ഹജ്ജ് കഴിഞ്ഞു മടങ്ങിയെത്തിയവര്‍ വീണ്ടും പണം നല്‍കേണ്ടി വന്നേക്കും

കരിപ്പൂര്‍: രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി—ക്കു കീഴില്‍ ഹജ്ജിനു പോയി മടങ്ങിയെത്തിയവരുടെ വിമാന നിരക്കില്‍ വര്‍ധനയെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പുതിയ സര്‍ക്കുലര്‍. നെടുമ്പാശ്ശേരിയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിനു പോയി മടങ്ങിയെത്തിയ കേരളം, ലക്ഷദ്വീപ്, മാഹി ഹാജിമാര്‍ 6,205 രൂപയാണ് വിമാന നിരക്കില്‍ അധികം നല്‍കേണ്ടിവരുക.
വിമാനക്കമ്പനികള്‍ ഹജ്ജ് കരാര്‍ ഒപ്പിടുന്നതും വിമാന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും ഡോളര്‍ നിരക്കിലാണ്. ഡോളറിന് 65 രൂപ പ്രകാരമാണ് ഹജ്ജ് സര്‍വീസ് വിമാനക്കമ്പനികള്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനു ശേഷം വിനിമയ നിരക്കിലുണ്ടായ ക്രമാതീതമായ അന്തരമാണ് വിമാന നിരക്ക് കൂട്ടേണ്ടിവന്നത്. ജൂലൈ എട്ടിന് വിമാന ടിക്കറ്റ് നല്‍കുമ്പോള്‍ 30 ശതമാനം വര്‍ധിച്ച് ഡോളര്‍ 68.72 ആയി ഉയര്‍ന്നിരുന്നു. ആഗസ്തില്‍ 69.45ഉം സപ്തംബറില്‍ 71.12 രൂപയായും ഈ മാസം 74.13 രൂപയിലുമെത്തി. ഇതു പ്രകാരം നെടുമ്പാശ്ശേരിയില്‍ ഹജ്ജിനു പോയവര്‍ 65,318.83 രൂപ വിമാന നിരക്കും 18 ശതമാനം ജിഎസ്ടിയായി 11,757.39 രൂപയും 3572 രൂപ വിമാനത്താവള ടാക്‌സും ഉള്‍െപ്പടെ 80,648.22 രൂപയാണ് നല്‍കേണ്ടത്. എന്നാല്‍, ഹാജിമാര്‍ ഈ നിരക്കില്‍ 74,443 രൂപയാണ് നല്‍കിയത്. ശേഷിക്കുന്ന 6,205 രൂപയാണ് അധികമായി നല്‍കേണ്ടി വരുക. അതേസമയം, ഹാജിമാര്‍ ഈ തുക എങ്ങനെ അടയ്ക്കണമെന്നതിനെക്കുറിച്ച് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നില്ല.
10 വര്‍ഷം മുമ്പ് 4225 രൂപ ഇവ്വിധത്തില്‍ ഹാജിമാരില്‍ നിന്നു കേന്ദ്രം ഈടാക്കിയിരുന്നു. അതേസമയം, തീര്‍ത്ഥാടകര്‍ക്ക് തുക മടക്കി നല്‍കിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഈ വര്‍ഷം ലക്ഷദ്വീപ്, മാഹി ഉള്‍പ്പെടെ 12,000 പേരാണ് ഹജ്ജിനു പോയത്. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനു ശേഷമുള്ള ആദ്യ ഹജ്ജ് സീസണില്‍ വീണ്ടും തുക നല്‍കുന്നത് തീര്‍ത്ഥാടകര്‍ക്ക് കനത്ത തിരിച്ചടിയാവും.

Next Story

RELATED STORIES

Share it