകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ സഹകരണം നല്‍കുമെന്ന് സിയാല്‍ ഉറപ്പ് നല്‍കി. വിമാനത്താവളത്തോട് ചേര്‍ന്ന് ഹജ്ജ് ക്യാംപിന്റെ സ്ഥലം ഹജ്ജ് കമ്മിറ്റി സന്ദര്‍ശിച്ചു.
റമദാനു ശേഷം മുഴുവന്‍ ഏജന്‍സികളെയും ഉള്‍പ്പെടുത്തി യോഗം ചേരും. മഴക്കാലത്താണ് ഹജ്ജ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നതിനാല്‍ ഇതിനനസരിച്ച രീതിയില്‍ ഹജ്ജ് ക്യാംപ് ഒരുക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തുനിന്ന് ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകര്‍ കൂടുതലാണ്. 9,943 പേര്‍ക്കാണ് ഹജ്ജിന് ഇതുവരെ അവസരം ലഭിച്ചത്. ഇവര്‍ക്ക് പുറമെ ലക്ഷദ്വീപില്‍നിന്നുളള തീര്‍ത്ഥാടകരും ഹജ്ജ്ക്യാംപ് വഴിയാവും യാത്രയാവുക. ആയതിനാല്‍ ക്യാംപില്‍ സൗകര്യങ്ങള്‍ കൂടുതല്‍ ഒരുക്കേണ്ടിവരും.
ഹജ്ജ് ക്യാംപിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം തുടങ്ങും. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസുകള്‍ ആഗസ്ത് നാലു മുതലാണ് ആരംഭിക്കുന്നത്. രണ്ടു ഘട്ടങ്ങളായാണ് ഹജ്ജ് സര്‍വീസുകള്‍ നടത്തുക. ആദ്യഘട്ടത്തിലുളള വിമാനങ്ങള്‍ മദീനയില്‍ ഇറങ്ങി, തീര്‍ത്ഥാടകരെ ജിദ്ദവഴി കൊണ്ടുവരും. രണ്ടാംഘട്ടത്തിലുളളവരെ ജിദ്ദ വഴി കൊണ്ടുപോയി മടക്കം മദീനവഴിയാക്കും. കേരളം ഏതു ഘട്ടത്തിലാണെന്ന് തീരുമാനിച്ചിട്ടില്ല.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഇത്തവണ നെടുമ്പാശ്ശേരിയില്‍നിന്ന് ഹജ്ജ് സര്‍വ്വീസുകള്‍ നടത്താന്‍ കരാര്‍ ഏറ്റെടുത്തത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുളള നിയന്ത്രണം മൂലവും റണ്‍വെ റീ-കാര്‍പ്പറ്റിങ് പൂര്‍ത്തിയാവാത്തതിനാലുമാണ് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്.
Next Story

RELATED STORIES

Share it