ernakulam local

സൗരോര്‍ജ പദ്ധതി ഉദ്ഘാടന വേദിയിലേക്ക് യുഡിഎഫ് മാര്‍ച്ച് ; സംഘര്‍ഷം സൃഷ്ടിച്ചു



ആലുവ: കൊച്ചി മെട്രോയുടെ ആലുവ സ്‌റ്റേഷനിലെ സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടന വേദിയിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലിസ് ബലം പ്രയോഗിച്ച് തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധക്കാരുടെ ബാനര്‍ പോലിസ് പിടിച്ചുവലിച്ച് വാങ്ങിയതാണ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. ഇന്നലെ രാവിലെ 11.30നാണ് ആലുവ സ്‌റ്റേഷനില്‍ അനുബന്ധമായി സ്ഥാപിച്ച സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പ്രോട്ടോക്കോള്‍ പ്രകാരം ചടങ്ങില്‍ അധ്യക്ഷനാവേണ്ട അന്‍വര്‍ സാദത്ത് എംഎല്‍എയും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാമിനേയും പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നതാണ് യുഡിഎഫ് പ്രതിഷേധത്തിന് കാരണം. ബൈപ്പാസില്‍ ജില്ലാ കാര്‍ഷിക ബാങ്കിന് സമീപത്ത് നിന്ന് ദേശീയപാതയുടെ സമാന്തര റോഡ് ആരംഭിക്കുന്നിടത്തേക്ക് പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതോടെ പോലിസ് തടഞ്ഞു. മുഖ്യമന്ത്രി മെട്രോ സ്‌റ്റേഷനിലേക്ക് എത്തുന്നതിനും മുമ്പായിരുന്നു ഇത്. മുഖ്യമന്ത്രി എത്തുംമുമ്പ് പ്രതിഷേധക്കാരെ നീക്കാനായി പോലിസ് തിടുക്കം കാട്ടിയതാണ് ബലപ്രയോഗത്തിന് ഇടയാക്കിയത്. സമരക്കാരുടെ ബാനറും പോലിസ് വലിച്ചുകീറി നശിപ്പിച്ചു. നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. അവരെയും പോലിസ് അറസ്റ്റ് ചെയ്തു. ഇതോടെ കുറച്ചുപേര്‍ നേതാക്കളെ കയറ്റിയ പോലിസ് വാഹനം തടഞ്ഞു. അവരേയും പോലിസ് അറസ്റ്റ് ചെയ്തു. സമാധാനപരമായി പ്രധിഷേധിച്ചവരെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സി ഐക്കെതിരേ നടപടിയാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ കുത്തിയിരുന്നു. അന്‍വര്‍ സാദത്ത് എംഎല്‍എ ഇടപ്പെട്ടതിനെ തുടര്‍ന്ന് ഡിവൈഎസ്പി വി കെ സനല്‍കുമാര്‍ സ്‌റ്റേഷനിലെത്തി സിഐയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചത്. യുഡിഎഫ് ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, വൈസ് ചെയര്‍പേഴ്‌സണ്‍ സി ഓമന, പി എ താഹിര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, കൗണ്‍സിലര്‍മാരായ ജെറോം മൈക്കിള്‍, പി എം മൂസാക്കുട്ടി, ടിമ്മി ടീച്ചര്‍, കെ ചന്ദ്രന്‍, ജോസി പി ആന്‍ഡ്രൂസ്, മുഹമ്മദ് ഷെഫീക്ക്, ഖസീം ഖാലിദ്, ജി വിജയന്‍, ഡൊമിനിക്ക് കാവുങ്കല്‍, ടി ആര്‍ തോമസ്, ജോണി മൂത്തേടന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it