സൗമ്യ വധക്കേസ്: ഡോ. ഉന്‍മേഷിന് ക്ലീന്‍ചിറ്റ്

തൃശൂര്‍: സൗമ്യ വധക്കേസില്‍ പ്രതിഭാഗം ചേര്‍ന്നെന്നാരോപിക്കപ്പെട്ട ഫോറന്‍സിക് സര്‍ജന്‍ ഡോ. ഉന്‍മേഷിനെ കുറ്റവിമുക്തനാക്കി വിദഗ്ധസമിതി റിപോര്‍ട്ട് സമര്‍പ്പിച്ചു. ആരോപണം നേരിട്ട് ഏഴ് വര്‍ഷത്തിന് ശേഷമാണ് വകുപ്പുതല അന്വേഷണം നടത്തിയ വിദഗ്ധസമിതി റിപോര്‍ട്ട് സമര്‍പ്പിച്ചത്. സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഡോ. ഉന്‍മേഷ് തന്നെയായിരുന്നെന്നും ഡോക്ടര്‍ തന്റെ ജോലി കൃത്യമായി ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സമിതി കണ്ടെത്തല്‍.
സൗമ്യ കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതിഭാഗത്തിന് അനുകൂലമായി ഉന്‍മേഷ് മൊഴി നല്‍കിയെന്നായിരുന്നു നേരത്തെയുള്ള ആരോപണം. ഇതേത്തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഉന്‍മേഷിനെതിരേ വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
നേരത്തെ സൗമ്യ വധക്കേസിലെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പ്രതിഭാഗത്തിന് അനുകൂലമാക്കുന്ന തരത്തില്‍ തിരുത്തിയെന്ന ആരോപണത്തില്‍ ഡോ. എ കെ ഉന്‍മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് കോടതിയും കണ്ടെത്തിയിരുന്നു.
എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നു യാത്രയ്ക്കിടെ പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് സൗമ്യ കൊല്ലപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി ആദ്യം വിസ്തരിച്ച ഫോറന്‍സിക് സര്‍ജന്‍ ഡോ. ഉന്‍മേഷ് പിന്നീട് പ്രതിക്ക് അനുകൂലമായി മൊഴിനല്‍കിയെന്നായിരുന്നു ആരോപണം.
വിചാരണയ്ക്കിടെ പോലിസ് കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കാണിച്ചപ്പോള്‍ ഇതു താന്‍ നല്‍കിയ റിപോര്‍ട്ടല്ലെന്ന് പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിയായിരുന്ന ഫോറന്‍സിക് സര്‍ജന്‍ ഡോ. ഉന്‍മേഷ് പറഞ്ഞത് വലിയ വിവാദമായിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഡോ. ഷേര്‍ളി വാസു പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ താനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന് ഡോ. ഉന്‍മേഷ് കോടതിയില്‍ അവകാശപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it