Flash News

ഹജ്ജ് അപേക്ഷ : അഞ്ചാം വര്‍ഷക്കാരെ ഒഴിവാക്കി



കരിപ്പൂര്‍: ഈവര്‍ഷത്തെ ഹജ്ജ് അപേക്ഷ പുറത്തിറക്കി. തുടര്‍ച്ചയായി അഞ്ചാം വര്‍ഷം അപേക്ഷിക്കുന്നവര്‍ക്ക് നേരിട്ട് അവസരം നല്‍കുന്ന രീതി ഈ വര്‍ഷം ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഹജ്ജ് നയം പ്രകാരമാണിത്.   കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലാണ് അപേക്ഷാ ഫോറവും നിര്‍ദേശങ്ങളും പുറത്തിറക്കിയത്. പൂരിപ്പിച്ച അപേക്ഷകള്‍ 15 മുതല്‍ സ്വീകരിക്കും. ഓണ്‍ലൈനായാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഈ വര്‍ഷവും കരിപ്പൂരിനെ തഴഞ്ഞ് കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കൊച്ചിയെ നിലനിര്‍ത്തി.70 വയസ്സ് കഴിഞ്ഞവര്‍ക്കും അവരുടെ ഒരു സഹായിക്കും മാത്രമാണ് ഇത്തവണ നറുക്കെടുപ്പില്ലാതെ ഹജ്ജിന് നേരിട്ട് അവസരം നല്‍കുക. അഞ്ചാംവര്‍ഷക്കാര്‍ക്ക് സംവരണം നിര്‍ത്തിയതോടെ മറ്റുള്ളവരോടൊപ്പം നറുക്കെടുപ്പിലൂടെ മാത്രമാവും അവസരം ലഭിക്കുക. 1947 നവംബര്‍ 15ന് മുമ്പ് ജനിച്ചവര്‍ക്കാണ് 70 വയസ്സിന് മുകളിലുള്ളവരുടെ മുന്‍ഗണന ലഭിക്കുക. 45 വയസ്സിന് മുകളിലുള്ള വനിതകള്‍ നാലുപേര്‍ ഒന്നിച്ച് ഹജ്ജിന് പോവുകയാണെങ്കില്‍ മെഹ്‌റം ആവശ്യമില്ല. നേരത്തെ എല്ലാ വനിതകള്‍ക്കും മെഹ്‌റം നിര്‍ബന്ധമായിരുന്നു.ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് 2019 ഫെബ്രുവരി 14 വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. 300 രൂപയാണ് അപേക്ഷാ ഫീസ്. എസ്ബിഐയുടെയോ ഇന്ത്യന്‍ ബാങ്കിന്റെയോ ശാഖകളില്‍ നിര്‍ദിഷ്ട പേ ഇന്‍ സ്ലിപ് ഉപയോഗിച്ചാണ് ഫീസ് അടയ്‌ക്കേണ്ടത്. ഹജ്ജ് നയത്തില്‍ എല്ലാവര്‍ക്കും അസീസിയയില്‍ മാത്രം താമസസൗകര്യമെന്നാണ് ശുപാര്‍ശയെങ്കിലും ഗ്രീന്‍ വിഭാഗത്തിലും അപേക്ഷിക്കാം. അസീസിയയില്‍ രണ്ടു ലക്ഷവും ഗ്രീന്‍ വിഭാഗത്തില്‍ 2,34,000 രൂപയും ചെലവുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ ആദ്യഗഡുവായി 81,000 രൂപ നല്‍കണം. ഹജ്ജ് കമ്മിറ്റിയുടെ പേ-ഇന്‍ സ്ലിപ് ഉപയോഗിച്ച് എസ്ബിഐ, യൂനിയന്‍ ബാങ്ക് ശാഖകളില്‍ പണം അടയ്ക്കാം. ജൂലൈ 11 മുതല്‍ ആഗസ്ത് 13 വരെയാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക. ആഗസ്ത് 24 മുതല്‍ സപ്തംബര്‍ 26 വരെ ഹാജിമാര്‍ മടങ്ങിയെത്തും. 22 കിലോ വീതം രണ്ട് ബാഗും 10 കിലോയുള്ള ഒരു ഹാന്‍ഡ് ബാഗുമാണ് അനുവദിച്ചിരിക്കുന്നത്. അഞ്ച് ലിറ്റര്‍ സംസം വെള്ളമാണു ലഭിക്കുക. 70 ശതമാനം സീറ്റുകള്‍ ഹജ്ജ് കമ്മിറ്റികള്‍ക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്കുമെന്ന ഹജ്ജ് നയത്തിലെ ശുപാര്‍ശയാണ് ഹജ്ജ് മാര്‍ഗനിര്‍ദേശത്തില്‍ പിന്തുടരുന്നത്. ഹജ്ജ് നയത്തില്‍ ഒമ്പത് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ് ശുപാര്‍ശ ചെയ്തതെങ്കിലും നിലവിലെ 21 എണ്ണം നിലനിര്‍ത്തിയിട്ടുണ്ട്്. മുന്‍വര്‍ഷങ്ങളില്‍ നേരിട്ട് അവസരം ലഭിച്ചിരുന്ന അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കാനാവില്ലെന്ന് വ്യക്തമായതോടെ കേരളത്തില്‍ നിന്ന് 1370 പേരുടെ യാത്രയാണ് ഒറ്റയടിക്ക് നഷ്ടമാവുക.
Next Story

RELATED STORIES

Share it