സൗഹൃദമല്‍സരം മലപ്പുറത്ത് യുഡിഎഫിന് വിനയാവും

മുജീബ് പുള്ളിച്ചോല

മലപ്പുറം: മലപ്പുറത്തുനിന്ന് യുഡിഎഫിന് അത്ര ശുഭകരമായ സൂചനകളല്ല ലഭിക്കുന്നത്. മുസ്‌ലിം ലീഗിന്റെയും ലീഗിന്റെ ബെല്‍റ്റിലൂടെ യുഡിഎഫിന്റെയും പൊന്നാപുരം കോട്ടയെന്നു പെരുമ്പറകൊട്ടുന്ന മലപ്പുറം തദ്ദേശ പോരില്‍ ഇപ്രാവശ്യം യുഡിഎഫ് മുന്നണിയെ വെള്ളംകുടിപ്പിക്കുകയാണ്. സൗഹൃദമല്‍സരമെന്ന പേരില്‍ ലീഗും കോണ്‍ഗ്രസ്സും നേരിട്ട് ഏറ്റുമുട്ടുന്ന ജില്ലയില്‍ പലയിടത്തും ഇടതുപക്ഷം നേട്ടംകൊയ്യുമെന്നാണു വിലയിരുത്തല്‍.
അതേസമയം മുസ്‌ലിംലീഗ് അഭിമാനം കാക്കുമെങ്കിലും കോണ്‍ഗ്രസ്സിനാവും ഈ സൗഹൃദമല്‍സരം ഏറെ ദോഷംചെയ്യുകയെന്നാണ് ഒന്നാംഘട്ട പ്രചാരണം കഴിയുമ്പോഴുള്ള വിലയിരുത്തല്‍. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത യുഡിഎഫ് മുന്നണി തര്‍ക്കങ്ങളാണ് ഇപ്രാവശ്യം തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലുള്ളത്. 460ഓളം വാര്‍ഡുകളില്‍ ലീഗ്-കോണ്‍ഗ്രസ് നേരിട്ട് മല്‍സരിക്കുന്നുണ്ട്. സൗഹൃദമല്‍സരമെന്നാണു മുന്നണി നേതാക്കള്‍ ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും ഇരു പാര്‍ട്ടികള്‍ക്കും വിജയം അഭിമാനപ്രശ്‌നമായതിനാല്‍ പൊരിഞ്ഞ പോരാണ് ഇവിടങ്ങളില്‍.
മാറാക്കര, മുത്തേടം, പോരൂര്‍, കരുവാരക്കുണ്ട്, ചോക്കാട്, കാളികാവ് തുടങ്ങിയ ആറു പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നണി വിട്ട് സൗഹൃദമല്‍സരമെന്ന പേരില്‍ നേരിട്ട് ഏറ്റുമുട്ടാന്‍ ലീഗും-കോണ്‍ഗ്രസ്സും നേരത്തെ അംഗീകാരം നല്‍കിയതാണ്. മിക്ക പഞ്ചായത്തുകളിലും ഒരു വാര്‍ഡിലെങ്കിലും മുന്നണിവിട്ടുള്ള മല്‍സരമുണ്ടെന്നതാണു ശ്രദ്ധേയം. നേരിട്ടുള്ള മല്‍സരത്തിനു പുറമെ ജനകീയ മുന്നണിയായി രംഗത്തിറങ്ങി ലീഗ് കോണ്‍ഗ്രസ്സിനെതിരെയും കോണ്‍ഗ്രസ് ലീഗിനെതിരെയും പോരിനിറങ്ങുന്നുണ്ട്.തദ്ദേശ സ്ഥാപന പുനര്‍നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ 94 പഞ്ചായത്തിലേക്കാണ് ജില്ലയില്‍ ഇപ്രാവശ്യം തിരഞ്ഞെടുപ്പു നടക്കുന്നത്. ഇതില്‍ 30 ഓളം പഞ്ചായത്തുകള്‍ ഇടതിനൊപ്പം നില്‍ക്കുമെന്നാണ് അവരുടെ പ്രതീക്ഷ. പുതുതായി രൂപംകൊണ്ട നഗരസഭകളടക്കം 12ല്‍ നാലു നഗരസഭയില്‍ ഇടതു ഭരണത്തിലെത്തുമെന്നാണു വിലയിരുത്തല്‍. പൊന്നാനി, പെരിന്തല്‍മണ്ണ എന്നിവയ്ക്കു പുറമെ കൊണ്ടോട്ടി, വളാഞ്ചേരി നഗരസഭകളിലാണ് ഇടത് കണ്ണുവച്ചിട്ടുള്ളത്. മുന്നണി തര്‍ക്കം കൊടുമ്പിരികൊള്ളുന്ന ഇടമാണു കൊണ്ടോട്ടി. തര്‍ക്കം കാരണം മുന്നണി സംസ്ഥാന നേതാക്കളൊന്നും കൊണ്ടോട്ടിയില്‍ പ്രചാരണത്തിനെത്തുന്നില്ല. ജില്ലാ പഞ്ചായത്തില്‍ രണ്ടില്‍ നിന്ന് പത്തിലേക്കെങ്കിലും സീറ്റ് നില ഉയരുമെന്നാണ് ഇടതിന്റെ കണക്കുകൂട്ടല്‍.
മുന്നണിക്കകത്തെ തര്‍ക്കംതന്നെയാണ് യുഡിഎഫിന് ക്ഷീണം ഉണ്ടാക്കുക. മുന്നണി തര്‍ക്കം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളെവരെ ബാധിച്ചിരിക്കുകയാണ്. പഞ്ചായത്തുകളില്‍ മുന്നണിക്കു പുറത്തു മല്‍സരത്തിനു നേതൃത്വം മൗനാനുവാദം നല്‍കുമ്പോള്‍ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് ഡിവിഷനുകളിലേക്ക് മുന്നണിയായി ഒരുമയോടെ നില്‍ക്കണമെന്നു നേതൃത്വം പറയുന്നുണ്ടെന്നല്ലാതെ ഇത് അണികള്‍ ചെവിക്കൊള്ളുന്നില്ല. വാര്‍ഡില്‍ തോല്‍പ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ ഡിവിഷനില്‍ എന്തിനു കൂട്ടുപിടിക്കണമെന്നാണ് ഇരു പാര്‍ട്ടികളിലെയും അണികളുടെ ചോദ്യം. നേരത്തെ പഞ്ചായത്ത് തലങ്ങളില്‍ മുന്നണിക്കകത്ത് തര്‍ക്കങ്ങളുണ്ടായി യുഡിഎഫ് വിട്ട് അപൂര്‍വം ഇടങ്ങളില്‍ ലീഗ്-കോണ്‍ഗ്രസ് നേരിട്ട് മല്‍സരമുണ്ടാവാറുണ്ടെങ്കിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഇതു ബാധിക്കാറില്ലായിരുന്നു. പല ഡിവിഷനുകളും ഈസി വാക്കോവര്‍ ആയി കണ്ടിരുന്നിടത്തെല്ലാം ഇപ്രാവശ്യം കടുത്ത മല്‍സരമാണ്.
എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജില്ലയില്‍ മെച്ചപ്പെട്ട മുന്നേറ്റം നടത്തുമെന്നാണു വിലയിരുത്തല്‍. ചിലയിടങ്ങളില്‍ എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ടും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it