ഹജ്ജ് അപേക്ഷാ ഫോറം വിതരണം ഇന്നുമുതല്‍

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് അപേക്ഷാ ഫോറം വിതരണം ഇന്ന് ആരംഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി എട്ടുവരെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്വീകരിക്കും. 70 വയസ്സിനുമുകളില്‍ പ്രായമുള്ളയാളും ഇയാളുടെ സഹായിയും തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകരും അപേക്ഷയ്‌ക്കൊപ്പം അസ്സല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ പൂരിപ്പിക്കുകയും വേണം. പാസ്‌പോര്‍ട്ടില്‍നിന്നു വ്യത്യസ്തമായ വിവരങ്ങളുള്ള അപേക്ഷയും അപൂര്‍ണവും തിരുത്തലുകളുള്ളതുമായ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. പിന്‍കോഡും മൊബൈല്‍ ഫോണ്‍ നമ്പരും അപേക്ഷയില്‍ ചേര്‍ത്തിരിക്കണം.
അപേക്ഷകര്‍ക്കെല്ലാം 2017 മാര്‍ച്ച് 10 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുണ്ടായിരിക്കണം. കുടുംബ ബന്ധമുള്ള അഞ്ചു പേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. കവര്‍ ലീഡര്‍ക്കായിരിക്കും കവറിലുള്‍പ്പെട്ട അപേക്ഷകരുടെ പണമിടപാടിന്റെ ചുമതല. സ്ത്രീകള്‍ ഒറ്റയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ നേരത്തെ ഹജ്ജ് ചെയ്തവര്‍, ടിബി, എയ്ഡ്‌സ്, മറ്റു സാംക്രമിക രോഗങ്ങള്‍ ഉള്ളവര്‍, അംഗവൈകല്യം, ബുദ്ധിമാന്ദ്യം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളുള്ളവര്‍, കോടതി വിദേശയാത്ര നിരോധിച്ചിട്ടുള്ളവര്‍, മഹ്‌റം ഇല്ലാത്ത സ്ത്രീകള്‍, പൂര്‍ണഗര്‍ഭിണികള്‍ എന്നിവരുടെ അപേക്ഷകള്‍ സ്വീകരിക്കില്ല.
2016 സപ്തംബര്‍ 20ന് രണ്ടു വയസ്സ് പൂര്‍ത്തിയാവാത്ത കുട്ടിക്ക് പത്തുശതമാനം വിമാനയാത്രാ നിരക്കില്‍ മാതാപിതാക്കള്‍ക്കൊപ്പം അപേക്ഷിക്കാം. ഒരാള്‍ക്ക് ഒന്നിലധികം ഹജ്ജ് കമ്മിറ്റികള്‍ക്കു കീഴില്‍ അപേക്ഷ നല്‍കാന്‍ പാടില്ല. അപേക്ഷകന്റെ ഏറ്റവും പുതിയ 3.5 ഃ 3.5 സെന്റീമിറ്റര്‍ വലുപ്പമുള്ള വെളുത്ത പ്രതലത്തോടു കൂടിയ കളര്‍ ഫോട്ടോയും പതിക്കണം. റിസര്‍വ് കാറ്റഗറിയിലെ അപേക്ഷകര്‍ പാസ്‌പോര്‍ട്ടിനൊപ്പം ഒരു ഫോട്ടോകൂടി സമര്‍പ്പിക്കണം.
70 വയസ്സിന്റെ റിസര്‍വ് കാറ്റഗറിയില്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി യാത്ര റദ്ദാക്കുകയാണെങ്കില്‍ സഹായിയുടെ യാത്രയും റദ്ദാവും. അപേക്ഷയോടൊപ്പം കവര്‍ ലീഡറുടെ മേല്‍വിലാസം എഴുതിയ 40 രൂപ സ്റ്റാംപ് ഒട്ടിച്ച ഒരു കവര്‍, പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ കോപ്പി, അപേക്ഷകന്റെ മേല്‍വിലാസം പാസ്‌പോര്‍ട്ടില്‍നിന്നു വ്യത്യസ്തമാണെങ്കില്‍ ഇതു തെൡയിക്കുന്നതിനുള്ള രേഖകള്‍, കാന്‍സല്‍ ചെയ്ത ഐഎഫ്എസ് കോഡുള്ള ബാങ്ക് ചെക്കിന്റെ കോപ്പി എന്നിവ നല്‍കണം. ഇവ ഓരോ അപേക്ഷകനും ഫോട്ടോ കോപ്പിയെടുത്തു സൂക്ഷിക്കുകയും വേണം. ഫെബ്രുവരി 15നുള്ളില്‍ കവര്‍ നമ്പര്‍ നല്‍കും. ഇതു ലഭിച്ചില്ലെങ്കില്‍ ഉടന്‍ ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടണം. ഹജ്ജ് അപേക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഹജ്ജ് അപേക്ഷയ്‌ക്കൊപ്പം നല്‍കുന്നുണ്ട്.
Next Story

RELATED STORIES

Share it