സൗഹൃദരാജ്യങ്ങളിലേക്ക് മാലദ്വീപ് പ്രതിനിധികള്‍; ഇന്ത്യയിലേക്കില്ല

മാലി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മാലദ്വീപില്‍ നിന്ന് പ്രസിഡന്റ് അബ്ദുല്ല യമീന്‍ മൂന്ന് സൗഹൃദരാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധികളെ അയച്ചു. ചൈന, പാകിസ്താന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഇവരെ അയച്ചത്. ഇന്ത്യയിലേക്ക് പ്രതിനിധികളില്ല. മന്ത്രിസഭാ അംഗങ്ങളായ പ്രതിനിധികള്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിക്കുകയും ചെയ്യും. സാമ്പത്തിക വികസന വകുപ്പു മന്ത്രി മുഹമ്മദ് സഈദ് ചൈനയും വിദേശകാര്യമന്ത്രി ഡോ. മുഹമ്മദ് അസീം പാകിസ്താനും മല്‍സ്യകാര്‍ഷിക വകുപ്പു മന്ത്രി ഡോ. മുഹമ്മദ് ഷൈനീ സൗദി അറേബ്യയുമാണ് സന്ദര്‍ശിക്കുക. മാലദ്വീപില്‍ പുറത്തുനിന്നുള്ള സൈനിക ഇടപെടലിനെ എതിര്‍ക്കുമെന്നും ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും ചൈന മുന്നറിയിപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ വേണമെന്നു മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ചൈനയുടെ പ്രതികരണം. എന്നാല്‍, നഷീദിന്റെ അഭ്യര്‍ഥനയ്ക്ക് ഇന്ത്യ മറുപടി നല്‍കിയില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തുക മാത്രമാണ് ഇന്ത്യ ചെയ്തത്.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്നാണ് മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
അതേസമയം, ഇന്ത്യയിലേക്കാണ് ആദ്യം  പ്രതിനിധിയെ അയക്കാന്‍ ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യയിലെ മാലദ്വീപ് അംബാസഡര്‍ അഹ്മദ് മുഹമ്മദ് പറഞ്ഞു. എന്നാല്‍, ഇന്ത്യ അസൗകര്യമറിയിച്ചു.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശയാത്രകളില്‍ ആയതിനാലാണിത്. വിദേശകാര്യ സഹമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെങ്കിലും അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യ തള്ളിയതായും ഇത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it