Editorial

സൗരോര്‍ജരംഗത്ത് പുതിയ ചുവടുവയ്പ്

അന്താരാഷ്ട്ര സോളാര്‍ സഖ്യത്തിന്റെ ആദ്യ സമ്മേളനം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സമാപിച്ചപ്പോള്‍ ഊര്‍ജരംഗത്ത് പുതിയൊരു മുന്നേറ്റത്തിന്റെ ആവശ്യകത ശക്തമായി ഉന്നയിക്കപ്പെട്ടു. ആഗോളതാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര നീക്കങ്ങള്‍ക്ക് സമീപകാലത്ത് ചില കടുത്ത തിരിച്ചടികള്‍ നേരിടേണ്ടിവന്നു. ലോകത്തെ 200 രാജ്യങ്ങളുടെ പിന്തുണയോടെ പാരിസില്‍ രണ്ടു വര്‍ഷം മുമ്പ് ഒപ്പുവയ്ക്കപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതാണ് അതിലൊരു പ്രധാന പ്രശ്‌നം. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള കര്‍ശനമായ നീക്കങ്ങളില്‍ എല്ലാ രാജ്യങ്ങളും തങ്ങളുടെ പങ്കാളിത്തം വഹിക്കണമെന്നാണ് പാരിസ് ഉടമ്പടിയുടെ കാതല്‍. ഇന്ത്യയും ചൈനയും അടക്കമുള്ള നവ വികസ്വര രാജ്യങ്ങളും വിവിധ പാശ്ചാത്യ വന്‍ശക്തിരാജ്യങ്ങളും ഉടമ്പടിയില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്ന് പ്രതിജ്ഞ ചെയ്യുകയുണ്ടായി. പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തിലാണ് അന്ന് അത്തരമൊരു ഉടമ്പടി ഒപ്പുവച്ചത്. ഒരുപക്ഷേ, ആ ഒരൊറ്റ കാരണംകൊണ്ടാവാം, ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ആദ്യവര്‍ഷം തന്നെ തങ്ങളുടെ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങളില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങി.
എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള ശക്തമായ നടപടികളുമായി ലോകം മുന്നോട്ടുപോവും എന്ന സന്ദേശമാണ് ഡല്‍ഹിയില്‍ നടന്ന ആദ്യ സോളാര്‍ സഖ്യ സമ്മേളനം നല്‍കുന്നത്. ഇന്നത്തെ നിലയില്‍ ആഗോളതാപനം മുന്നോട്ടുപോവുകയാണെങ്കില്‍ ഭൂമിയുടെ പല പ്രദേശങ്ങളിലും മനുഷ്യവാസം അസാധ്യമാവുമെന്നു തീര്‍ച്ചയാണ്. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകള്‍ ഉരുകിയൊലിച്ച് കടല്‍നിരപ്പ് ഉയരുന്നതു മാത്രമല്ല പ്രശ്‌നം. ഭൂമധ്യരേഖയോട് അടുത്ത പ്രദേശങ്ങളില്‍ വന്‍തോതില്‍ മരുഭൂവല്‍ക്കരണവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതമാണ്. ഇന്ത്യ അടങ്ങുന്ന ദക്ഷിണേഷ്യന്‍ പ്രദേശങ്ങളും ആഫ്രിക്ക വന്‍കരയും ഒക്കെ ഈ മരുഭൂവല്‍ക്കരണ ഭീഷണി നേരിടുന്നുണ്ട്.
അതിനെ പ്രതിരോധിക്കാന്‍ പുതിയ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തി വികസിപ്പിക്കണം എന്നത് പരമപ്രധാനമാണ്. എണ്ണയും കല്‍ക്കരിയും അടിസ്ഥാനമാക്കിയുള്ള ഊര്‍ജ ഉപഭോഗം പരിസ്ഥിതിയെ വലിയതോതില്‍ ബാധിക്കുന്നതാണ് എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. അതിനാല്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണം. അതില്‍ പ്രധാനം സൗരോര്‍ജം തന്നെയാണെന്ന് പൊതുവില്‍ ഗവേഷകര്‍ക്കിടയില്‍ യോജിപ്പുണ്ട്.
സൗരോര്‍ജത്തിലേക്കുള്ള മാറ്റം കൂടുതല്‍ ശക്തമാക്കുന്നതിന് ഇന്ത്യ 1,400 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 15 രാജ്യങ്ങളിലെ 27 സൗരോര്‍ജ പദ്ധതികളിലായാണ് ഈ തുക വിനിയോഗിക്കുക. ലോകത്ത് ഈ രംഗത്ത് നടത്തപ്പെടുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ഇന്ത്യയുടേത്. ചൈനയും ഫ്രാന്‍സും സമാനമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കപോലുള്ള വന്‍ശക്തിരാജ്യങ്ങള്‍ പിന്തിരിഞ്ഞാലും ആഗോള താപനത്തിനെതിരായ അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തമായി തുടരും എന്ന സന്ദേശം തന്നെയാണ് ഡല്‍ഹി സമ്മേളനത്തില്‍ നിന്നു ലഭിക്കുന്നത്.
Next Story

RELATED STORIES

Share it