ഹജ്ജ് ക്യാംപ്: നെടുമ്പാശ്ശേരിയില്‍ നിര്‍മാണം തുടങ്ങി

നെടുമ്പാശ്ശേരി: ഹജ്ജ് ക്യാംപിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ആരംഭിച്ചു. വിമാനത്താവളത്തിന് സമീപത്തെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക ഹജ്ജ് ക്യാംപ് ഈ വര്‍ഷവും ഒരുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
60000 ചതുരശ്ര അടി വീതമുള്ള രണ്ട് എയര്‍ക്രാഫ്റ്റ് ഹാങ്കറുകള്‍ക്ക് പുറമേ 15000 ചതുരശ്ര അടിയില്‍ താല്‍ക്കാലിക സംവിധാനവും കഴിഞ്ഞ തവണ ഒരുക്കിയിരുന്നു. കഴിഞ്ഞവര്‍ഷം 6570 പേരാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടത്. ഇത്തവണ ഇത് 11000 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് നിന്നും ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 10000 പേര്‍ക്ക് പുറമെ ഏതാനും പേര്‍ക്കു കൂടി വെയിറ്റിങ് ലിസ്റ്റില്‍ നിന്നും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു കൂടാതെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയാണ് യാത്രയാവുന്നത്.
കഴിഞ്ഞവര്‍ഷം ഒരു എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ ഒരേസമയം 1000 പേര്‍ക്കാണ് നമസ്‌ക്കരിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത്. ഇത്തവണ ഇത് 1600 ആയി ഉയര്‍ത്തും. 15000 ചതുരശ്ര അടിയില്‍ എയര്‍ക്രാഫ്റ്റ് ഹാങ്കറിനോട് ചേര്‍ന്ന് താല്‍ക്കാലിക സൗകര്യം ഒരുക്കിയിരുന്നത് 21000 ചതുരശ്ര അടിയിലേക്കാണ് വ്യാപിപ്പിക്കുന്നത്. ഭക്ഷണ ശാലയില്‍ മാത്രം 3000 ചതുരശ്ര അടിയുടെ വിസ്തൃതി വര്‍ധിപ്പിക്കും. ഇതിനു വേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഇതോടൊപ്പം തീര്‍ത്ഥാടകര്‍ക്കൊപ്പം എത്തുന്നവര്‍ക്കുള്ള വിശ്രമ കേന്ദ്രവും ശുചിമുറികളും ക്രമീകരിക്കും. കൂടാതെ തീര്‍ത്ഥാടകര്‍ക്കും, വളണ്ടിയര്‍മാര്‍ക്കും പ്രത്യേക താമസ സൗകര്യവും ഒരുക്കും. ഹജ്ജ് ക്യാംപിന്റെ ചുമതലയുള്ള സിയാല്‍ എക്‌സി. ഡയറക്ടര്‍ എ എം ഷബീറിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it