kannur local

ഹക്കീംവധം: സിബിഐ സംഘം തുടര്‍നടപടികളിലേക്ക്

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ ഹക്കീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ സിബിഐ തുടര്‍നടപടികളിലേക്ക് നീങ്ങുന്നു. അന്വേഷണത്തിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കിയതായാണു സൂചന. കഴിഞ്ഞ മാസം 16ന് സിബിഐ ഇന്‍സ്‌പെക്ടര്‍ ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സംഘം ക്യാംപ് ഓഫിസായ പയ്യന്നൂര്‍ ഗസ്റ്റ്ഹൗസിലെത്തി ക്രൈംബ്രാഞ്ച് റിപോര്‍ട്ട് വിശദമായി പരിശോധിച്ചിരുന്നു. തുടര്‍ന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിക്കിട്ടാന്‍ പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കുകയും കേസ് സിബിഐ കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഹക്കീമിന്റെ ഭാര്യ സീനത്തില്‍ നിന്നു സിബിഐ സംഘം മൊഴിയെടുത്തിരുന്നു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് ആര്‍ക്കും ചോദ്യം ചെയ്യലിനുള്ള നോട്ടിസ് നല്‍കാന്‍ സംഘം തയ്യാറായിട്ടില്ല. സംശയനിഴലിലുള്ള ചിലരെ താമസിയാതെ വിളിപ്പിക്കാനും പലഘട്ടങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘത്തോട് മൊഴിമാറ്റി പറഞ്ഞ ചിലരെ ചോദ്യം ചെയ്യാനുമാണ് നീക്കം. 2014 ഫെബ്രുവരി 10ന് രാവിലെയാണ് കൊറ്റി ജുമാമസ്ജിദിനു പിറകിലെ മദ്്‌റസയ്ക്കു സമീപം ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം ഹക്കീമിന്റേതാണെന്ന് തെളിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it