Flash News

ഹജ്ജ് : അവസരം ലഭിച്ച184 പേര്‍ യാത്ര റദ്ദാക്കി



കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവരില്‍ 184 പേര്‍ യാത്ര റദ്ദാക്കി. സാമ്പത്തിക, മാനസിക, ശാരീരിക പ്രയാസങ്ങളാണു യാത്ര റദ്ദാക്കാന്‍ കാരണം. ഈ വര്‍ഷം 11,197 പേര്‍ക്കാണ് അവസരം ലഭിച്ചിരുന്നത്. കൂടുതല്‍ പേരും സാമ്പത്തിക കാരണങ്ങളാലാണു യാത്ര റദ്ദാക്കിയത്. ഹജ്ജിന്റെ ആദ്യ ഘഡു പണം അടയ്ക്കുന്നതിനു മുമ്പുതന്നെ 184 പേരും യാത്ര റദ്ദാക്കുന്നതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ അറിയിക്കുകയായിരുന്നു. യാത്ര റദ്ദാക്കുന്ന ഒഴിവുകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹജ്ജ് യാത്രയ്ക്ക് ഇത്തവണ നിരക്ക് വര്‍ധിക്കുന്നതിനാല്‍ രണ്ടാംഗഡു പണം വര്‍ധിക്കും. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള താമസസൗകര്യത്തിന് മക്കയില്‍ കെട്ടിടങ്ങള്‍ കണ്ടെത്തുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ രണ്ടാംഗഡു പണത്തിന്റെ തുക നിശ്ചയിക്കും. ഗ്രീന്‍, അസീസിയ്യ എന്നീ രണ്ട് കാറ്റഗറിയിലാണ് തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ താമസസൗകര്യം ഒരുക്കുന്നത്. കൂടുതല്‍ പേര്‍ക്കും അസീസിയ്യയിലായിരിക്കും അവസരം ലഭിക്കുക.മക്കയുടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രീന്‍ കാറ്റഗറിയില്‍ താമസസൗകര്യം ലഭിക്കുന്നവര്‍ക്കു നിരക്ക് കൂടും. അസീസിയ്യ മക്കയ്ക്ക് 5 കിലോമീറ്റര്‍ ചുറ്റളവിലായതിനാല്‍ നിരക്ക് കുറയും. ഹജ്ജ് സബ്‌സിഡി വെട്ടിക്കുറയ്ക്കല്‍, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയ വിവിധ കാരണങ്ങളാലാണ് ഹജ്ജിന് ഇത്തവണ ചെലവേറുന്നത്. ശാരീരിക, മാനസിക പ്രയാസങ്ങളാല്‍ അവസരം റദ്ദാക്കിയവരും കുറവല്ല. തുടര്‍ച്ചയായ അഞ്ചാംവര്‍ഷ അപേക്ഷയില്‍ അവസരം ലഭിച്ചവരാണു യാത്ര റദ്ദാക്കിയവരില്‍ കൂടുതലും. കേരളത്തിനു പുറമെ വിവിധ സംസ്ഥാനങ്ങളിലും അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയവര്‍ ഏറെയാണ്. യാത്ര റദ്ദാക്കിയവരുടെ കണക്കുകള്‍ പൂര്‍ണമായും ലഭിക്കുന്ന മുറയ്ക്കാണു കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങള്‍ക്ക് ഇവ വീതിച്ചുനല്‍കുക.
Next Story

RELATED STORIES

Share it