സൗമ്യയുടെ ആത്മഹത്യസംശയാസ്പദമെന്ന് ബന്ധുക്കള്‍; പിണറായി കൂട്ടക്കൊല ഹൈക്കോടതിയിലേക്ക്‌

തലശ്ശേരി: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ട സംഭവത്തിലും കേസിലെ ഏക പ്രതി വണ്ണത്താന്‍കണ്ടി സൗമ്യയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും ദുരൂഹതയുണ്ടെന്ന് സൗമ്യയുടെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. സൗമ്യയുടെ അമ്മ കമലയുടെ മരണത്തോടെ തന്നെ നാട്ടുകാര്‍ക്ക് സംശയമുയര്‍ന്നിരുന്നു. കുഞ്ഞിക്കണ്ണന് സുഖമില്ലാതെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ സംശയത്തെ തുടര്‍ന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനെ അറിയിച്ച് സൗമ്യയെ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കമല മരിച്ചപ്പോള്‍ ചികില്‍സിച്ച തലശ്ശേരിയിലെ മിഷന്‍ ഹോസ്പിറ്റലില്‍ നിന്ന് അവര്‍ക്ക് എച്ച്1 എന്‍1 ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നും ഉടന്‍ കുത്തിവയ്‌പെടുക്കണമെന്നും ചിലര്‍ വ്യാജപ്രചാരണം നടത്തിയിരുന്നു. ഒരു സ്ത്രീയാണ് പ്രചാരണം നടത്തിയത്. എന്നാല്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. കിണറിലെ വെള്ളം പരിശോധിച്ചപ്പോള്‍ അമോണിയ കലര്‍ന്നതായ റിപോര്‍ട്ട് സൗമ്യ നാട്ടുകാരെ കാണിച്ചിരുന്നു. എന്നാല്‍ പരിശോധനയ്ക്ക് കൊണ്ടുപോയ വെള്ളം എവിടെനിന്നെടുത്തതാണെന്നോ ആരാണ് കൊണ്ടുപോയതെന്നോ അറിയില്ല. അന്നത്തെ തലശ്ശേരി സിഐ കെ ഇ പ്രേമചന്ദ്രനാണ് കേസന്വേഷിച്ചത്. സൗമ്യയുടേതെന്നു പറയുന്ന ആറ് മൊബൈലും ഒരു ടാബും പരിശോധിച്ചിട്ടും കേസുമായി ബന്ധമുള്ള യാതൊന്നും കിട്ടിയില്ലെന്നാണ് പോലിസ് പറഞ്ഞത്. പിന്നീടാണ് സൗമ്യ കുറ്റം ഏറ്റെടുത്തുവെന്ന് പറഞ്ഞത്. ഇത് അവിശ്വസനീയമാണ്. സൗമ്യ ജയിലിനുള്ളില്‍ തൂങ്ങിമരിച്ചെന്നതും സംശയം ജനിപ്പിക്കുന്നതാണ്. ആ ദിവസം ഉന്നത ഉദ്യോഗസ്ഥരെല്ലാം അവധിയായതും സംശയാസ്പദമാണ്. ജയിലില്‍ സന്തോഷവതിയായാണ് സൗമ്യ കഴിഞ്ഞതെന്നാണ് അറിഞ്ഞത്. സൗമ്യ എഴുതിയതെന്നു പറയുന്ന ഡയറിക്കുറിപ്പ് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം. ഞാന്‍ നിരപരാധിയാണെന്നും എല്ലാം കോടതിയില്‍ പറയുമെന്നും സംഭവങ്ങള്‍ക്കെല്ലാം കാരണം അവനാണെന്നും സൗമ്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ആ അവന്‍ ആരാണെന്ന് കണ്ടെത്തണം. അതിനാല്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബന്ധുക്കളും നാട്ടുകാരുമായ ഇ ദേവദാസ്, പി ബിനേഷ്, എം ആണ്ടി സംബന്ധിച്ചു.

Next Story

RELATED STORIES

Share it