ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും

മലപ്പുറം: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ അതിഥി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 85 ശതമാനം തീര്‍ത്ഥാടകരും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് നെടുമ്പാശ്ശേരിയിലേക്കെത്താന്‍ മണിക്കൂറുകള്‍ യാത്ര ചെയ്യണം. ഈ പ്രയാസം ഒഴിവാക്കേണ്ടതുണ്ട്. ഹജ്ജ് യാത്രയ്ക്കുള്ള ഭീമമായ ചെലവ് കുറയ്ക്കാന്‍ സാധ്യമായ വഴികളെല്ലാം പരിഗണിച്ച് സാധാരണക്കാരനു കൂടി തീര്‍ത്ഥാടനത്തിന് അവസരമുണ്ടാക്കണം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഹജ്ജ് ക്വാട്ട തൃപ്തികരമല്ല. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ക്വാട്ട അനുവദിക്കണം. 60,000ഓളം പേരാണ് ഇത്തവണ അപേക്ഷിച്ചത്. ഇതനുസരിച്ച് ക്വാട്ട പുനര്‍നിര്‍ണയിക്കണമെന്നും ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം സര്‍ക്കാരിനു കീഴില്‍ യാത്ര പുറപ്പെട്ട ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കം ഈ മാസം 12ന് ആരംഭിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രാവിലെ ആറുമണിക്ക് ആദ്യ സംഘത്തെ മന്ത്രി കെ ടി ജലീലിന്റെയും ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം ഇസ്‌ലാം സ്ത്രീവിരുദ്ധമാണെന്ന ആരോപണങ്ങളെ നേരിടാന്‍ സഹായിക്കുമെന്നും മുഹമ്മദ് ഫൈസി പറഞ്ഞു. സമീര്‍ കല്ലായി, ജലീല്‍ കല്ലേങ്ങല്‍പടി സംസാരിച്ചു. പ്രസ് ക്ലബ്ബിന്റെ ഉപഹാരം ഐ സമീല്‍ സമ്മാനിച്ചു.

Next Story

RELATED STORIES

Share it