Flash News

ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇലക്‌ട്രോണിക് വളകള്‍

ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക്  ഇലക്‌ട്രോണിക് വളകള്‍
X
E-bracelets-for-hajj-pilgri

സ്വന്തം പ്രതിനിധി

മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇലക്‌ട്രോണിക് കൈവള നല്‍കുന്ന പദ്ധതിക്ക് സൗദി ഹജ്ജ് മന്ത്രാലയം തുടക്കംകുറിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി നല്‍കുന്ന വളകള്‍ ഹജ്ജ്-ഉംറ സേവനരംഗത്തുള്ളവരുടെ സ്മാര്‍ട്ട്‌ഫോണുകളുമായി പ്രത്യേക ആപ്ലിക്കേഷനിലൂടെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഹജ്ജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഈസാ മുഹമ്മദ് റവാസ് വിശദീകരിച്ചു.
തീര്‍ത്ഥാടകരുടെ പേര്, വയസ്സ്, രാജ്യം, ഭാഷ, പാസ്‌പോര്‍ട്ട് നമ്പര്‍, വിസ നമ്പര്‍, ഏജന്‍സിയുടെ മേല്‍വിലാസം, താമസസ്ഥലത്തിന്റെ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇലക്‌ട്രോണിക് വളകള്‍. തീര്‍ത്ഥാടകരെ കാണാതാവുമ്പോഴും വഴിതെറ്റുമ്പോഴും അവരെ വേഗത്തില്‍ കണ്ടെത്തുന്നതിന് പുതിയ പദ്ധതി സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. [related]
ഹജ്ജ്-ഉംറ മന്ത്രാലയം തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന ഇലക്‌ട്രോണിക് വളയെക്കുറിച്ചുള്ള വിവരങ്ങള്‍ വിദേശ രാജ്യങ്ങളിലെ സൗദി കോണ്‍സുലേറ്റുകളിലെ ഹജ്ജ്-ഉംറ വിഭാഗങ്ങളെയും ഏജന്‍സികളെയും ഹജ്ജ് കമ്പനികളെയും അറിയിച്ചിട്ടുണ്ട്. വള ലഭിക്കുന്നതിന് തീര്‍ത്ഥാടകര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ വിവരം ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ വിസ അപേക്ഷയോടൊപ്പം നല്‍കണം.
ഈ സംവിധാനം ഹജ്ജ്-ഉംറ സേവന രംഗത്തുള്ളവര്‍ക്ക് മാത്രമല്ല സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഏറെ സഹായകമാവും. പ്രായാധിക്യമുള്ള തീര്‍ത്ഥാടകര്‍ വഴിതെറ്റുന്ന ഘട്ടങ്ങളില്‍ അവരെ വേഗത്തില്‍ കണ്ടെത്തുന്നതിനാണ് ഈ സംവിധാനം ഏറ്റവുമധികം ഉപകരിക്കുക. സൗജന്യമായി നല്‍കുന്ന ഈ വളകള്‍ വെള്ളം നനയാതെയും കേടുപാടുകള്‍ വരുത്താതെയും സൂക്ഷിക്കണമെന്നും ഡോ. ഈസാ മുഹമ്മദ് റവാസ് നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it