ഹജ്ജ് കരാര്‍ നാളെ ഒപ്പുവയ്ക്കും; ഇന്ത്യന്‍ സംഘം ഇന്ന് ജിദ്ദയില്‍ നിഷാദ് അമീന്‍

ജിദ്ദ: ഈ വര്‍ഷത്തെ ഇന്ത്യ-സൗദി ഹജ്ജ് കരാറില്‍ ഒപ്പുവയ്ക്കുന്നതിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം ഇന്ന് ജിദ്ദയിലെത്തും. നാളെ സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ സൗദിയെ പ്രതിനിധീകരിച്ച് ഹജ്ജ് മന്ത്രി ബന്ദര്‍ ബിന്‍ മുഹമ്മദ് ഹജ്ജാര്‍ ആയിരിക്കും കരാറില്‍ ഒപ്പുവയ്ക്കുക.

കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ അതാവുര്‍റഹ്മാനും വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമാണ് മന്ത്രി വി കെ സിങിനെ അനുഗമിക്കുന്നത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്ക്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ഇന്ത്യക്കാരുടെ ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അടങ്ങിയ 'ഹജ്ജ്- 1437' കരാറിന് ഏകദേശ ധാരണയായിട്ടുണ്ടെന്നും വെട്ടിക്കുറച്ച ഇന്ത്യന്‍ ഹജ്ജ് ക്വാട്ട ഈ വര്‍ഷം പുനസ്ഥാപിക്കാന്‍ സാധ്യതയില്ലെന്നും കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്ക് ഗള്‍ഫ് തേജസിനോടു പറഞ്ഞു.
ക്വാട്ട ഉയര്‍ത്തണമെന്ന് ഇന്ത്യ രേഖാമൂലം സൗദി ഹജ്ജ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത്തവണ ഹജ്ജ് കരാര്‍ ഒപ്പുവച്ച രാജ്യങ്ങള്‍ക്കൊന്നും ക്വാട്ട വര്‍ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ ആവശ്യം പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മക്ക മസ്ജിദുല്‍ ഹറാമിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2013ലാണ് ഇന്ത്യന്‍ ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനം കുറവുവരുത്തിയത്. മൂന്നു വര്‍ഷത്തേക്ക് വിദേശരാജ്യങ്ങളുടെ ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനവും സൗദിയില്‍ നിന്നുള്ള ഹാജിമാരുടെ ക്വാട്ടയില്‍ 50 ശതമാനവും കുറവുവരുത്തുകയായിരുന്നു.
ക്വാട്ട ഉയര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 1,36,020 പേരായിരിക്കും ഹജ്ജിനെത്തുക. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 100,020 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 36,000 പേരും ഹജ്ജ് നിര്‍വഹിക്കും. കേരളത്തില്‍നിന്ന് ഇത്തവണയും 6240 പേരാണ് എത്തുക. ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ട, താമസ-യാത്രാ സൗകര്യങ്ങള്‍, ഇന്ത്യയിലെ ഹാജിമാരുടെ ആദ്യ സംഘം എത്തുന്ന തിയ്യതി, തിരിച്ചുപോക്ക് തുടങ്ങിയ കാര്യങ്ങളാണ് കരാറില്‍ വ്യവസ്ഥ ചെയ്യുന്നത്.
ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തുന്ന മുഴുവന്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കും പുണ്യനഗരിയില്‍ മശാഇര്‍ മെട്രോ ട്രെയിന്‍ യാത്രാസൗകര്യം ലഭിക്കും. കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരായി പുനസ്ഥാപിക്കുമോയെന്ന കാര്യവും ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കുന്നതോടെ അറിയാനാവും. കരിപ്പൂരില്‍ ജംബോ സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം നെടുമ്പാശ്ശേരി വിമാനത്താവളം വഴിയായിരുന്നു ഹാജിമാരുടെ വരവും പോക്കും. സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമായിരിക്കും പ്രധാനമായും ഹജ്ജ് സര്‍വീസ് നടത്തുക.
Next Story

RELATED STORIES

Share it