Second edit

സൗന്ദര്യത്തിന്റെ ശാസ്ത്രം

ഒരു പൂവ് കാണുമ്പോള്‍, പാട്ടുകേള്‍ക്കുമ്പോള്‍, കവിത വായിക്കുമ്പോള്‍, ചിത്രമോ സിനിമയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഓരോ മനുഷ്യനിലുമുണ്ടാവുന്ന സൗന്ദര്യാനുഭൂതിയെ ശാസ്ത്രത്തിനു വ്യാഖ്യാനിക്കാന്‍ കഴിയുമോ? അനേകനൂറ്റാണ്ടുകളായി കലാമീമാംസകര്‍ ഇതേക്കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം അമൂര്‍ത്തവും ദാര്‍ശനികവുമാണ്. എന്നാല്‍, സൗന്ദര്യാനുഭൂതിയെ വിശദീകരിക്കാന്‍ ന്യൂറോളജിക്ക് കഴിയുമെന്നാണ് ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഫ. സാമിര്‍ സെക്കി അഭിപ്രായപ്പെടുന്നത്.
കലാസ്വാദനം നടക്കുന്ന വേളയില്‍ മസ്തിഷ്‌കത്തിലെ കോര്‍ട്ടെക്‌സിലാണ് പ്രതിചലനങ്ങളുണ്ടാവുന്നതെന്ന് 2014ല്‍ താന്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. പ്രണയവും ഇതേ ഭാഗത്താണ് പ്രതികരണമുണ്ടാക്കുന്നത്. എന്നാല്‍, ഗണിതശാസ്ത്രപരമായ കണ്ടെത്തലുകളുടെ അനുഭൂതിയും ഇതേസ്ഥലത്താണ് പ്രതിസ്പന്ദിക്കുന്നത്. സൗന്ദര്യത്തിന്റെ ഏറ്റവും ഉന്നതമായ രൂപമാണ് ഗണിതശാസ്ത്രമെന്ന് പണ്ട് പ്ലേറ്റോ പറഞ്ഞത് അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രപഞ്ചഘടനയെ സംബന്ധിച്ച അന്വേഷണമാണ് ഗണിതശാസ്ത്രം. ന്യൂറോളജിയുടെ അടിസ്ഥാനത്തില്‍ സൗന്ദര്യാനുഭൂതിയെ വിവരിക്കുന്ന ശാസ്ത്രത്തെ ന്യൂറോ എയ്‌സ്‌തെറ്റിക്‌സ് എന്ന് സെക്കി വിളിക്കുന്നു. സൗന്ദര്യത്തെ ലൈംഗികമായി മാത്രം വീക്ഷിക്കുന്ന ഡാര്‍വിയന്‍ തിയറിയെ സെക്കി നിരാകരിക്കുന്നു. സൗന്ദര്യം എന്ത് എന്നതല്ല, അതിന്റെ പ്രയോജനമെന്ത് എന്നതാണ് സിരാസൗന്ദര്യശാസ്ത്രത്തിന്റെ അന്വേഷണവിഷയം. പ്രപഞ്ചസത്യത്തിന്റെ അടയാളമാണ് സൗന്ദര്യം. അതിനെക്കുറിച്ചുള്ള ഏത് അന്വേഷണവും ശാസ്ത്രത്തെ കൂടുതല്‍ മാനവികമാക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
Next Story

RELATED STORIES

Share it