ഹക്കീം വധക്കേസ് സിബിഐ കോടതിയിലേക്കു മാറ്റി

പയ്യന്നൂര്‍: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ ഹക്കീമിന്റെ കൊലപാതകക്കേസ് എറണാകുളത്തെ സിബിഐ കോടതിയിലേക്കു മാറ്റി. പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇതുസംബന്ധിച്ച് ഉത്തരവിട്ടു. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത് എറണാകുളത്തെ കോടതിയിലായതിനാലാണ് പയ്യന്നൂരില്‍നിന്നു മാറ്റാന്‍ ഹരജി നല്‍കിയത്.
കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്. സബ് ഇന്‍സ്‌പെക്റ്റര്‍ ഡാര്‍വിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊറ്റി ജുമാമസ്ജിദ് പരിസരത്തെ ഹക്കീം അഗ്‌നിക്കിരയായ സ്ഥലം പരിശോധിക്കുകയും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ലോക്കല്‍ പോലിസിനോട് വിശദാംശങ്ങള്‍ തേടുകയും ചെയ്തിരുന്നു. കൊറ്റി ഗസ്റ്റ് ഹൗസിലാണ് സിബിഐയുടെ ക്യാംപ് ഓഫിസ്. 2014 ഫെബ്രുവരി 10നാണ് ഹക്കീമിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ലോക്കല്‍ പോലിസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം വഴിമുട്ടിയതോടെ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹക്കീമിന്റെ ഭാര്യ സീനത്തും സംയുക്ത സമരസമിതിയും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ സപ്തംബര്‍ 9നാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായത്. കേസിന്റെ അന്വേഷണ റിപോര്‍ട്ട് സിബിഐക്ക് കൈമാറണമെന്ന കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം മുഴുവന്‍ രേഖകളും കൈമാറിയിരുന്നു.
Next Story

RELATED STORIES

Share it