Flash News

ഹജ്ജ്-ഉംറ തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടികള്‍ അതാത് രാജ്യങ്ങളില്‍ പൂര്‍ത്തിയാക്കും

ഹജ്ജ്-ഉംറ തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടികള്‍ അതാത് രാജ്യങ്ങളില്‍ പൂര്‍ത്തിയാക്കും
X


ദമ്മാം: ഹജ്ജ്-ഉംറ തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടികള്‍ അവരുടെ രാജ്യങ്ങളില്‍ വച്ച് തന്നെ പൂര്‍ത്തിയാക്കുമെന്ന് സൗദി ജവാസാത് മേധാവി കേണല്‍ സുലൈമാന്‍ അല്‍യഹ്‌യീ അറിയിച്ചു. 36ലധികം രാജ്യങ്ങള്‍ക്കാണ് ഈ സൗകര്യം ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഹജ്ജ് തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി മലേഷ്യയില്‍ നിന്നുമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മലേഷ്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൗദി വിമാനത്താവളത്തില്‍ ഇറങ്ങി ഇമിഗ്രഷന്‍ നടപടികള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ ബസ്സുകളില്‍ കയറി മക്കയിലെ താമസ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. ഇത് ഹജ്ജ് തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമായിരുന്നു. തീര്‍ഥാടകരുടെ വിരലടയാളം രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ മലേഷ്യ വിമാനത്താവളത്തില്‍ സൗദി ജവാസാത് ഉദ്യോഗസ്ഥരാണ് പൂര്‍ത്തിയാക്കിയത്. ഹജ്ജ്-ഉംറ തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടികള്‍ അവരുടെ രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതി ഭാവിയില്‍ മുഴുവന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും സൗദി ജവാസാത് മേധാവി സൂചിപ്പിച്ചു. രാജ്യത്തേക്ക് തൊഴില്‍ വിസയിലും മറ്റിതര വിസകളിലും വരുന്നവരുടെ വിരലടയാളം അതാത് രാജ്യങ്ങളില്‍ വച്ച് തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. സൗദിയില്‍ നാടുകടത്തിയവരും മറ്റു പ്രവേശന വിലക്കുകളുമുള്ളവര്‍ വീണ്ടും സൗദിയിലെത്തുകയും വിരലടയാളം രേഖപ്പെടുത്തുന്നതിനിടെ പിടിയിലായി നാട്ടിലേക്കു തിരിച്ചയക്കുകയും ചെയ്യാറുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ബയോമെട്രിക് വിവരങ്ങള്‍ അതാത് രാജ്യത്ത് വച്ച് തന്നെ രേഖപ്പെടുത്തുന്നത് സഹായമായിരിക്കും. എന്നാല്‍ ഹജ്ജ്-ഉംറ തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സ്വന്തം രാജ്യങ്ങള്‍ ഏതെല്ലാമെന്ന് സൗദി ജവാസാത് മേധാവി വ്യക്തമാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it